ADVERTISEMENT

ബർമിങ്ങാം ∙ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം നേടിയ പരമ്പര വിജയം ആഘോഷിച്ച് ഇന്ത്യൻ ആരാധകർ. ബർമിങ്ങാമിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലും തകർപ്പൻ വിജയം നേടി പരമ്പര നേടിയതോടെ, ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ ശരിയായ ട്രാക്കിലാണെന്നു വാഴ്ത്തുകയാണ് ആരാധകർ. ഇതിനൊപ്പം ഇംഗ്ലണ്ടിനെ ശക്തമായ ഭാഷയിൽ പരിഹസിക്കുന്നുമുണ്ട്. ഇംഗ്ലണ്ട് ടീമിനേക്കാൾ ഭേദം അയർലൻഡ് ആയിരുന്നുവെന്നാണ് സമൂഹമാധ്യങ്ങളിൽ ഒരു വിഭാഗം ആരാധകർ കുറിച്ചത്.

ട്വന്റി20 നായകനെന്ന നിലയിൽ തകർപ്പൻ വിജയശതമാനവുമായി മുന്നേറുന്ന രോഹിത് ശർമയ്ക്കുമുണ്ട് അനുമോദനം. ട്വന്റി20യിൽ രോഹിത് ശർമയ്ക്കു കീഴിൽ ഇന്ത്യയുടെ  തുടർച്ചയായ 14–ാം വിജയമാണിത്. മാത്രമല്ല, ഇതുവരെ രോഹിത് ഇന്ത്യയെ നയിച്ച 30 മത്സരങ്ങളിൽ, 26 എണ്ണത്തിലും ഇന്ത്യ ജയിച്ചുകയറിയെന്ന പ്രത്യേകതയുമുണ്ട്.

രണ്ടാം ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 170 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 17 ഓവറിൽ 121 റൺസിനു പുറത്തായി. 3 വിക്കറ്റുകൾ നേടിയ പേസർ ഭുവനേശ്വർ കുമാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയിൽ ഇന്നു രാത്രി 7 മുതൽ.

ഇന്ത്യൻ മധ്യനിരയെ വിറപ്പിച്ച് ഇംഗ്ലണ്ട് പേസർമാർ റണ്ണൊഴുക്കിനു കടിഞ്ഞാണിട്ടെങ്കിൽ ഇംഗ്ലണ്ടിനെയൊന്നാകെ എറിഞ്ഞു വീഴ്ത്തിയാണ് ഇന്ത്യ മറുപടി നൽകിയത്. ഇംഗ്ലണ്ട് ഓപ്പണർമാരായ ജയ്സൻ റോയിയെയും ജോസ് ബട്‌ലറിനെയും പുറത്താക്കി ഭുവനേശ്വർ കുമാർ നൽകിയ മികച്ച തുടക്കം പിന്നാലെ വന്ന ഇന്ത്യൻ ബോളർമാർ ഏറ്റെടുത്തു. നേരിട്ട ആദ്യ പന്തിൽത്തന്നെ ജയ്സൻ റോയ് (0) പുറത്തായത് ഇംഗ്ലണ്ടിനെ വല്ലാതുലച്ചു.

ജോസ് ബട്‌ലർ (4), ഡേവിഡ് മലാൻ ( 25 പന്തിൽ 19), ലിയാം ലിവിങ്സ്റ്റൻ (9 പന്തിൽ 15), ഹാരി ബ്രൂക്ക് (8), സാം കറൻ ( 2), ക്രിസ് ജോർദാൻ (1) എന്നിവരും ക്രീസിൽ അധികം നേരം നിൽക്കാതെ പുറത്തായതോടെ ഇംഗ്ലണ്ടിനു രക്ഷയില്ലാതായി. ഇതിനിടെ, മൊയീൻ അലിയും (21 പന്തിൽ 3 ഫോറും 2 സിക്സറും ഉൾപ്പെടെ 35) ‍ഡേവിഡ് വില്ലിയും (33 നോട്ടൗട്ട്) മാത്രമാണു പിടിച്ചുനിന്നത്. ഇന്ത്യയ്ക്കായി  ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചെഹലും  2 വിക്കറ്റ് വീതം വീഴ്ത്തി. 

ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് മതിയെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കവും ഒടുക്കവും ഗംഭീരമാക്കിയ ഇന്ത്യയെ മധ്യ ഓവറുകളിൽ ഇംഗ്ലണ്ട് പിടിച്ചുനിർത്തുകയും ചെയ്തു. 5ന് 89 എന്ന നിലയിൽ തകർന്ന ഇന്ത്യയെ പൊരാതാവുന്ന സ്കോറിലെത്തിച്ചത് 29 പന്തിൽ 46 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജ‍ഡേജയാണ്. 5 ഫോറുകൾ സഹിതമുള്ള ഇന്നിങ്സ് രാജ്യാന്തര ട്വന്റി20യിൽ ‍ജ‍ഡേജയുടെ ഉയർന്ന സ്കോറുമാണ്. നേരത്തേ, 20 പന്തി‍ൽ 31 റൺസോടെ ക്യാപ്റ്റൻ രോഹിത് ശർമ അതിവേഗ തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.

English Summary: "Ireland was way more competitive than this"- Fans roast England, hail Rohit Sharma's captaincy as India complete emphatic series win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com