ADVERTISEMENT

മെഹ്സാന (ഗുജറാത്ത്) ∙ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ഈ വാർത്ത വായിച്ചു കഴിഞ്ഞും സംശയം തോന്നിയാൽ സ്വാഭാവികം! അത്രയ്ക്ക് അവിശ്വസനീയമായൊരു ‘ക്രിക്കറ്റ് തട്ടിപ്പാണ്’ ഗുജറാത്തിലെ മെഹ്സാനയിൽ പൊലീസ് പിടികൂടിയത്. ഷോയിബ് ദാവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പു നടന്നത്. ഇയാൾക്കു പുറമേ മറ്റു 3 പേരെക്കൂടിയാണ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദിൽനിന്ന് 67 കിലോമീറ്റർ ദൂരെയുള്ള മെഹ്സാനയിലെ മോലിപുർ ഗ്രാമത്തിലാണ് സംഭവം. കൃഷിസ്ഥലം വാടകയ്ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സെറ്റിട്ടായിരുന്നു തട്ടിപ്പ്. ‘ഒറിജിനാലിറ്റി’ക്കു വേണ്ടി ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചു. ഐപിഎലിന്റെ മാതൃകയിൽ ടീമുകൾക്കു പേരിട്ടു. ഈ ടീമുകളിൽ കളിക്കാൻ ആളുകളെ ദിവസക്കൂലിക്കു നിയമിച്ചു. ഇന്ത്യയിലെ ‘വൻകിട ലീഗ്’ എന്ന രീതിയിൽ യുട്യൂബിൽ ലൈവ് സ്ട്രീമിങ് നടത്തി റഷ്യയിലെ വാതുവയ്പുകാരെ കബളിപ്പിച്ചു. ഐപിഎൽ പോലെ ഏതോ വലിയ ലീഗാണെന്നു തെറ്റിദ്ധരിച്ച റഷ്യക്കാർ വാതുവയ്പിനിറങ്ങി. വാതുവയ്പിന്റെ വിവരങ്ങൾ റഷ്യയിൽനിന്ന് ഇവിടേക്കു ചോർത്തി നൽകി കളിയിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ: അടുത്തയിടെ റഷ്യയിൽനിന്നു തിരികെ മെഹ്സാനയിലെത്തിയ ഷോയിബാണ് സൂത്രധാരൻ. വാതുവയ്പിനു പേരുകേട്ട, റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനായിരുന്നു ഷോയിബ്. ഇവിടെ വച്ചു പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്റെ ഉപദേശ പ്രകാരമാണ് ഐപിഎൽ മാതൃകയിൽ തട്ടിപ്പു ലീഗ് നടത്താൻ തീരുമാനിച്ചത്.ഇതിനായി കൃഷിസ്ഥലം വാടകയ്ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടാക്കി. ‘സെഞ്ചറി ഹിറ്റേഴ്സ് ട്വന്റി20’ എന്ന പേരിലായിരുന്നു മത്സരങ്ങൾ. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗർ ചാലഞ്ചേഴ്സ്, പാലൻപുർ സ്പോർട്സ് കിങ്സ് എന്നിങ്ങനെ ടീമുകൾക്കു പേരിട്ടു. 

ഇവർക്കു പ്രത്യേക ജഴ്സികളും തയാറാക്കി. കർഷകരെയും പ്രദേശത്തെ ചെറുപ്പക്കാരെയും ഉൾപ്പെടുത്തിയാണു ടീമുണ്ടാക്കിയത്. ഒരു കളിക്ക് 400 രൂപയായിരുന്നു ഇവർക്കു പ്രതിഫലം.രണ്ടാഴ്ച മുൻപ് കളികളുടെ ‘സംപ്രേഷണം’ തുടങ്ങി. റഷ്യയിലുള്ള ആസിഫ് വാതുവയ്പുകാരുമായി ബന്ധപ്പെട്ട് ബെറ്റുകൾ സ്വീകരിച്ചു തുടങ്ങി. ഈ വിവരം മോലിപുറിലുള്ള ഷോയിബിന്റെ സംഘാംഗം സാക്കിബിനെ ആസിഫ് ടെലിഗ്രാം ആപ് വഴി അറിയിക്കും. സാക്കിബ് ഈ വിവരം ഗ്രൗണ്ടിൽ അംപയർമാരുടെ വേഷത്തിലുള്ള മറ്റു സംഘാംഗങ്ങളെ വോക്കി ടോക്കി വഴി അറിയിക്കും.

ഐപിഎലിന്റെ വരവോടെ വാതുവയ്പിൽ ഹരം കയറിയ റഷ്യക്കാരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. ഐപിഎൽ മാതൃകയിൽ സംപ്രേഷണം ചെയ്ത കളിയിൽ സ്കോറും മറ്റും പ്രഫഷനൽ ഗ്രാഫിക്സ് ഉപയോഗിച്ചാണു ചേർത്തിരുന്നത്. വിശ്വസനീയത കൂട്ടാൻ പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ ശബ്ദം അനുകരിക്കുന്ന ഒരാളെയും നിയോഗിച്ചിരുന്നു.മത്സരത്തിൽ ഒരു പന്ത് വൈഡ് ആകുന്ന രീതിയിലൊരു വാതുവയ്പ് വന്നാൽ, ഈ വിവരം ആസിഫ് അറിയിക്കുകയും അത് അംപയർമാരിലൂടെ കളിക്കാരിൽ എത്തിക്കുകയും ചെയ്യും. ബോളർ ഈ നിർദേശം പാലിച്ച് സംഘാടകർക്കു പണം കിട്ടുന്ന രീതിയിൽ തട്ടിപ്പു തുടരുകയായിരുന്നു. കളിക്കാർക്ക് നിർദേശം നൽകുകയായിരുന്നു അംപയർമാരുടെ പ്രധാന ജോലി. ഈ മത്സരങ്ങൾ ഇപ്പോഴും യൂട്യൂബിൽ സെഞ്ചറി ഹിറ്റേഴ്സ് എന്ന ചാനലിൽ ലഭ്യമാണ്.

English Summary: Fake IPL in Gujarat village dupes Russian punters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com