ADVERTISEMENT

ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ച ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെന്ന അപൂർവ പ്രതിഭാസത്തിന് ഇന്ന് 41–ാം ജന്മദിനം. എണ്ണിയാൽ തീരാത്തത്ര കളികളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലൂടെ നമ്മളെ വിസ്മയിപ്പിച്ച ധോണിക്കു 41 വയസ്സ് തികയുമ്പോൾ ക്രിക്കറ്റ് പ്രേമികളും ഒന്നാകെ പറയുന്നു, ഹാപ്പി ബർത്ത്ഡേ ധോണി. 

ധോണി പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോ ഭാര്യ സാക്ഷി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വീരേന്ദ്രർ, സേവാഗ്, സുരേഷ് റെയ്ന എന്നിവർ അടക്കമുള്ള ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങൾ, റൺവീർ സിങ് അടക്കമുള്ള ബോളിവുഡ് താരങ്ങൾ, തുടങ്ങി ഒട്ടേറെ ആളുകളാണു സമൂഹ മാധ്യമങ്ങളിലൂടെ ധോണിക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ഇന്ന്, ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂൾ മറ്റൊരു ജന്മദിനം കൂടി ആഘോഷിക്കുമ്പോഴും, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിക്കാറായില്ലേ എന്നും വിമർശങ്ങൾ ഉയരുന്നുണ്ട്.

ഒരു സിനിമാക്കഥ പോലെയാണ് ധോണിയുടെ ജീവിതം. ധോണിയുടെ ജനനം മുതൽ 2011 ലോകകപ്പ് വിജയം വരെയുള്ള ജീവിതവും എംഎസ് ധോണി; ദി അൺടോൾഡ് സ്‌റ്റോറി എന്ന സിനിമയായി പുറത്തിറങ്ങിയതാണ്. അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിനു റൺ ഔട്ടായി മടങ്ങിയ ധോണി ചെറുപ്രായത്തിൽത്തന്നെ ടീം ഇന്ത്യയുടെ നായകനായി അവരോധിക്കപ്പെട്ടു. പിന്നാലെ 2007ൽ പ്രഥമ ട്വന്റി20 കിരീടം സ്വന്തമാക്കി.  2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണി, 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം സമ്മാനിക്കുന്നു. 

2013ൽ ചാംപ്യൻസ് ട്രോഫിയും. 2007ൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയുടെ ഉദയം കൂടിയായിരുന്നു. 

ഇതോടെ മൂന്നു ഐസിസി ട്രോഫികൾ ഇന്ത്യയിലേക്ക് കൊണ്ടു വന്ന ചരിത്രം തിരുത്തിക്കുറിച്ച ഏക നായകനായി ധോണി മാറി. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാരുടെ പട്ടികയിലേക്ക് അയാൾ നടന്നു കയറി. ഒരു സാധാരണ റെയിൽവേ ടിക്കറ്റ് കളക്ടർ ക്രിക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് നടന്നു കയറിയത് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടുമാത്രമാണ്. ഏതൊരു സാധാരണക്കാരനും സ്വപ്നം കാണുവാനും പ്രചോദിപ്പിക്കുവാനും കഴിയുന്ന വിസ്മയകരമായ ഒരു കഥ തന്നെയാണ് ധോണി എന്ന മഹേന്ദ്ര സിങ് ധോണി. 

 

English Summary: MS Dhoni celebrates 41st birthday in the UK; Rishabh Pant spotted in party picture shared by Sakshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com