സെഞ്ചറിയുമായി ബെയർസ്‌റ്റോ; തിരിച്ചടിച്ച് ഇന്ത്യ; 257 റൺസ് ലീഡ്: പൂജാരയ്ക്ക് 50

siraj
വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് ആഘോഷിക്കുന്നു. ചിത്രം: AFP
SHARE

ബർമിങ്ങാം ∙ ഋഷഭ് പന്തിനു പകരം വയ്ക്കാൻ ഇംഗ്ലണ്ടിന് ജോണി ബെയർസ്റ്റോ ഉണ്ടായി. പക്ഷേ പന്തിനു രവീന്ദ്ര ജഡേജ കൂട്ടു നിന്ന പോലെ ആരുമുണ്ടായില്ല. അവസാനം ജസ്പ്രീത് ബുമ്രയെപ്പോലെ അടിച്ചു തകർക്കാനും! ബെയർസ്റ്റോയുടെ (106) സെഞ്ചറിയിൽ ഫോളോഓണിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഇന്ത്യയ്ക്കെതിരെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 284നു പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബോളർ മുഹമ്മദ് സിറാജാണ് ഇന്നലെ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ 45 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (50 ബാറ്റിങ്), ഋഷഭ് പന്ത് (30 ബാറ്റിങ്) എന്നിവരാണ് ക്രീസിൽ. ശുഭ്മൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരാണ് പുറത്തായത്. ഇന്ത്യയുടെ ലീഡ് ഇപ്പോൾ 257 റൺസ്.

ഇംഗ്ലിഷ് സെഷൻ

shardul-celebrations
ബെൻ സ്റ്റോക്‌സിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിരാട് കോലി, ശാർദൂൽ ഠാക്കൂർ (ചിത്രം– ബിസിസിഐ, ട്വിറ്റർ).

അഞ്ചു വിക്കറ്റിന് 84 എന്ന നിലയിൽ വൻതകർച്ചയിൽ നിന്ന ഇംഗ്ലണ്ടിനെ മൂന്നാം ദിനം രക്ഷപ്പെടുത്തിയെടുത്തത് കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരയിലെ ഉജ്വല ഫോം തുടർന്ന ബെയർസ്റ്റോയാണ്. വിരാട് കോലിയുടെ സ്ലെഡ്ജിങ്ങിനു ശേഷം സ്കോറിങ്ങിന്റെ ഗിയർ മാറ്റിയ ബെയർസ്റ്റോ ഇന്ത്യൻ ബോളർമാരെ ‘പന്ത് ശൈലിയിൽ’ പ്രഹരിച്ചു. മിഡോഫിലൂടെയുള്ള ബെയർസ്റ്റോയുടെ ലോഫ്റ്റഡ് ഷോട്ടുകൾക്കും മിഡ്‌വിക്കറ്റിലൂടെയുള്ള ഫ്ലിക്കുകൾക്കും മുന്നിൽ ആദ്യ സെഷനിൽ ഇന്ത്യ കാഴ്ചക്കാരായി.

kohli-sledging
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റിന്റെ 3–ാം ദിനം വിരാട് കോലിയും ബെയർസ്റ്റോയും തമ്മിൽ നടന്ന വാദപ്രതിവാദം (ചിത്രങ്ങൾ– ട്വിറ്റർ).

ഷാർദൂൽ ഠാക്കൂറിനാണ് ഏറെ പ്രഹരം കിട്ടിയത്. അതിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നൽകിയ അവസരങ്ങൾ ഷാർദൂലും ബുമ്രയും കൈവിട്ടത് ഇന്ത്യയ്ക്ക് തീരാസങ്കടമാകുമെന്നു കരുതിയെങ്കിലും സ്റ്റോക്സിനെ (25) ഷാർദൂൽ തന്നെ ബുമ്രയുടെ കയ്യിലെത്തിച്ചതോടെ ഇരുവർക്കും പ്രായശ്ചിത്തം.ഡൈവിങ് ക്യാച്ചിലൂടെയാണ് ബുമ്ര എതിർ ടീം ക്യാപ്റ്റനെ മടക്കിയത്. ആറാം വിക്കറ്റിൽ 66 റൺസാണ് സ്റ്റോക്സ് ബെയർസ്റ്റോയ്ക്കൊപ്പം ചേർത്തത്.

ഇന്ത്യൻ സെഷൻ

bairstow
സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയുടെ ആഘോഷം. ചിത്രം: AFP

ന്യൂസീലൻഡിനെതിരെ പരമ്പരയിൽ 2 സെഞ്ചറിയുമായി ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ ബെയർസ്റ്റോ ഇന്നലെ 119 പന്തിലാണ് സെ‍ഞ്ചറിയിലേക്കെത്തിയത്.  

എന്നാൽ സെ​ഞ്ചറി തികച്ചതിനു ശേഷം ബെയർസ്റ്റോയുടെ താളം തെറ്റി. പിന്നീടുള്ള 20 പന്തുകളിൽ നേടാനായത് 6 റൺസ് മാത്രം. ഒടുവിൽ ബെയർസ്റ്റോയെ സ്ലിപ്പിൽ വിരാട് കോലിയുടെ കയ്യിലെത്തിച്ച് ഷമി ഇന്ത്യയുടെ തലവേദന തീർത്തു. ആവേശമുൾക്കൊണ്ട് സിറാജും പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിനു പിന്നീടു നേടാനായത് 43 റൺസ്. സാം ബില്ലിങ്സ് (36), സ്റ്റുവർട്ട് ബ്രോഡ് (1), മാത്യു പോട്സ് (19) എന്നിവരുടെയെല്ലാം വിക്കറ്റുകൾ സിറാജിനു തന്നെ. 

വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിനം പിടിച്ചു നിൽക്കുക എന്ന ഇന്ത്യയുടെ മോഹം പക്ഷേ ഇംഗ്ലണ്ട് ബോളർമാർ അനുവദിച്ചില്ല. ഗില്ലിനെ ആൻഡേഴ്സണും വിഹാരിയെ ബ്രോഡും പുറത്താക്കിയതോടെ ഇന്ത്യ 2 വിക്കറ്റിന് 43 എന്ന നിലയിലായി. 

അപ്രതീക്ഷിതമായി കുത്തിയുയർന്ന സ്റ്റോക്സിന്റെ പന്തിൽ കോലിയും പുറത്തായതോടെ ഇംഗ്ലണ്ടിനു പ്രതീക്ഷയുണർന്നു. എന്നാൽ പിടിച്ചു നിന്ന പൂജാരയും പന്തും ഇന്ത്യയെ സുരക്ഷിതമാക്കി.

English Summary: England vs India, 5th test, day 3 live match updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS