ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ ആറു പരമ്പരകളിലായി ആറു വ്യത്യസ്ത ക്യാപ്റ്റന്മാരെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരീക്ഷിച്ചത്. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവർ വിവിധ പരമ്പരകളിൽ ഇന്ത്യയുടെ നായകവേഷം അണിഞ്ഞു. വെസ്റ്റിൻഡീസിനെതിരെ ഈ മാസം നടക്കുന്ന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക, ക്യാപ്റ്റൻസിയിൽ ഏഴാമത്തെ പരീക്ഷണം. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചശേഷം ധവാന് വീണ്ടും അവസരം നൽകുകയായിരുന്നു.

സീനിയർ താരങ്ങൾക്ക് തുടർച്ചയായി വിശ്രമം ആവശ്യപ്പെടുന്നതാണ് ക്യാപ്റ്റൻസ് പരീക്ഷണത്തിന് സിലക്‌ഷൻ കമ്മിറ്റിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിസിസിഐക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കാണ് തുടർച്ചയായി വിശ്രമം അനുവദിക്കുന്നത്. ഐപിഎലിനുശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും അയർലൻഡ് പരമ്പരയിലും ഇവർ കളിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടെങ്കിലും കോവിഡ് പോസിറ്റീവായതിനാൽ രോഹിത്തിന് കളിക്കാൻ സാധിച്ചില്ല. ഏകദിന, ട്വന്റി20 ടീമിൽ തിരിച്ചെത്തി.

എന്നാൽ ഇതിനുശേഷം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന പരമ്പരയിലും ഇവർക്ക് വീണ്ടും വിശ്രമം അനുവദിച്ചതാണ് എല്ലാവരുടെയും നെറ്റിചുളിപ്പിച്ചത്. ഈ വർഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ എല്ലാ താരങ്ങൾക്കും പരമ്പര നിർണായകമാണ്. ഈ സാഹചര്യത്തിലാണ് സീനിയർ താരങ്ങൾ തുടർച്ചയായി ‘വിശ്രമിക്കുന്നത്’. ലോകകപ്പിന് യുവനിരയെ വളർത്തിയെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് പരീക്ഷണങ്ങളെന്ന് വാദമുണ്ടെങ്കിലും സ്ഥിരതയില്ലാത്ത പരീക്ഷണങ്ങൾ ഗുണം െചയ്യില്ലെന്നാണ് പല മുൻ‌ താരങ്ങളുടെയും അഭിപ്രായം.

‘വിരാടിനും രോഹിത്തിനും എത്രനാൾ വിശ്രമം വേണം? ടെസ്റ്റ് മത്സരത്തിൽ വിരാട് എത്ര സമയം ബാറ്റ് ചെയ്തു? ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് അവരുടെ പ്രഥമ പരിഗണന. ഐപിഎൽ സമയത്ത് നിങ്ങൾ പരസ്യങ്ങൾക്കായി ഷൂട്ട് ചെയ്യണം, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ അല്ല. വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ പേരിൽ ഇടയ്ക്കിടെ ഇടവേളകൾ ചോദിക്കാൻ കഴിയില്ല.’– സ്‌പോർട്‌സ്‌കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ കർസൻ ഗാവ്രി പറഞ്ഞു.

‘എന്തിനാണ് അവർ രോഹിത് ശർമയെ ഇംഗ്ലണ്ടിലേക്ക് അയച്ചത്? അദ്ദേഹം ടെസ്റ്റ് കളിച്ചിട്ടില്ല, ലിമിറ്റഡ് ഓവർ മത്സരങ്ങൾ മാത്രമേ കളിക്കൂ. അദ്ദേഹത്തിന് ഇനിയും ഒരു ഇടവേള ആവശ്യമുണ്ടോ? അദ്ദേഹം വേണ്ടത്ര വിശ്രമിച്ചു.’– കർസൻ കൂട്ടിച്ചേർത്തു.

English Summary: 'Shoot advertisements during IPL, not while playing for India'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com