‘ജഡേജ ഇപ്പോൾ നല്ല ബാറ്ററെപ്പോലെയാണെന്ന് ആൻഡേഴ്സന്; ‘വായടപ്പിച്ച്’ ജഡേജ!
Mail This Article
ബർമ്മിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ 5–ാം ടെസ്റ്റിലെ സെഞ്ചറിക്കു പിന്നാലെ തന്നെക്കുറിച്ചു നടത്തിയ പരാമർശത്തിന്, ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സന് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയുമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 104 റൺസാണു ജഡേജ നേടിയത്.
2–ാം ദിവസത്തെ കളിക്കുശേഷം ജഡേജയുടെ ഇന്നിങ്സിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആൻഡേഴ്സൻ പ്രതികരിച്ചത് ഇങ്ങനെ, ‘മുൻ മത്സരങ്ങളിൽ വാലറ്റത്തിനൊപ്പം 8–ാം നമ്പറിലാണു ജഡേജ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. പലപ്പൊഴും ഇതു ഭാഗ്യപരീക്ഷണമായിരുന്നു. എന്നാൽ 7–ാം നമ്പറിൽ ഇറങ്ങുമ്പോള്‍ നല്ല ബാറ്ററെപ്പോലെ കളിക്കാൻ ജഡേജയ്ക്കു കഴിയുന്നുണ്ട്. പന്ത് വളരെ നന്നായാണു ജഡേജ ലീവ് ചെയ്യുന്നത്. ഞങ്ങളുടെ ജോലി ദുഷ്കരമാക്കിയത് ജഡേജയാണ്’.
ആൻഡേഴ്സന്റെ അഭിപ്രായത്തിലുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ജഡേജയുടെ മറുപടി ഇങ്ങനെ, ‘നോക്കൂ, കുറച്ച് അധികം റൺസ് നേടുമ്പോൾ നല്ല ഒരു ബാറ്ററായാണ് എല്ലാവരും സ്വയം വിലയിരുത്തുക. പക്ഷേ, എല്ലായ്പ്പൊഴും ക്രീസിൽ കുറച്ചധികം സമയം ചെലവിടാനും ഒപ്പം ബാറ്റു ചെയ്യുന്നത് ആരാണെങ്കിലും അയാൾക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാനുമാണു ഞാൻ ശ്രമിക്കാറുള്ളത്. 2014നു ശേഷം ആൻഡേഴ്സൻ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട് എന്നതു നല്ല കാര്യമാണ്.’
2014ലെ ട്രെന്റ്ബ്രിജ് ടെസ്റ്റിനിടെ പവിലിയനിൽവച്ച് ജഡേജയം ആൻഡേഴ്സനും ‘ഉരസലിൽ’ ഏർപ്പെടുകയും, ആൻഡേഴ്സനെതിരെ ഇന്ത്യൻ മാനേജ്മെന്റ് പരാതിപ്പെടുകയും ചെയ്തിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ജഡേജയെ ആൻഡേഴ്സൻ പിടിച്ചുതള്ളിയെന്ന് ഇന്ത്യൻ സഹതാരങ്ങൾ ആരോപിച്ചതായി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ആൻഡേഴ്സനെതിരെ ഐസിസി ലെവൽ–3 കുറ്റം ചുമത്തുകയും ചെയ്തു.
‘ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ ശരീരത്തോടു ചേർന്നുള്ള ഷോട്ടുകൾ എടുക്കാൻ ശ്രമിക്കണം. ഇവിടെ പന്ത് നന്നായി സ്വങ് ചെയ്യും. അതുകൊണ്ട് കവർ ഡ്രൈവോ സ്ക്വയർ ഡ്രൈവോ കളിക്കാൻ ശ്രമിച്ചാൽ ബാറ്റിന്റെ വശങ്ങളിൽ ഉരസി വിക്കറ്റ് നഷ്ടമാകാൻ സാധ്യതയുണ്ട്. ഓഫ്സ്റ്റംപിനു പുറത്തുള്ള പന്തുകൾ കളിക്കാതെയിരിക്കാനായിരുന്നു ആദ്യം ഞാൻ ശ്രദ്ധിച്ചത്.
കവർ പോയിന്റിൽ ഫീൽഡർ ഇല്ലെങ്കിൽ അതുവഴി ഷോട്ട് കളിച്ച് ബൗണ്ടറി നേടാമെന്നു തോന്നും. പക്ഷേ, അതിനു ശ്രമിച്ചാൽ സ്ലിപ്പിൽ ക്യാച്ചിലൂടെ പുറത്താകാനും സാധ്യതയുണ്ട്. ശരീശത്തിനു നേരേവരുന്ന പന്തുകളിൽ നേരേയുള്ള ഷോട്ടുകൾ കളിക്കാനാണു ഞാൻ ശ്രമിച്ചത്. ഭാഗ്യത്തിന് ഞാൻ പിക്ക് ചെയ്ത പന്തുകളെല്ലാം ബൗണ്ടറികളായി’– മത്സരത്തിലെ തന്നെ ഇന്നിങ്സിനെക്കുറിച്ചു ജഡേജ പറഞ്ഞു.
English Summary: "...Anderson Realised That After 2014": Ravindra Jadeja's Dig At England Pacer's Comment