കാഴ്ചയിൽ ഏറെക്കുറെ ഒന്നാണെന്നു തോന്നിയേക്കാവുന്ന, എന്നാൽ സാങ്കേതികമായി പ്രകടമായ വ്യത്യാസങ്ങളുള്ള രണ്ട് ബാറ്റിങ് ഷോട്ടുകളാണ് പുൾ ഷോട്ടും ഹുക്ക് ഷോട്ടും. ഷോർട് പിച്ച് പന്തുകൾക്കെതിരെ ലെഗ് സൈഡിലേക്കാണ് രണ്ടു ഷോട്ടുകളും കളിക്കുന്നത് എന്നതാണു പ്രധാന സാമ്യം. എന്നാൽ രണ്ടു ഷോട്ടുകൾക്കും തിരഞ്ഞെടുക്കുന്ന പന്തുകളുടെ ലൈനിലും ലെങ്ത്തിലും നേരിയ വ്യത്യാസം ഉണ്ട്.
ലെഗ് സ്റ്റംപ് ലൈനിലോ പുറത്തോ പിച്ച് ചെയ്യുന്ന, ബാറ്ററുടെ തോളിനെക്കാൾ ഉയർന്നു പൊങ്ങുന്ന ഷോർട്ട് പിച്ച് പന്തുകളാണ് പൊതുവെ ഹുക്ക് ഷോട്ടിനായി തിരഞ്ഞെടുക്കുക. സ്ക്വയർ ലെഗ്, ബാക്ക്‌വേഡ് സ്ക്വയർ ലെഗ്, ഫൈൻ ലെഗ് തുടങ്ങിയ ഭാഗത്തേക്കാണ് ഹുക്ക് ഷോട്ട് പൊതുവെ കളിക്കാറുള്ളത്. ബാറ്റർക്ക് പൂർണമായ നിയന്ത്രണം ഇല്ലാത്തതിനാൽ പന്തിന്റെ വേഗം ഉപയോഗപ്പെടുത്തി ഗ്രൗണ്ട് ഷോട്ട് കളിക്കാതെ, സിക്സ് നേടാനാണ് ഹുക്ക് ഷോട്ട് വഴി ശ്രമിക്കുക. പുൾ ഷോട്ടിലേക്കു വരുമ്പോൾ പന്ത് ലെഗ് സ്റ്റംപിൽ തന്നെ പിച്ച് ചെയ്യണമെന്നു നിർബന്ധമില്ല.
ഓഫ് സ്റ്റംപ് ലൈനിൽ (ചിലപ്പോൾ ഓഫ് സ്റ്റംപിനു പുറത്തും) പിച്ച് ചെയ്യുന്ന, ബാറ്ററുടെ നെഞ്ചിന്റെ ഉയരത്തിലോ അതിനു താഴെയോ ആയി ബൗൺസ് ചെയ്യുന്ന ഷോർട്ട് പിച്ച് പന്തുകളാണ് പുൾ ഷോട്ടിനായി ബാറ്റർമാർ തിരഞ്ഞെടുക്കാറുള്ളത്. പുൾ ഷോട്ട് കളിക്കുമ്പോൾ പന്ത് ഉയർന്നു പൊങ്ങാതെ പരമാവധി ഗ്രൗണ്ട് ലെവലിൽ കളിക്കാനാണ് ബാറ്റർമാർ ശ്രമിക്കാറ്.അതുകൊണ്ടു തന്നെ ഹുക്ക് ഷോട്ടിനെക്കൾ നിയന്ത്രണം പുൾ ഷോട്ടിനു മേൽ ബാറ്റർക്ക് ഉണ്ടാകും.
English Summary: What is hook shot and pull shot in cricket