സോഷ്യൽ മീഡിയയിൽ സഞ്ജു സാംസൺ ട്രെൻഡിങ്...!

sanju
അജയ് ജഡേജ, സഞ്ജു സാംസൺ
SHARE

അജയ് ‍ജഡ‍േജയുമായി മലയാളത്തിൽ സഞ്ജുവിന്റെ സംഭാഷണം; സോഷ്യൽ മീഡിയയിൽ കയ്യടിച്ച് ആരാധകർ

ഹായ് സഞ്ജു, ദിസ് ഈസ് അജയ് ജഡേജ ഫ്രം കേരള...’’ എന്നു കേട്ടതും സഞ്ജു സാംസൺ നൊടിയിട വണ്ടറടിച്ചതു പോലെ ചിരിച്ചു. പിന്നെ മനസ്സു നിറഞ്ഞ് മലയാളത്തിൽ ചോദിച്ചു: ‘‘ അജയ് ഭായ്, നമസ്കാരം... സുഖമാണല്ലോ അല്ലേ!...’’

അവസാന പന്തു വരെ ആവേശം നിറഞ്ഞ ഇന്ത്യ– അയർലൻഡ് ട്വന്റി20 മത്സരത്തിനു പിന്നാലെ, മത്സരം സംപ്രേഷണം ചെയ്ത ടിവി ചാനലിനു ഡബ്ലിനിലെ മലഹൈഡ് മൈതാനത്തുനിന്ന് സഞ്ജു നൽകിയ അഭിമുഖമായിരുന്നു വേദി. 

അണ്ടർ 19 കാലം മുതൽ കൂട്ടുകാരനായ ദീപക് ഹൂഡയ്ക്കൊപ്പം അത്യുജ്വല കൂട്ടുകെട്ട് സൃഷ്ടിച്ച് അതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ‘ട്രെൻഡിങ്’ ആയിരുന്നു സഞ്ജു. രാജസ്ഥാൻ റോയൽസ് കളിക്കാരനായും നായകനെന്ന നിലയിലും സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരൊക്കെ താരത്തിന്റെ കന്നി രാജ്യാന്തര ട്വന്റി20 അർധ സെഞ്ചറിയുടെ ആഘോഷം വൈറലാക്കിക്കഴിഞ്ഞു. അതിനു പിന്നാലെയായിരുന്നു മലയാളി ആരാധകരെ വിസ്മയിപ്പിച്ചും സന്തോഷിപ്പിച്ചും ജ‍ഡേജയും സഞ്ജുവും തമ്മിലുള്ള ‘മലയാള’ അഭിമുഖം. അധികം നേരം നീണ്ടില്ലെങ്കിലും പാതിമലയാളിയെന്ന പേരിൽ ഒരു കാലത്ത് കേരളം നെഞ്ചിലേറ്റിയ ജഡേജയും ഇപ്പോൾ കേരള ക്രിക്കറ്റിനെ യശസ്സിലേക്കുയർത്തുന്ന സഞ്ജുവും തമ്മിലുള്ള മലയാളം സംഭാഷണത്തിന്റെ വിഡിയോ മലയാളി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. (ജഡേജയുടെ അമ്മ ആലപ്പുഴ സ്വദേശിനിയാണ്.) 

നേരത്തേ,  ടോസിന്റെ സമയത്ത് ഋതുരാജ് ഗെയ്ക്‌വാദിനു പകരം സഞ്ജു കളിക്കുമെന്നു ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞപ്പോൾ ഗാലറി ഒന്നടങ്കം ആർത്തുവിളിച്ചിരുന്നു.      

English Summary: Conversation between Ajay Jadeja and Sanju Samson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS