ബർമിങ്ങാം ∙ ക്രിക്കറ്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ പരമ്പരയെന്ന റെക്കോർഡോടെ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്നു തുടക്കം. കഴിഞ്ഞവർഷം ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ക്യാംപിലെ കോവിഡ് വ്യാപനത്തെത്തുടർന്ന് അന്ന് റദ്ദാക്കിയിരുന്നു. ആ മത്സരമാണ് 298 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും നടക്കുന്നത്.
ഇതിനിടയിൽ ഇരു ടീമുകളുടെയും പരിശീലകരും ക്യാപ്റ്റൻമാരും മാറി. ഒരു വർഷം മുൻപ് നടന്ന 4 മത്സരങ്ങളിൽ കളിച്ച പലരും ഇപ്പോൾ ഇരുടീമുകളിലുമില്ല. പരമ്പരയിൽ 2–1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ, ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയമെന്ന മികച്ച നേട്ടത്തിന് അരികിലാണ്. ഉച്ചകഴിഞ്ഞ് 3 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തത്സമയം.
∙ ബുമ്ര തന്നെ
അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നതു പേസർ ജസ്പ്രീത് ബുമ്രയാണെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ഇന്നലത്തെ കോവിഡ് പരിശോധനയിലും രോഹിത് ശർമ നെഗറ്റീവായില്ല. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന 36–ാമത്തെ താരമാണ് ബുമ്ര. 35 വർഷത്തിനുശേഷമാണ് ഒരു പേസർ ഇന്ത്യൻ ക്യാപ്റ്റനാകുന്നത്. 1987വരെ ക്യാപ്റ്റനായിരുന്ന കപിൽ ദേവാണ് അവസാനമായി ഇന്ത്യയെ നയിച്ച പേസർ.

∙ അടിമുടി മാറ്റം
കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇന്ത്യയ്ക്കെതിരെ നാലാം ടെസ്റ്റ് കളിച്ച ടീമിലെ 4 പേർ മാത്രമാണ് അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഇറങ്ങുക. ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ജിമ്മി ആൻഡേഴ്സൻ എന്നിവർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം മറ്റു താരങ്ങളിൽ പലരും അന്നു ടീമിലുണ്ടായിരുന്നില്ല. ഇന്ത്യൻ ടീമിൽ കളിച്ച കെ.എൽ.രാഹുലും അജിൻക്യ രഹാനെയും ഇത്തവണയില്ല.
∙34%
ഈ ടെസ്റ്റ് പരമ്പരയിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽനിന്ന് ഇന്ത്യ നേടിയ റൺസിന്റെ 34 ശതമാനവും രോഹിത് ശർമയുടെയും കെ.എൽ.രാഹുലിന്റെയും പേരിലാണ്. ഇവർ രണ്ടും അഞ്ചാം ടെസ്റ്റിനില്ല.
∙ പിച്ച് റിപ്പോർട്ട്
ബർമിങ്ങാമിലെ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിൽ ഇന്ത്യ ഇതുവരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. കളിച്ച 7 മത്സരങ്ങളിൽ ആറും തോറ്റു. അതിൽ 3 മത്സരങ്ങളിൽ ഇന്നിങ്സ് തോൽവി. ഒരു ടെസ്റ്റ് സമനിലയായി. ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളിൽ സ്പിന്നർമാർക്കു കൂടുതൽ പിന്തുണ നൽകുന്ന പിച്ചുകളിലൊന്നാണിത്.
Content Highlights: India vs England, Cricket test series