ADVERTISEMENT

ന്യൂഡൽഹി ∙ ഇപ്പോഴത്തെ സാഹചര്യത്തിൽ വിരാട് കോലിയെ ഇന്ത്യൻ ട്വന്റി20 ടീമിന് ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് തീരുമാനമെടുക്കേണ്ട സമയമായെന്നു തുറന്നടിച്ച് മുൻ താരം അജയ് ജഡേജ രംഗത്ത്. ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ വിരാട് കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിലും വിരാട് കോലി ദയനീയ പ്രകടനവുമായി ഒരു റണ്ണെടുത്ത് പുറത്തായ സാഹചര്യത്തിലാണ് ജഡേജയുടെ വാക്കുകൾ.

ട്വന്റി20 ബാറ്റിങ്ങിൽ ഇന്ത്യ സ്വീകരിക്കേണ്ട ശൈലിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റിനും ക്യാപ്റ്റനും മുന്നിൽ രണ്ട് സാധ്യതകളാണുള്ളതെന്ന് ജഡേജ ചൂണ്ടിക്കാട്ടി. വിരാട് കോലിയുടെ ഭാവിയിൽ തീരുമാനമെടുക്കുന്നത് തീർത്തും ദുഷ്കരമായിരിക്കുമെന്നും ജഡേജ അഭിപ്രായപ്പെട്ടു. ബർമിങ്ങാമിലെ രണ്ടാം മത്സരത്തിൽ ഫോമിലുള്ള താരം ദീപക് ഹൂഡയെ തഴഞ്ഞാണ് ഇന്ത്യ കോലിക്ക് അവസരം നൽകിയത്. മത്സരത്തിൽ വൺഡൗണായി ക്രീസിലെത്തിയ കോലി, മൂന്നു പന്തുകൾ മാത്രം നേരിട്ട് ഒരു റണ്ണുമായി പുറത്തായിരുന്നു.

‘ട്വന്റി20യിൽ തീർത്തും വ്യത്യസ്തമായ രീതിയിൽ ബാറ്റു ചെയ്യാമെന്ന് ഇന്ത്യൻ ടീം തെളിയിക്കുന്ന ഘട്ടമാണിത്. ഇപ്പോഴും 180–200 റൺസ് സ്കോർ ചെയ്യാൻ നമുക്കാകുന്നുണ്ട്. ഇവിടെ ക്രിക്കറ്റിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മറിച്ച് ബാറ്റിങ്ങിനോടുള്ള സമീപനത്തിലാണ് മാറ്റം. ഇക്കാര്യത്തിൽ രോഹിത് ശർമ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു’ – ജഡേജ പറഞ്ഞു.

‘ടീമിനെ നയിക്കുന്നത് ആരായാലും അവർക്കു മുന്നിൽ രണ്ടു സാധ്യതകളാണുള്ളത്. അങ്ങനെ കാണാനാണ് എനിക്കിഷ്ടം. ഒന്നുകിൽ ഇപ്പോൾ കളിക്കുന്ന ശൈലിയും പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതും തുടരുക, അല്ലെങ്കിൽ ഇവർക്കൊക്കെ അവസരം നൽകുന്നത് അവസാനിപ്പിച്ച് മുൻപു കളിച്ചിരുന്ന ആ പഴയ ടീമിലേക്കു തിരിച്ചുപോകുക’ – ജഡേജ ചൂണ്ടിക്കാട്ടി.

‘വിരാട് കോലി ഒരു സ്പെഷൽ താരമാണെന്ന കാര്യത്തിൽ തർക്കമില്ല. വിരാട് കോലിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന് തീർച്ചയാണ്. കഴിഞ്ഞ 8–10 മത്സരങ്ങളിൽ കോലിയുടെ പ്രകടനം പരിശോധിച്ചു നോക്കൂ. ഒരു സെഞ്ചറി പോലുമില്ല. എന്നിട്ടും നമ്മള്‍ അദ്ദേഹത്തെ പുറത്തിരുത്തുന്നില്ല. അദ്ദേഹം ടീമിനായി മുൻപു ചെയ്ത കാര്യങ്ങളുടെ പുറത്താണ് ഇപ്പോഴും അവസരം നൽകുന്നത്’ – ജഡജേ പറഞ്ഞു.

‘വിരാട് കോലിയുടെ കാര്യത്തിൽ സുവ്യക്തമായ ഒരു തീരുമാനം കൈക്കൊണ്ടേ തീരൂ. അദ്ദേഹത്തെ ടോപ് ഓർഡറിൽ കളിപ്പിച്ച് പിന്നാലെ വരുന്നവരിൽനിന്ന് കൂടുതൽ റൺസ് പ്രതീക്ഷിക്കുന്നത് തുടരണോ? വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ ടോപ് ഓർഡറിൽ കളിച്ച് ഒടുവിൽ ധോണിയുൾപ്പെടെയുള്ളവർ ചേർന്ന് അവസാന നാല് ഓവറിൽ 60 റൺസടിക്കുന്ന ആ പഴയ ശൈലിയേക്കുറിച്ചാണ് ഞാൻ പറയുന്നത്.’’

‘ആരെയാണ് കളിപ്പിക്കുന്നത് എന്നതനുസരിച്ചാണ് നമ്മുടെ ശൈലി തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നത് തീർത്തും ദുഷ്കരമായിരിക്കുമെന്ന് അറിയാം. ഞാനാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ വിരാട് കോലി ട്വന്റി20 ടീമിലുണ്ടാകില്ലെന്ന് ഉറപ്പാണ്’ – ജഡേജ പറഞ്ഞു.

English Summary: Virat Kohli won't be there in my T20I side, says Ajay Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com