ADVERTISEMENT

ന്യൂഡൽഹി∙ സഞ്ജു സാംസണിനോട് എന്താണ് ഇത്ര വൈരാഗ്യം?– ചോദ്യം ബിസിസിഐയോടാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ ട്വന്റി20യിൽ മാത്രം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യങ്ങളിൽ രോഷം കനക്കുകയാണ്. അയർലൻഡിനെതിരെ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്.

77 റൺസ് നേടിയ സഞ്ജു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ദീപക് ഹൂഡയ്‌ക്കൊപ്പം (104) ചേർന്ന് ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് (176) ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിൽ മാത്രമാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവർ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുശേഷം തിരിച്ചെത്തുന്നതോടെ രണ്ടും മൂന്നും ട്വന്റി20യിൽനിന്നും ഏകദിനത്തിൽനിന്നും സഞ്ജുവിനെ ഒഴിവാക്കി. ഇതിനെതിരെയാണ് ആരാധകർ പൊട്ടിത്തെറിച്ചത്.

‘സഞ്ജു സാംസണ് ഇത്രയധികം ആരാധകരുള്ളതിൽ അതിശയിക്കാനില്ല, ബിസിസിഐ അവരുടെ അനീതികൊണ്ട് രാജ്യത്തെ മുഴുവൻ അദ്ദേഹത്തിന്റെ ആരാധകരാക്കി.’– ട്വിറ്ററിൽ ഒരു ആരാധകന്റെ പ്രതികരണം ഇങ്ങനെ. 48 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് വീണ്ടും അവസരം ലഭിക്കുമ്പോൾ കളിച്ച ഒരേയൊരു ഏകദിനത്തിൽ 46 റൺസ് നേടിയ സഞ്ജുവിനെ ഏകദിനത്തിലേക്കു പരിഗണിക്കാത്തതിലും ആരാധകന് പരിഭവമുണ്ട്.

സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കണമെന്നും അല്ലെങ്കിൽ ഓസ്ട്രേലിയയ്ക്കു വേണ്ടിയോ ഇംഗ്ലണ്ടിനു വേണ്ടിയോ കളിക്കണമെന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം. ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാകില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് ഇതെന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. ഇങ്ങനെപോയാൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയശേഷം, ഏഴു വർഷത്തിനിടെ 14 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. പലപ്പോഴായി ടീമിനകത്തും പുറത്തുമാണ് സഞ്ജു. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. ശ്രീലങ്കയ്ക്കും വിൻഡീസിനുമെതിരായ ഹോം പരമ്പരയിൽ സഞ്ജു തിരിച്ചെത്തി. എന്നാൽ ഐപിഎലിനുശേഷം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽനിന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ ഒഴിവാക്കി. പിന്നീട് അയർലൻഡിനെതിരായ ട്വന്റ്20 പരമ്പരയിൽ തിരിച്ചുവിളിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 ടീമിൽ മാത്രം ഉൾപ്പെടുത്തി.

English Summary: ‘Sanju Samson should retire’: Twitter fumes at India's squad for England T20Is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com