ADVERTISEMENT

ബർമ്മിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 5–ാം മത്സരത്തിലെ ഉജ്വല സെഞ്ചറിക്കു പിന്നാലെ ഋഷഭ് പന്തിനു പ്രശംസയുമായി ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും. ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്ത പന്തിന്റെ ഇന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയ്ക്കു ജീവശ്വാസമായത്. 

കഴിഞ്ഞ വർഷം നാട്ടിൽ നടന്ന പരമ്പരയ്ക്കിടെ പന്തുമായി താൻ നടത്തിയ സംഭാഷണത്തിനു ശേഷമാണു പന്തിന്റെ ബാറ്റിങ് മറ്റൊരു തലത്തിലേക്ക് ഉയർന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ മുഖ്യ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി ഇപ്പോൾ. താൻ പരിശീലകനായിരിക്കെ, പന്തുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണു ശാസ്ത്രിയുടെ തുറന്നുപറച്ചിൽ. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിന്റെ ബാറ്റിങ് പരിണാമം ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ലെന്നും ശാസ്ത്രി പറഞ്ഞു.

‘കഴിഞ്ഞ വർഷം നാട്ടിൽ നടന്ന പരമ്പരയ്ക്കിടെ ഞാൻ പന്തുമായി സംസാരിച്ചിരുന്നു. നോക്കൂ, ഒരേ തരത്തലുള്ള ഷോട്ടുകളല്ലേ നിങ്ങൾ എല്ലായ്പ്പൊഴും കളിച്ചുകൊണ്ടിരിക്കുന്നത്? ഇതു കണ്ടു കണ്ടു ഞാൻ ബോറടിച്ചു. നിങ്ങളും ബോറടിച്ചിരിക്കില്ലേ? അതുകൊണ്ട് മറ്റെന്തെങ്കിലും തരത്തിലുള്ള ഷോട്ടുകൾക്കു കൂടി ശ്രമിച്ചുകൂടേ, അൽപം കൂടി കടുപ്പമുള്ള എന്തെങ്കിലും? ഉദാഹരണത്തിന് റിവേഴ്സ് സ്വീപ്..? ഇതു കേട്ടപ്പോൾ പന്തിന്റെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു താരത്തിന്റെ കഴിവിനു പിന്തുണ നൽകുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്’– സ്കൈ സ്പോർട്സിനായുള്ള കമന്ററിക്കിടെ ശാസ്ത്രി പറഞ്ഞു.

അതിനു ശേഷം നടന്ന അഹമ്മദാബാദ് ടെസ്റ്റിൽ 2–ാം ന്യൂബോളിൽ ജയിംസ് ആൻഡേഴ്സിനെ പന്ത് റിവേഴ്സ് സ്വീപ് ചെയ്തെന്നും പിന്നീടു ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ജോഫ്ര ആർച്ചറിനെതിരെ അതിലും വേഗത്തിൽ പന്ത് ഈ ഷോട്ട് കളിച്ചതായും ശാസ്ത്രി പറഞ്ഞു. ‘ആദ്യം ജാക്ക് ലീച്ചിനെ ഒന്നു രണ്ടു തവണ പന്ത് റിവേഴ്സ് സ്വീപ് ചെയ്തു. പിന്നീടു നടന്ന പരമ്പരയിൽ‌ അവരുടെ അതിവേഗക്കാരൻ പേസർ ജോഫ്ര ആർച്ചർക്കെതിരെയാണു പന്ത് ഇതു ചെയ്തതത്’– ശാസ്ത്രിയുടെ വാക്കുകൾ. 

ഇംഗ്ലണ്ടിനെതിരായ 5–ാം ടെസ്റ്റിലെ ബാറ്റിങ്ങിലും ഇതേ സമീപനംതന്നെയാണു പന്ത് സ്വീകരിച്ചത്. വെറും 89 പന്തിൽ ടെസ്റ്റിലെ 5–ാം സെഞ്ചറി കുറിച്ച പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗ സെഞ്ചറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 98 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായ ഇന്ത്യ 338–7 എന്ന സ്കോറിലാണ് ആദ്യ ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. 

6–ാം വിക്കറ്റിൽ 222 റൺസാണ് രവീന്ദ്ര ജഡേജയ്ക്കൊപ്പം പന്ത് ചേർത്തത്. 111 പന്തിൽ 146 റൺസെടുത്ത പന്ത് ഒടുവിൽ പാർട്‌ടൈം സ്പിന്നർ ജോ റൂട്ടിനെ സിക്സറടിക്കാനുള്ള ശ്രമത്തിനിടെയാണമു പുറത്തായത്. 

അതിനു മുൻപ് സ്പിന്നർ ജാക്കി ലീച്ചിന്റെ ഒരോവറിൽ 2 വീതം സിക്സും ഫോറുമടക്കം 22 റണ്‍സ് പന്ത് അടിച്ചെടുത്തിരുന്നു. ആദ്യ 50 റൺസ് നേടാൻ 51 ബോളുകൾ നേരിട്ട പന്തിന് അടുത്ത 50 റൺസ് എടുക്കാൻ 38 ബോളുകൾ മാത്രമാണു വേണ്ടിവന്നത്. 

രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും മത്സരത്തിനിടെ പന്ത് സ്വന്തമാക്കി. ജാക്ക് ലീച്ചിനെ സിക്സടിച്ചാണു പന്ത് (24 വയസ്സും 271 ദിവസവും) നേട്ടത്തിലെത്തിയത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെയാണു (25 വയസ്സ്) മറികടന്നത്.  

 

English Summary: 'Told Pant I am getting bored, try something outrageous... he reverse swept Anderson': Shastri's stunning revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com