ബംഗ്ലദേശിനെ ‘പഞ്ചറാക്കി’ പവൽ (28 പന്തിൽ 61*); ഉശിരോടെ മക്കോയ്: വിൻഡീസിന് 35 റൺസ് ജയം!

powell-westindies
ബംഗ്ലദേശിനെതിരെ റോവ്മാൻ പവലിന്റെ ബാറ്റിങ്, വിൻഡീസ് താരങ്ങൾ മത്സരത്തിനിടെ (ചിത്രങ്ങൾ– ക്രിക്കറ്റ് വെസ്റ്റിൻഡീസ്, ട്വിറ്റർ).
SHARE

റൂസോ (‍ഡൊമിനിക്ക)∙ പവർ ഹിറ്റർ റോവ്‌മാൻ പവൽ ഒരിക്കൽക്കൂടി ‘വിശ്വരൂപം’ പുറത്തെടുത്തപ്പോൾ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ 2–ാം മത്സരത്തിൽ വിൻഡീസിന് 35 റൺസിന്റെ തകർപ്പൻ ജയം. സ്കോർ– വിൻഡീസ്: 20 ഓവറിൽ 193–5; ബംഗ്ലദേശ്: 20 ഓവറിൽ 158–6. ടോസ്– വിൻഡീസ്. 2 ഫോറും 6 സിക്സും അടക്കം 28 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത റോവ്മാൻ പവൽ, ഓപ്പണർ ബ്രണ്ടൻ കിങ് (43 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 57) എന്നിവരാണു വിൻഡീസിനായി തകർത്തടിച്ചത്.

ക്യാപ്റ്റൻ നിക്കോളാസ് പുരാൻ (30 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34), ഓപ്പണർ കെയ്ൽ മേയേഴ്സ് (9 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 17), ഒഡീൻ സ്മിത്ത് (4 പന്തിൽ ഒരു സിക്സ് അടക്കം പുറത്താകാതെ 11) എന്നിവരും റൺ സംഭാവന നൽകി. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ടാസ്കിൻ അഹമ്മദാണ് ഏറ്റവും അധികം തല്ലുവാങ്ങിയത്. 

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറിയോടെ പൊരുതിയ ഷാക്കിബ് അൽ ഹസനും (52 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 68 നോട്ടൗട്ട്) ബംഗ്ലദേശിനെ ജയത്തിലെത്തിക്കാനായില്ല. ആഫിഫ് ഹൊസെയ്നു (27 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34) മാത്രമാണു ഷാക്കിബിന് അൽപമെങ്കിലും പിന്തുണ നൽകാനായത്. 4 ഓവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത റൊമാരിയോ ഷെപ്പേഡ്, അടുത്തടുത്ത പന്തുകളിൽ ബംഗ്ലദേശിന്റെ ഓപ്പണർമാരായ ലിറ്റൻ ദാസ് (5), അനാമുൽ ഹഖ് (3) എന്നിവരെ മടക്കിയ ഒബിദ് മക്കോയ് (4–0–37–2) എന്നിവരാണു ബോളിങ്ങിൽ മികച്ചുനിന്നത്. അക്കീൽ‌ ഹൊസെയ്ൻ, ഒഡീൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റെടുത്തു. 

പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. 3–ാം മത്സരം വ്യാഴാഴ്ച നടക്കും. 20 പന്തിൽ അർധ സെഞ്ചറി തികച്ച റോവ്മാൻ പവലാണു പ്ലെയർ ഓഫ് ദ് മാച്ച്. മത്സരത്തിനിടെ ഷാക്കിബ് അൽ ഹസൻ രാജ്യാന്തര ട്വന്റി20യിൽ 2000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ താരം എന്ന അപൂർവ നേട്ടം സ്വന്തമാക്കി. 

English Summary: West Indies vs Bangladesh: Powell and King hit fifties as hosts grab T20I series lead with 35-run win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS