ADVERTISEMENT

ബർമ്മിങ്ങാം∙ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാൻ ബാറ്റുതന്നെ ധാരാളം എന്നു ചിന്തിച്ചിരിക്കും ജസ്ത്പീത് ബുമ്ര. എജ്ബാസ്റ്റൻ ടെസ്റ്റിൽ ഗ്രൗണ്ടിന്റെ നാലുപാടും ബൗണ്ടറികൾ പായിച്ച് ഇംഗ്ലിഷ് താരങ്ങളെ ആദ്യദിനം വെള്ളം കുടിപ്പിച്ചത് ഋഷഭ് പന്ത് ആയിരുന്നെങ്കിൽ 2–ാം ദിവസം പേസർ സ്റ്റുവർട്ട് ബ്രോഡിനെയും ഇംഗ്ലണ്ട് ആരാധകരെയും 15 വർഷം മുൻപുള്ള ‘ഭൂതകാലം’ ജസ്പ്രീത് ബുമ്ര ഓർമിപ്പിച്ചു. ഇംഗ്ലണ്ട് ആരാധകർ ഏറ്റവും അധികം മറക്കാനാഗ്രഹിക്കുന്ന അതേ ‘ഭൂതകാലം’!

മത്സരത്തിൽ‌ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84–ാം ഓവർ നേരേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്കാണു പോയത്. വൈഡിൽ വഴങ്ങിയ 5 റണ്‍സ്, ഒരു നോബോൾ എന്നിവ അടക്കം ബ്രോഡ് ആ ഓവറിൽ വഴങ്ങിയത് 35 റൺസാണ്. ഇതിൽ 29 റൺസും ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ ബാറ്റിൽനിന്നായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ, ഒരോവറിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ താരം എന്ന മോശം റെക്കോർഡും ഇതോടെ ബ്രോഡിന്റെ പേരിലായി. 

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റായ ട്വന്റി20യിലും ഇതേ റെക്കോര്‍ഡ് നേരത്തെതന്നെ ബ്രോഡിന്റെ പേരിലായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 2007 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിൽ 6 സിക്സ് അടക്കം 36 റൺസാണ് അടിച്ചെടുത്തത്. പിന്നീട് ശ്രീലങ്കൻ സ്പിന്നര്‍ അഖില ധനഞ്ജയയ്ക്കെതിരെ മുൻ വിൻഡീസ് ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡും ഒരോവറിൽ 6 സിക്സ് അടക്കം 36 റൺസ് എടുത്തിട്ടുണ്ട്. 

ഏകദിന ക്രിക്കറ്റിൽ മാത്രം ഈ റെക്കോർഡ് തന്റെ പേരിൽ അല്ല എന്നതിൽ ബ്രോഡിന് ആശ്വസിക്കാം. നെതർലൻഡ്സിന്റെ വാൻ ബഞ്ചിന്റെ പേരിലാണ് ഏകദിനത്തിൽ ഈ മോശം റെക്കോർ‌ഡ്. 2006–07 സീസണിൽ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സ് ബഞ്ചിനെതിരെ ഒരോവറിൽ 6 സിക്സർ അടക്കം അടിച്ചെടുത്തതും 36 റൺസ്തന്നെ!

എജ്ബാസ്റ്റൻ ടെസ്റ്റിൽ ബ്രോഡിനെ ഫോറടിച്ചാണു ബുമ്ര വരവേറ്റത്. ഷോട്ട് ലെങ്ത് ബോള്‍ മിഡിൽ ചെയ്യാനായെങ്കിലും ബാറ്റിന്റെ അരികിൽ ഉരസിയ പന്ത് ബൗണ്ടറി കടന്നു. തൊട്ടടുത്ത പന്തിൽ ബൗൺസർ എറിയാനുള്ള ബ്രോഡിന്റെ ശ്രമം പാളി. വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിന്റെ കൈകൾക്കു മുകളിലൂടെ പന്ത് ബൗണ്ടറിലെൻ കടന്നു. ഇന്ത്യയ്ക്കു വൈഡ് അടക്കം 5 റൺസ്.

റീ ബോളിൽ ബ്രോഡ് എറിഞ്ഞത് നോ ബോൾ‌. ബുമ്രയുടെ ബാറ്റിന്റെ വശത്തുരസിയ പന്തിൽ ഇക്കുറി സിക്സർ. അടുത്ത ബോളിൽ‌ ബ്രോഡ് യോർക്കറിനു ശ്രമിച്ചെങ്കിലും പന്ത് ഫുൾടോസ്. പാകത്തിനു വന്ന പന്ത് ബുമ്ര ഫോറടിച്ചു. ഇതോടെ 2 പന്ത് പിന്നിട്ടപ്പോൾത്തന്നെ ഇന്ത്യയ്ക്ക് 20 റൺസായി. ഓവറിലെ 3–ാം പന്തു വീണ്ടും ബുമ്രയുടെ ബാറ്റിന്റെ വശത്തുരസി ബൗണ്ടറി കടന്നു. 4–ാം പന്തിലും ബൗണ്ടറി നേടിയ ബുമ്ര 5–ാം പന്തിൽ നേടിയത് സിക്സർ. അവസാന പന്തിൽ ബുമ്ര സിംഗിൾ നേടുക കൂടി ചെയ്തതോടെ ഒരൊറ്റ ഓവറിൽ 35 റൺസ് സ്കോർബോർഡിൽ.

എക്സ്ട്ര റൺസ് കിഴിച്ചു നോക്കിയാലും 29 റൺസാണ് ബ്രോഡിന്റെ ഓവറിൽ ബുമ്ര അടിച്ചെടുത്തത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ഒരോവറിൽ ഏറ്റവും അധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡും ബുമ്രയുടെ പേരിലായി. 2003ൽ ദക്ഷിണാഫ്രിക്കയുടെ റോബിൻ പീറ്റേഴ്സനെതിരെ 28 റൺസെടുത്ത വിൻഡീസ് താരം ബ്രയാൻ ലാറെയെയാണു ബുമ്ര പിന്തള്ളിയത്. ജോർജ് ബെയ്‌ലി (ഓസ്ട്രേലിയ), കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക) എന്നിവരും ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ 28 റൺസ് നേടിയിട്ടുണ്ട്.  

 

English Summary: Watch: Absolute carnage from Jasprit Bumrah as India captain slams Stuart Broad for most expensive over in Test history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com