ADVERTISEMENT

ഡബ്ലിൻ∙ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങിയതിനു പിന്നാലെ ന്യൂസീലൻഡിനെതിരെയും തകർപ്പൻ പ്രകടനം പുറത്തെടുത്ത് അയർലൻഡ്. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 300 റൺസ്. മധ്യനിരതാരം ഹാരി ടെക്ടറിന്റെ സെഞ്ചറിക്കരുത്തിലാണ് വമ്പൻ സ്കോറിലേക്കു ഐറിഷ് പട കുതിച്ചത്. 117 പന്തുകളിൽനിന്ന് താരം നേടിയത് 113 റണ്‍സ്.

43 റൺസെടുത്ത കുർട്ടിഷ് കാംഫറും 39 റൺസെടുത്ത ആൻഡി മക്ബ്രൈനും അയർലൻഡ് സ്കോർ ഉയർത്താൻ ഹാരിക്കു പിന്തുണയേകി. മറുപടി ബാറ്റിങ്ങിൽ മൈക്കൽ ബ്രേസ്‍വെല്ലിന്റെ സെഞ്ചറിയാണ് കിവീസിനു രക്ഷയായത്. 82 പന്തിൽ 127 റൺസെടുത്തു താരം പുറത്താകാതെ നിന്നു. ഓപ്പണർ മാർട്ടിൻ ഗപ്ടിൽ 61 പന്തിൽ 51 റൺസെടുത്തു പുറത്തായി.

അവസാന ഓവർ ത്രില്ലർ

ഏകദിന ക്രിക്കറ്റിലെ കരുത്തരായ കിവീസിനെതിരെ അയര്‍ലൻഡ് തിളക്കമാർന്നൊരു വിജയം പ്രതീക്ഷിച്ചെങ്കിലും 50–ാം ഓവറിൽ അതെല്ലാം അസ്ഥാനത്തായി. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് 49–ാം ഓവറിൽ നാല് റൺസ് മാത്രമാണു നേടാനായത്. 50–ാം ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ 20, കയ്യിൽ ബാക്കി ഒരു വിക്കറ്റും. പന്തെറിയാനെത്തിയത് 32 വയസ്സുകാരൻ ക്രെയ്ഗ് യങ്. പക്ഷേ ആഞ്ഞടിച്ച ബ്രേസ്‍വെല്ലിനു മുന്നിൽ യങ്ങിന് പിടിച്ചു നിൽക്കാനായില്ല.

ആദ്യ രണ്ടു പന്തുകൾ ഫോറാണെങ്കിൽ മൂന്നാം പന്ത് ഡീപ് മിഡ്‍വിക്കറ്റിൽ ഒരു സിക്സര്‍. നാലാം പന്ത് ഫോറും അഞ്ചാം പന്ത് വീണ്ടുമൊരു സിക്സും പറത്തി ബ്രേസ്‍വെല്‍ കിവീസിനെ രക്ഷിച്ചെടുത്തു. 49.5 ഓവറിൽ 9 വിക്കറ്റിന് ന്യൂസീലൻഡ് 305. ഒരു പന്തു ബാക്കി നിൽക്കെ ഒരു വിക്കറ്റ് ജയം. അവസാന പത്ത് ഓവറുകളിൽ നേരിട്ട 36 പന്തിൽനിന്ന് ബ്രേസ്‍വെൽ നേടിയത് 86 റൺസ്!

പുരുഷ ഏകദിന ക്രിക്കറ്റിലെ 50–ാം ഓവറിൽ പിന്തുടർന്നു ജയിച്ച ഏറ്റവും ഉയർന്ന സ്കോറാണ് കിവീസ് അടിച്ചെടുത്തത്. 1987ലെ ഇംഗ്ലണ്ട്– ഓസ്ട്രേലിയ മത്സരത്തിലെ 50–ാം ഓവറിലെ 18 റൺസ് വിജയലക്ഷ്യം ഇതോടെ പഴങ്കഥയായി. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും മികച്ച പ്രകടനം നടത്തിയ ശേഷം അയർലൻഡ് പൊരുതി വീണിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 226 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടിയായി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് അയർലൻഡ് നേടിയത്. ഐറിഷ് തോൽവി വെറും നാല് റൺസിന്.

English Summary: Ireland vs New Zealand 1st ODI Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com