ADVERTISEMENT

റാവൽപിണ്ടി∙ വിൻഡീസിനെതിരായ പരമ്പര നേട്ടത്തിനു ശേഷം, ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിനുള്ള തയാറെടുപ്പിലാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ. ഓസ്ട്രേലിയ– ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ 2 ടെസ്റ്റുകളാണു പാക്കിസ്ഥാൻ ശ്രീലങ്കയിൽ കളിക്കുക. മത്സരങ്ങള്‍ക്ക് അടുത്ത മാസം 16നാണു തുടക്കമാകുക.

അതേ സമയം ലങ്കൻ പര്യടനത്തിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ പാക്കിസ്ഥാൻ ബോളർ ഹസൻ അലിയുടെ ‘പ്രകടനം’ ക്രിക്കറ്റ് ആരാധകരിലും സഹ താരങ്ങളിലും പൊട്ടിച്ചിരി ഉണർത്തി. എൽബിഡബ്ല്യു അപ്പീൽ നിരസിച്ചതിനു പിന്നാലെ ഫീൽഡ് അംപയറുടെ അടുത്തേക്കെത്തിയ ഹസൻ അലി ബലമായി അംപയുടെ ചൂണ്ടുവിരൽ പിടിച്ച് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. സൽമാൻ അലിക്കെതിരായ ഫുൾ ലെങ്ത് ബോൾ താരത്തിന്റെ പാഡിൽ തട്ടിയതിനു പിന്നാലെയായിരുന്നു ഹസൻ അലിയുടെ അപ്പീൽ. എന്നാൽ സൽമാൻ അലി ഔട്ടല്ലെന്നായിരുന്നു ഫീൽഡ് അംപയറുടെ തീരുമാനം. 

പിന്നാലെ അംപയറുടെ അടുത്തേക്ക് ഓടിയെത്തിയ ഹസൻ അലി അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ തമാശരൂപേണ ബലമായി പിടിച്ച് ഉയർ‌ത്താന്‍ ശ്രമിച്ചു. ഇരുവരും പൊട്ടിച്ചിരിച്ചതു കണ്ട് സഹതാരങ്ങൾക്കും പുഞ്ചിരി. 

ശ്രീലങ്കൻ പര്യടനത്തിനുള്ള 18 അംഗ ടീമിനെ അടുത്തിടെ പാക്കിസ്ഥാൻ‌ പ്രഖ്യാപിച്ചിരുന്നു. സാഹിദ് മെഹ്മൂദ്, സാജിദ് ഖാൻ എന്നിവർക്കു പകരം സർഫ്രാസ് അഹമ്മദ് നസീം ഖാൻ എന്നിവർ മടങ്ങിയെത്തിയതാണു ടീമിലെ പ്രകടമായ മാറ്റം.

2015ലെ പരമ്പരയിൽ 24 വിക്കറ്റോടെ ശ്രീലങ്കയെ കീഴടക്കുന്നതിൽ‌ നിർണായക പങ്കു വഹിച്ച സ്പിന്നർ യാസിർ ഷായുടെ തിരിച്ചുവരവിനും പരമ്പര സാക്ഷിയാകും. 

 

 

English Summary: Hasan Ali forcefully tries to raise umpire's finger after official turns down LBW appeal during intra-squad tie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com