ക്രുനാലിന്റെ വക അധിക്ഷേപം, അപമാനം; സെഞ്ചറിക്ക് ഹാർദിക് സാക്ഷി: ഹൂഡയുടെ ‘ടൈം’!

HIGHLIGHTS
  • ദീപക് ഹൂഡയുടെ തിരിച്ചുവരവ് സിനിമാക്കഥ പോലെ...
Hooda
ദീപക് ഹൂഡ
SHARE

ഡബ്ലിനിലെ മലഹൈഡ് മൈതാനത്ത് ഇന്ത്യൻ ഇന്നിങ്സിന്റെ 18 – ാം ഓവറിലെ ആദ്യപന്ത്‌  പോയിന്റിലേക്കു തിരിച്ചുവിട്ടു ശതകത്തിലേയ്ക്ക് ഓടിക്കയറുമ്പോൾ ദീപക് ഹൂഡയുടെ മനസ്സിലേക്ക് ഒരുപിടി ഓർമകൾ ഇരമ്പിയെത്തിയിട്ടുണ്ടാകും. അതെല്ലാം ഒരുമിച്ചു ചേർത്താൽ ഒന്നാന്തരമൊരു ബയോപിക്കിനു കഥയാകും. മോട്ടിവേഷൻ പുസ്തകങ്ങളിലെ മോഹിപ്പിക്കുന്നൊരു അധ്യായത്തിനു വരികളാകും. ‘അവഹേളനമാണ് ലോകത്തെ ഏറ്റവും വലിയ നിക്ഷേപ’മെന്ന് അടിവരയിടുന്നൊരു സംഭവകഥയിലെ നായകനാണു ദീപക് ജഗ്ബീർ ഹൂഡയെന്ന ഇരുപത്തിയേഴുകാരൻ. രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിനായി വർഷങ്ങളോളം കാത്തുകാത്തിരുന്ന്, ഒടുവിൽ കിട്ടിയ അഞ്ചാം മത്സരത്തിൽ മൂന്നക്കം കുറിച്ചതു പോലൊരു ‘സർവൈവൽ ത്രില്ലർ’ ആണ് സമീപനാളുകളിൽ യുവതാരം അതിജീവിച്ച പരീക്ഷണങ്ങൾ. 

ഒരു വർഷം മുൻപു സ്വന്തം കരിയർ പോലും നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിന്നാണ് ഐറിഷ് പരമ്പരയുടെ താരമായുള്ള ഹൂഡയുടെ ആരോഹണം. ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹൂഡ പോയവർഷമാദ്യം വാർത്തകളിൽ നിറഞ്ഞതു ക്രീസിനു പുറത്തെ സംഭവങ്ങളുടെ പേരിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റ് തുടങ്ങുന്നതിനു ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ‘അധിക്ഷേപവും അപമാനവും’ സഹിക്കാനാകാതെ ഹൂഡ ബറോ‍‍ഡ ടീമിന്റെ ക്യാംപ് വിട്ടത് ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ ഞെട്ടിച്ച ഒന്നാണ്.

അയർ ലൻഡിൽ ടീം ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയുടെ സഹോദരൻ കൂടിയായ ക്രുനാൽ പാണ്ഡ്യയായിരുന്നു ഹൂഡ അഴിച്ചുവിട്ട ആരോപണങ്ങളുടെ വിരൽത്തുമ്പത്ത്. പക്ഷേ, ദേശീയ ടീമിന്റെ ഭാഗമായിക്കഴിഞ്ഞ, ബറോ‍‍ഡയുടെ ക്യാപ്റ്റൻ കൂടിയായ ക്രുനാലിനൊപ്പമാണു ടീം മാനേജ്മെന്റ് നിന്നത്. ക്രുനാൽ തന്നെ നിരന്തരം പരസ്യമായി അധിക്ഷേപിച്ചതിനാലാണു ക്യാംപിൽ നിന്നു പോയതെന്ന ഹൂഡയുടെ വിശദീകരണം അവർ ചെവിക്കൊണ്ടില്ല. കോവിഡിന്റെ നിഴലിൽ നടന്ന ടൂർണമെന്റിലെ ബയോബബ്‌ൾ ഭേദിച്ചതിന്റെ പേരിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഹൂഡയെ സീസണിൽനിന്നുതന്നെ വിലക്കിക്കളഞ്ഞു ബറോഡ ക്രിക്കറ്റ്‌ അസോസിയേഷൻ.

