‘പാക്ക് പേസർ ടീം ഇന്ത്യയെ തകർത്തെറിഞ്ഞു, മുൻനിര ബാറ്റർമാർ ഭയപ്പെടേണ്ട കാര്യമില്ല’; മുന്നറിയിപ്പ്

Mail This Article
ലണ്ടൻ∙ മാഞ്ചസ്റ്ററിൽ ഞായറാഴ്ച ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനു തകർത്ത് ഏകദിന പരമ്പര 2–1ന് സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിൽ ടീം ഇന്ത്യ ഏകദിന പരമ്പര വിജയിക്കുന്നത്. അതേസമയം ഇടംകയ്യൻ ഫാസ്റ്റ് ബോളർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാര്‍ ബുദ്ധിമുട്ടുകയാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇംഗ്ലിഷ് പേസർ റീസ് ടോപ്‍ലി ആറു വിക്കറ്റ് വീഴ്ത്തിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 100 റൺസ് തോൽവി വഴങ്ങിയതും ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യ അതിശക്തരായ ടീമാണ്. എന്നാൽ മുൻപ് നടന്നതിൽനിന്ന് അവർ പാഠം പഠിക്കണം. യുഎഇയിൽ നടന്ന 2021 ലോകകപ്പിൽ ഇന്ത്യന്‍ ബാറ്റർമാർ ഭയത്തോടെയാണു കളിച്ചത്. അതു മാറണം. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ ബാറ്റർമാരുള്ളപ്പോൾ മുൻനിര ബാറ്റർമാർ ഭയപ്പെടേണ്ട കാര്യമില്ല. ഇടംകയ്യൻ പേസർമാർക്കെതിരെ ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി നന്നായി ബാറ്റു ചെയ്യണം. പാക്ക് പേസർ ഷഹീന്‍ അഫ്രിദി ദുബായിൽ ഇന്ത്യയെ തകർത്തെറിഞ്ഞത് ചരിത്രം പറയുന്നുണ്ട്’’– നാസർ ഹുസൈൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഓൾഡ് ട്രാഫഡിൽ റീസ് ടോപ്‌ലി ഇന്ത്യയ്ക്കു മേൽ പ്രഹരമേൽപിച്ചു. ഓവലിൽ 2017 ചാംപ്യൻസ് ലീഗിൽ പാക്ക് താരം മുഹമ്മദ് ആമിറിനെതിരെ ഇന്ത്യൻ മുൻനിര ബാറ്റർമാർ ബുദ്ധിമുട്ടി. ആമിറിനു മുന്നിൽ ആദ്യ ഒൻപത് ഓവറുകളിൽ മൂന്ന് ബാറ്റർമാരെയാണ് ഇന്ത്യയ്ക്കു നഷ്ടമായത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകൾ കളിക്കുന്നതു പോലെ തന്നെ ഇന്ത്യ ഐസിസി ടൂർണമെന്റുകളിലും കളിക്കേണ്ടതുണ്ട്.’’– അദ്ദേഹം വ്യക്തമാക്കി.
English Summary: Nasser Hussain speaks about India’s top-order woes