ADVERTISEMENT

ചെന്നൈ∙ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട 2021, 2022 സീസണുകളിലെ എല്ലാ പോസ്റ്റുകളും നീക്കംചെയ്ത് മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ. ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. 2022 സീസണിന്റെ തുടക്കത്തിൽ ചെന്നൈ ടീമിന്റെ ക്യാപ്റ്റനായിരുന്ന ജ‍ഡേജ, തുടർപരാജയങ്ങളെ തുടർന്നു സ്ഥാനം ഒഴിഞ്ഞിരുന്നു. ധോണി നായകസ്ഥാനത്തേയ്ക്കു തിരിച്ചെത്തുകയും ചെയ്തു.

തൊട്ടുപിന്നാലെ, വാരിയെല്ലിന് പരുക്കേറ്റ ജ‍‍ഡേജ ടീമിനു പുറത്തുപോയി. എന്നാൽ ചെന്നൈ മനേജ്മെന്റ് ജഡേജയെ പുറത്താക്കിയതാണെന്ന് അന്നുതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചെന്നൈ ‘തല’ എം.എസ്.ധോണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ജഡേജ, ചെന്നൈയുമായി ബന്ധപ്പെട്ടതും, മഞ്ഞ ജഴ്സിയിലുമുള്ളതായ പോസ്റ്റുകൾ നീക്കിയതായി ആരാധകർ കണ്ടെത്തിയത്. നേരത്തെ, രവീന്ദ്ര ജഡേജയും സിഎസ്‌കെയും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു.

‘ഈ വർഷം ധോണിയുടെ ജന്മദിനത്തിൽ ജഡേജ ആശംസകൾ അറിയിച്ചില്ല. അദ്ദേഹം എല്ലാ വർഷവും അത് ചെയ്യുന്നതാണ്. ഇൻസ്റ്റഗ്രാമിൽ സിഎസ്‌കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും അദ്ദേഹം നീക്കി. എന്തോ ശരിയല്ല.’– ഒരു ആരാധകൻ എഴുതി. ജൂലൈ 7നായിരുന്നു ധോണിയുടെ ജന്മദിനം.

2023 സീസണിൽ രവീന്ദ്ര ജഡേജ സിഎസ്‌കെ വിട്ടേക്കും. ചെന്നൈയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പോസ്റ്റുകളും നീക്കി. ദീപക് ചാഹർ അമ്പാട്ടി റായിഡു എന്നിവരും ടീം വിടുമെന്ന കേട്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സി‌എസ്‌കെ ആരാധകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം.’– മറ്റൊരു ആരാധകൻ കുറിച്ചു.

ഐപിഎലിൽ നിറംമങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ രവീന്ദ്ര ജ‍‍ഡേജ ഉജ്വല തിരിച്ചുവരവ് നടത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ‍‍ജ‍ഡേജ, ഋഷഭ് പന്തിനൊപ്പം 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. പന്തും സെഞ്ചറി നേടിയിരുന്നു.

മത്സരശേഷം ഐപിഎലിനെക്കുറിച്ച് താരത്തോട് ചോദ്യമുയരുകയും ചെയ്തു. ‘സംഭവിച്ചത്, സംഭവിച്ചു. ഐ‌പി‌എൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുമ്പോൾ, മുഴുവൻ ശ്രദ്ധയും അതിലായിരിക്കണം. എനിക്കും അതുതന്നെയായിരുന്നു, ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനുമില്ല.’– ജഡേജ പറഞ്ഞു.

English Summary: Ravindra Jadeja Deletes Posts Related To Chennai Super Kings, Sparks Rumours Of Rift: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com