ADVERTISEMENT

ബർമിങ്ങാം ∙ മഴ, തണുപ്പ്, പച്ചപ്പുല്ല്; ആഹാ എന്നു പറഞ്ഞ് വേട്ടയ്ക്കിറങ്ങിയ ഇംഗ്ലിഷ് പേസർമാരുടെ പന്തുകൾക്കു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വിറച്ചു നിന്നു; ഋഷഭ് പന്ത് വരുന്നതു വരെ! എറിഞ്ഞു പേടിപ്പിച്ചാൽ അടിച്ചു പായിക്കും എന്ന മനസ്സോടെ പന്തും (111 പന്തിൽ 146) കൂട്ടായി രവീന്ദ്ര ജഡേജയും (163 പന്തിൽ 83 ബാറ്റിങ്) പ്രത്യാക്രമണം നയിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് സന്തോഷവും സമാധാനവും.

5 വിക്കറ്റിന് 98 എന്ന നിലയിൽ തകർന്ന ഇന്ത്യ പന്തിന്റെയും ജഡേജയുടെയും ഉജ്വല ഇന്നിങ്സുകളുടെ മികവിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിലാണ്. 6–ാം വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 222 റൺസ്. ഇംഗ്ലണ്ടിനെതിരെ 6–ാം വിക്കറ്റിൽ ഇന്ത്യയുടെ റെക്കോർഡാണിത്. വെറും 89 പന്തിൽ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചറി കുറിച്ച പന്ത് 19 ഫോറും 4 സിക്സുമടിച്ചു. ജഡേജ 10 ഫോർ. അവസാന സെഷനിൽ പന്ത് പുറത്തായെങ്കിലും ജഡേജ ക്രീസിലുണ്ട്. മുഹമ്മദ് ഷമിയാണ് (0) കൂട്ടിനുള്ളത്. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആൻഡേഴ്സൻ 3 വിക്കറ്റും മാത്യു പോട്സ് 2 വിക്കറ്റും വീഴ്ത്തി.  ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. മഴ മൂലം 73 ഓവറാണ് ഇന്നലെ കളിക്കാനായത്. 

Shubman Gill
ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ ഔട്ടാകുന്നു. ചിത്രം: ട്വിറ്റർ

വെൽക്കം ടു ഇംഗ്ലണ്ട്

ഐപിഎൽ കളിച്ചതിന്റെ ആവേശത്തുടിപ്പിൽ എജ്ബാസ്റ്റനിൽ ഇറങ്ങിയ ഇന്ത്യയെ ടെസ്റ്റിലേക്കു ‘സ്വാഗതം’ ചെയ്തത് നല്ല പരിചയമുള്ള ഒരു ഇംഗ്ലിഷുകാരൻ– ജയിംസ് ആൻഡേഴ്സൻ! ഫ്ലിക്ക് ചെയ്തും ഡ്രൈവ് ചെയ്തും തന്നെ ബൗണ്ടറി കടത്തിയ ഇരുപത്തിരണ്ടുകാരൻ ശുഭ്മൻ ഗില്ലിനെ (17) ഓഫ് സൈഡിനു പുറത്തെറിഞ്ഞ മോഹപ്പന്തിൽ ആൻഡേഴ്സൻ വീഴ്ത്തി; സെക്കൻഡ് സ്ലിപ്പിൽ സാക് ക്രൗളിക്കു ക്യാച്ച്. രോഹിത് ശർമയ്ക്കു പകരം ഓപ്പണറായെത്തിയ ചേതേശ്വർ പൂജാരയായിരുന്നു (13) ആൻഡേഴ്സന്റെ അടുത്ത ഇര. ലഞ്ചിനു പിന്നാലെ ഹനുമ വിഹാരിയെയും (20) കോലിയെയും (11) മടക്കി മാത്യു പോട്സ് ഇന്ത്യയെ നിലയില്ലാക്കയത്തിലേക്കു തള്ളി. 24.2 ഓവറിൽ 4 വിക്കറ്റിന് 71! 

bumrah-stokes-ind-vs-eng-twitter
ചിത്രം: ട്വിറ്റർ

പന്താക്രമണം

ഈ പിച്ചിൽ എങ്ങനെ കളിക്കണം എന്ന സൂചന നൽകിയാണ് ശ്രേയസ് അയ്യർ (11 പന്തിൽ 15, 3 ഫോർ) തുടങ്ങിയത്.പക്ഷേ ഷോർട്ട് പന്തുകൾ നേരിടുന്നതിലെ പോരായ്മ  ശ്രേയസിനെ കുടുക്കി. അരയ്ക്കു മേലെ കുത്തിപ്പൊങ്ങിയ ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിന്റെ ഒറ്റക്കൈ ക്യാച്ച്. എന്നാൽ ജഡേജയെ കൂട്ടു കിട്ടിയതോടെ പന്ത് സർവാക്രമണം തുടങ്ങി. ആൻഡേഴ്സനെ റിവേഴ്സ് സ്ലോഗ് ചെയ്യാൻ വരെ പന്ത് ധൈര്യം കാണിച്ചതോടെ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സ്പിന്നർ ജാക്ക് ലീച്ചിനെ വിളിച്ചു. രണ്ടു ഫോറും ഒരു സിക്സും പറത്തി ഇംഗ്ലിഷ് സ്പിന്നറെ സ്വീകരിച്ച പന്ത് ടെസ്റ്റിൽ 2000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. സെഞ്ചറി കടന്നു കുതിച്ച പന്തിനെ ഒടുവിൽ 67–ാം ഓവറിൽ ജോ റൂട്ടാണ് വീഴ്ത്തിയത്. ആദ്യ പന്ത് സിക്സിനു പറത്തി അടുത്തതിലും ആക്രമിച്ചെങ്കിലും പിഴച്ചു. സ്ലിപ്പിൽ ക്രൗളിക്കു ക്യാച്ച്. 

∙ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 1990ൽ ഓവൽ ടെസ്റ്റിൽ നേടിയ 324 റൺസായിരുന്നു ഇതുവരെ മികച്ചത്. 4.63 ആണ് ഇന്നലെ ഇന്ത്യയുടെ റൺറേറ്റ്.

English Summary: England vs India, 5th Test- Day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com