ADVERTISEMENT

ബർമ്മിങാം∙ സമൂഹ മാധ്യമങ്ങളിലെ ‘കുറിക്കുകൊള്ളുന്ന’ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ആരാധകരുടെ കയ്യടി വാങ്ങാറുള്ള താരമാണു കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയും തമ്മിലുള്ള ഉരസൽ ‘സംഭവബഹുലമാക്കിയ’ ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ 5–ാം ടെസ്റ്റിന്റെ 3–ാം ദിവസത്തെ കളിക്കു പിന്നാലെ ഈ വിഷയത്തിലും നീഷത്തിന്റെ ട്വീറ്റ് എത്തി.

3–ാം ദിവസത്തെ കളിയുടെ ആദ്യ സെഷനിലാണു കോലിയും ബെയർസ്റ്റോയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായത്. ഇന്ത്യൻ ബോളർമാരുടെ ലെങ്തിനു മുന്നിൽ താളം നഷ്ടമായ ബെയർസ്റ്റോയെ കോലി പലവട്ടം പരിഹസിക്കുകയും നാവടക്കി ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ ബാറ്റിങ് ഫോമിലേക്കുയർന്ന ബെയർസ്റ്റോ ഇന്ത്യന്‍ ബോളർമാരെ ഗ്രൗണ്ടിനു നാലു പാടും ബൗണ്ടറിക്കു ശിക്ഷിച്ച് തകർപ്പൻ സെഞ്ചറിയും നേടിയിരുന്നു. 

‘എന്തിനാണ് എതിർടീമുകൾ എപ്പോഴും ജോണി ബെയർസ്റ്റോയെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്നു മനസ്സിലാകുന്നതേയില്ല. ദേഷ്യം വന്നാൽ ബെയർസ്റ്റോ 10 മടങ്ങ് മെച്ചപ്പെടുകയാണു ചെയ്യുക. എന്നും രാവിലെ ബെയർസ്റ്റോയ്ക്ക് ഒരു സമ്മാനപ്പൊതി നൽകി നോക്കൂ, ബാറ്റുചെയ്യുമ്പോൾ ബെയർസ്റ്റോയുടെ കാർ ഏറ്റവും നന്നായി കഴുകിത്തരാം എന്നൊക്കെ പറഞ്ഞുനോക്കൂ. ബെയർസ്റ്റോ സന്തോഷിച്ചു കാണാൻ എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞുനോക്കൂ’– നീഷം ട്വീറ്റ് ചെയ്തു.

മത്സരത്തിന്റെ 2–ാം ദിവസം 5 വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ നേരിട്ട ഇംഗ്ലണ്ട് പക്ഷേ മൂന്നാം ദിനം ദേഭപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്. ബെയർസ്റ്റോയുടെ സെ‍ഞ്ചറി കരുത്തിൽ ആദ്യ ഇന്നിങ്സിൽ 284 റൺസാണ് നേടിയത്. വൈറ്റ് ബോൾ ക്രിക്കറ്റ് ശൈലിയിലുള്ള ബെയർസ്റ്റോയുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചതും. 

ഇന്ത്യയ്ക്കെതിരായ ടെസ്റ്റിനു മുൻപ് ന്യൂസീലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായതു ബെയർസ്റ്റോയുടെ അതിവേഗ ബാറ്റിങ് ശൈലിയാണ്. ട്വന്റി20 ക്രിക്കറ്റിൽ എന്നതുപോലെയാണ് കിവീസ് പേസർമാർക്കെതിരെ ബെയർസ്റ്റോ തകർത്തടിച്ചത്. ടെസ്റ്റിലെ മികച്ച ഫോമിന് ഐപിഎല്ലിനോടാണു കടപ്പെട്ടിരിക്കുന്നതെന്നും ബെയർസ്റ്റോ നേരത്തെ പ്രതികരിച്ചിരുന്നു. 

 

English Summary: James Neesham comes up with a hilarious tweet over Bairstow-Kohli tussle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com