ഒത്തുതീർപ്പിലൂടെ പ്രശ്നം തീർക്കണമെന്ന ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവരുടെ വാക്കുകൾ പോലും ഹൂഡയെ തുണച്ചില്ല.  കരിയർ തന്നെ ഭീഷണിയിലാക്കിയ ആ തീരുമാനം അവഹേളനങ്ങളിൽ മനം നൊന്തു വിഷാദത്തിന്റെ വക്കിലെത്തിയ ഹൂഡയിൽ സൃഷ്ടിച്ചത് എന്തിനെയും നേരിടാനുള്ള ഉണർവാണ്. താരതമ്യേന ദുർബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാനിലേക്കു കൂടുമാറാനായിരുന്നു ഹരിയാനയിലെ റോത്തക്കിൽ ജനിച്ച്, ആഭ്യന്തര ടീമായി ബറോ‍ഡ തിരഞ്ഞെടുത്ത ഓൾറൗണ്ടറുടെ തീരുമാനം.

ഏഴു വർഷം മുൻപു രാജസ്ഥാൻ റോയൽസിലൂടെ അറിയപ്പെട്ടു തുടങ്ങിയ ഹൂഡ വർധിത വീര്യത്തോടെയാണു രാജസ്ഥാന്റെ സംസ്ഥാന ടീമിനായി ബാറ്റ് വീശിയത്. മുഷ്ത്താഖ് അലി ടൂർണമെന്റിൽ രാജസ്ഥാനു വേണ്ടി 6 മത്സരങ്ങളിൽ നിന്നു  294 റൺസ് ( 73.5 റൺസ് ശരാശരി, സ്ട്രൈക്ക് റേറ്റ് 168!) വാരിക്കൂട്ടിയ ഹൂഡ കഴിഞ്ഞ ഐപിഎലിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടി കാഴ്ചവച്ചതോടെ തിരിച്ചുവരവിന്റെ പാത തെളിഞ്ഞു. ഐപിഎലിൽ കൃണാൽ പാണ്ഡ്യ കൂടി കളിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിന്റെ നെടുന്തൂണുകളിലൊന്നായി മാറിയ താരം 15 മത്സരങ്ങളിൽ നിന്നു നേടിയത് 452 റൺസ്.

ശരാശരി 32.21, സ്ട്രൈക്ക് റേറ്റ് 136.67. ഇർഫാൻ പഠാന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ ' ഒരേ സമയം അതിജീവനത്തിനായുള്ള പോരാട്ടവും മികച്ച പ്രകടനവും' പുറത്തെടുത്ത ഹൂഡയുടെ പോരാട്ടവീര്യമാണ് ടീം ഇന്ത്യയുടെ വഴി വീണ്ടും തുറന്നത്. നേരത്തെ 2017ലും 2018ലും ദേശീയ ടീമിന്റെ ഭാഗമായിട്ടും ട്വന്റി20 അരങ്ങേറ്റം ലഭിക്കാതെ പോയ താരത്തിനു അയർലൻഡിൽ എല്ലാം ഒത്തുവന്നു. ആദ്യ മത്സരത്തിൽ കരിയറിൽ ആദ്യമായി ഓപ്പണർ ആകാനുള്ള നിയോഗം. അത് 29 പന്തിൽ 47 റൺസിന്റെ മാച്ച് വിന്നിങ് ഇന്നിങ്സ്. രണ്ടാം മത്സരത്തിൽ രാജ്യാന്തര ശതകം കുറിക്കുന്ന നാലാമത്തെമാത്രം ഇന്ത്യൻ താരമായുള്ള ആളിക്കത്തൽ (57 പന്തിൽ 104).

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്രീസിലാണ് വീറും വാശിയും നിറഞ്ഞ പ്രകടനങ്ങളിലൂടെ ഹൂഡ ഇപ്പോൾ സ്റ്റാൻസ് എടുത്തിരിക്കുന്നത്. ഇതുവരെ ഫിനിഷർ റോളിലേക്കായിരുന്നു  പരിഗണനയെങ്കിൽ 'ഐറിഷ് ഷോ'യോടെ ഏതു പൊസിഷനിലും പ്രയോഗിക്കാവുന്ന മാരകായുധം എന്ന നിലയ്ക്കായി 'ഹൂഡ ഓൺ ഫയർ' എന്ന ട്വിറ്റർ ഹാൻഡ്ൽ ഉള്ള ഹൂഡയുടെ കരിയർ 'ഐഡി'.

" ആദ്യ പരമ്പര വിജയം സവിശേഷമായതാണ്. ഹൂഡയുടെ കാര്യത്തിലും സന്തോഷമുണ്ട്. താരം ബാറ്റ് ചെയ്ത രീതി സന്തോഷം പകരുന്നു"

- ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റൻ

English Summary: Deepak Hooda shows his range in India top-order audition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS