‘പന്ത് അദ്ഭുതം കാട്ടിയിട്ടില്ല; സെഞ്ചറിയുടെ ക്രെഡിറ്റ് ഇംഗ്ലണ്ട് ബോളർമാർക്ക്, ദൗർബല്യം മുതലെടുത്തില്ല’

pant-century
ഇംഗ്ലണ്ടിനെതിരെ സെഞ്ചറി നേടിയ ഋഷഭ് പന്ത് ഗാലറിയെ അഭിവാദ്യം ചെയ്യുന്നു (ചിത്രം– ബിസിസിഐ, ട്വിറ്റർ).
SHARE

ബർമ്മിങ്ങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ അതിവേഗ സെഞ്ചറിക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പ്രശംസിക്കുമ്പോൾ, വേറിട്ട അഭിപ്രായ പ്രകടനവുമായി പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആസിഫ്. ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 146 റൺസ് എടുത്തതിനു ശേഷമായിരുന്നു പന്തിന്റെ പുറത്താകൽ‌. ഇംഗ്ലണ്ട് ബോളർമാരുടെ മോശം പ്രകടനമാണു പന്തിന്റെ സെഞ്ചറി നേട്ടത്തിൽ കാലശിച്ചതെന്നും പന്തിനെ വേണ്ടവിധം ‘പരീക്ഷിക്കാൻ’ ഇംഗ്ലണ്ട് തയ്യാറായില്ലെന്നുമാണ് ആസിഫിന്റെ അഭിപ്രായ പ്രകടനം.

‘പന്ത് വലിയ അദ്ഭുതമൊന്നും കാട്ടിയിട്ടില്ല. ഇംഗ്ലണ്ട് ബോളർമാരുടെ പിഴവുകൾ മാത്രമാണു സെഞ്ചറിയിൽ കലാശിച്ചത്. സാങ്കേതിക പിഴവുകളുള്ള താരമാണു പന്ത്. ഇടംകൈ പൂർണമായും ഉപയോഗിക്കാത്ത താരമാണു പന്ത്. എന്നിട്ടു പന്ത് സെഞ്ചറി നേടിയത് പന്തിന്റെ ദൗർബല്യം മുതലെടുത്ത് ഇംഗ്ലണ്ട് താരങ്ങൾ ബോൾ ചെയ്യാതെയിരുന്നതിനാലാണ്. ഞാൻ ആരെയും പേരെടുത്തു പറയുന്നില്ല, പക്ഷേ ഇംഗ്ലണ്ട് ഒരുപാടു പിഴവുകൾ വരുത്തി. 

ജഡേജയും പന്തും ബാറ്റു ചെയ്തപ്പോൾ അവർ ഒരു ഇടംകയ്യൻ സ്പിന്നറെ (ജാക്ക് ലീച്ച്) ബോളിങ്ങിനു വിളിച്ചു. മത്സരത്തിന്റെ ആ ഘട്ടത്തിൽ ഒരിക്കലും ഒരു നല്ല നീക്കമായിരുന്നില്ല ഇത്. ഞാൻ പന്തിന് എതിരല്ല, പക്ഷേ എതിർ‌ടീം എടുക്കുന്നത് ഇത്തരത്തിലുള്ള തീരുമാനങ്ങളാണ് എങ്കിൽ നിങ്ങൾക്കു വലിയ സ്കോർ നേടാനുള്ള അവസരമാണു കൈവരിക’– ട്വിറ്റർ വിഡിയോയിലൂടെ ആസിഫ് പറഞ്ഞു.

ഋഷഭ് പന്ത് സെഞ്ചറിയോടെ തിളങ്ങിയ മത്സരത്തിൽ 11 റൺസെടുത്തായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പുറത്താകൽ. മാത്യു പോട്ട്സിന്റെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ ബാറ്റിൽ ഉരസിയ ബോൾ വിക്കറ്റിൽ പതിച്ചായിരുന്നു കോലിയുടെ പുറത്താകൽ. 2021ൽത്തന്നെ കോലിയുടെ മോശം ബാറ്റിങ് ഫോമിനെക്കുറിച്ച് ആഭിപ്രായപ്പെട്ട താരമാണ് ആസിഫ്.

‘2 വർ‌ഷങ്ങൾക്കു മുൻപുതന്നെ കോലിയുടെ സാങ്കേതിക പിഴവു ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ അപ്പോൾ ആളുകൾ എന്ന വിമർശിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ നോക്കൂ വളരെ നാളുകളായി കോലി ഒരു സെഞ്ചറി നേടിയിട്ട്. കോലി എന്നെക്കാൾ വലിയ താരമാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് കാണാൻ എനിക്കു വളരെ ഇഷ്ടമാണ്. പക്ഷേ, സാങ്കേതികമായി കോലി മെച്ചപ്പെടാനുണ്ട്’– ആസിഫ് കൂട്ടിച്ചേർത്തു. 

English Summary: 'Pant did no wonders. His left hand doesn’t work but still...': Ex-PAK pacer credits England bowlers for record century

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS