ADVERTISEMENT

മുംബൈ∙ അയർലൻഡിനെതിരായ 2–ാം ട്വന്റി20യിലെ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം മതിപ്പുളവാക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണറായി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു 42 പന്തിൽ 77 റൺസാണ് അടിച്ചെടുത്തത്. സെഞ്ചറി നേടിയ ദീപക് ഹൂഡയുടെയും സഞ്ജുവിന്റെയും ബാറ്റിങ് മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ‌ 225 റൺസാണ് ഇന്ത്യ നേടിയത്.

ആദ്യ ട്വന്റി20യിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഋതുരാജ് ഗെയ്‌ക്വാദിനു പകരക്കാരനായാണു സഞ്ജു പ്ലേയിങ് ഇലവനിലെത്തിയത്. 2–ാം ട്വന്റി20യുടെ വിശകലനത്തിനിടെ, സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെ രോഹിത് ശർമയോടാണു ചോപ്ര താരതമ്യം ചെയ്തത്. 

‘സഞ്ജു വളരെ നന്നായി ബാറ്റു ചെയ്തു. 42 പന്തിൽ 77 റൺസാണ് നേടിയത്. സഞ്ജുവിന്റെ തുടക്കം മികച്ചായിരുന്നു. മധ്യ ഓവറുകളിൽ സ്കോറിങ് വേഗം അൽപം കുറഞ്ഞു, പിന്നീടു തകർത്തടിച്ചു. നല്ല ടച്ചിലാണെങ്കിൽ വളരെ മികച്ച ബാറ്റിങ്ങാണു സഞ്ജു കാഴ്ചവയ്ക്കുന്നത്. സഞ്ജു മോശമായി ബാറ്റുചെയ്യുന്നതു ഞാൻ കണ്ടിട്ടേയില്ല. രോഹിത് ശർമയുടെ വിഭാഗത്തിൽ പെടുത്താവുന്ന താരമാണു സഞ്ജു.

ബാറ്റിങ്ങിന് ഇറങ്ങുന്ന അവസരങ്ങളിലെല്ലാം അതിമനോഹരമായി ബാറ്റു ചെയ്യുക, അനായാസം റൺസ് നേടുക, മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഇതാണ് ഇവരുടെ പ്രത്യേകത’– യുട്യൂബ് ചാനൽ വിഡിയോയിൽ ചോപ്ര അഭിപ്രായപ്പെട്ടു.  ഓപ്പണർ ഇഷാൻ കിഷൻ (3) പെട്ടെന്നു പുറത്തായതിനു ശേഷം 2–ാം വിക്കറ്റിൽ ദീപക് ഹൂഡയ്ക്കൊപ്പം 176 റൺസാണു സഞ്ജു കൂട്ടിച്ചേർത്തത്. 

കന്നി രാജ്യാന്തര സെഞ്ചറിയാണ് ഹൂഡ അയർലൻഡിനെതിരെ കുറിച്ചത്. 57 പന്തിൽ 104 റൺസെടുത്തതിനു ശേഷമായിരുന്നു ഹൂഡയുടെ പുറത്താകൽ. ട്വന്റി20 ക്രിക്കറ്റിൽ, 2–ാം വിക്കറ്റിലെ ഏറ്റവും ഉയർ‌ന്ന കൂട്ടുകെട്ടിന്റെ റെക്കോർഡും മത്സരത്തിനിടെ ഹൂഡ– സഞ്ജു സഖ്യം സ്വന്തമാക്കിയിരുന്നു. 

 

English Summary: "A Player Who Belongs To Rohit Sharma's Category": Former India Batter On Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com