ADVERTISEMENT

സതാംപ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാംട്വന്റി20യിൽ വ്യാഴാഴ്ച ഇന്ത്യയുടെ തകർപ്പൻ പ്രകടനം കണ്ട ആരാധകർ, മനസ്സിൽ പറഞ്ഞിട്ടുണ്ടാകും; ട്വന്റി20 ലോകകപ്പ് ഒന്നു നേരത്തേയായിരുന്നെങ്കിൽ എന്ന്! ബാറ്റിങ്ങിൽ 198 റൺസ് അടിച്ചുകൂട്ടുകയും ബോളിങ്ങിൽ ഇംഗ്ലണ്ടിനെ 148 റൺസിൽ ഓൾഔട്ടാക്കുകയും ചെയ്ത ടീം ഇന്ത്യയുടെ ഓൾറൗണ്ട് മികവാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

അയർലൻഡിനെതിരെ പുറത്തെടുത്ത ബാറ്റിങ് മികവ് കരുത്തരായ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ആവർത്തിച്ചു. അന്ന് നിരാശപ്പെടുത്തിയ പേസർമാരും ഫോമിലേക്ക് ഉജ്വലമായി തിരിച്ചെത്തി. ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടുകയും ബോളിങ്ങിൽ 4 വിക്കറ്റെടുക്കുകയും ചെയ്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് സന്തോഷ വാർത്തയാണ്. മത്സരം 50 റൺസിന് ജയിച്ച ഇന്ത്യ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം ഇന്നു നടക്കും.

∙ എന്തൊരു മാറ്റം !

പതിയെ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ട്വന്റി20 ബാറ്റിങ് ശൈലിക്കെതിരെ മുൻപ് വിമർശനമുയർന്നിരുന്നു. എന്നാൽ ഈ വർഷം ഇന്ത്യയുടെ ട്വന്റി20 ബാറ്റിങ് ശൈലിയിൽ ശ്രദ്ധേയമായ മാറ്റമുണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് റൺറേറ്റ് കുത്തനെയുയർന്നു. നേരിട്ട ആദ്യ പന്ത് മുതൽ ആഞ്ഞടിച്ച് ബാറ്റർമാർ സ്കോറുയർത്താൻ ശ്രമിക്കുന്നതാണ് വ്യാഴാഴ്ചത്തെ മത്സരത്തിലും കണ്ടത്.

ഇഷൻ കിഷൻ ഒഴികെ ആദ്യ 4 ബാറ്റർമാരുടെയും സ്ട്രൈക്ക് റേറ്റ് 150ന് മുകളിലായിരുന്നു. ഹാർദിക് പാണ്ഡ്യ (33 പന്തിൽ 51), സൂര്യകുമാർ യാദവ് (19 പന്തിൽ 39), ദീപക് ഹൂഡ (17 പന്തിൽ 33) എന്നിവരായിരുന്നു ടോപ് സ്കോറർമാർ. മൂന്നാം ഓവറിൽ പുറത്തായെങ്കിലും രോഹിത് ശർമ 24 റൺസ് തികച്ചിരുന്നു.

∙ കോലി എവിടെ കളിക്കും?

ബർമിങ്ങാം ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യും വിജയിച്ച് പരമ്പര സ്വന്തമാക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ടീം സിലക്ഷൻ. ഒന്നാം ട്വന്റി20യിൽ വിശ്രമം അനുവദിച്ച വിരാട് കോലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ ഇന്നത്തെ രണ്ടാം ട്വന്റി20 മുതൽ ടീമിനൊപ്പം ചേരും.

ഇവരെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താൻ നിലവിലെ ടീമിൽ നിന്ന് ആരെ തഴയുമെന്നതാണ് ടീം മാനേജ്മെന്റിനു മുന്നിലെ പ്രധാന തലവേദന. 5 മാസത്തെ ഇടവേളയ്ക്കുശേഷം ട്വന്റി20 ടീമിലേക്കെത്തുന്ന വിരാട് കോലിയുടെ കാര്യത്തിലാണ് വലിയ ആശയക്കുഴപ്പം. മധ്യനിരയിൽ കോലിക്ക് അവസരം നൽകാൻ സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവരിലൊരാളെ പുറത്തിരുത്തേണ്ടി വരും.

ഇഷൻ കിഷനു പകരക്കാരനായി രോഹിത്തിനൊപ്പം കോലിയെ ഓപ്പണറാക്കാനും സാധ്യതയുണ്ട്. ബുമ്ര മടങ്ങിയെത്തുമ്പോൾ ഫോമിലുള്ള പേസർമാരിൽ ഒരാളെ പുറത്തിരുത്തേണ്ടി വരുമെന്ന വെല്ലുവിളിയുമുണ്ട്. അക്ഷർ പട്ടേലിനു പകരം രവീന്ദ്ര ജഡേജ കളിച്ചേക്കും.

English Summary: England vs India T20; team selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com