ADVERTISEMENT

ന്യൂഡൽഹി∙ റഷ്യൻ വാതുവയ്പുകാരെ കെണിയിൽ വീഴ്ത്താൻ ഇന്ത്യയിൽ വീണ്ടും ‘വ്യാജ ഐപിഎൽ മത്സരങ്ങൾ’ നടത്തിയതായി ഉത്ത‍ർപ്രദേശ് പൊലീസ്. യുപിയിലെ ഹാപൂരിലാണ് ഇത്തവണ തട്ടിപ്പ് ക്രിക്കറ്റ് നടന്നത്. ആഴ്ചകൾക്കു മുൻപ് കൃഷിയിടത്തിൽ സെറ്റിട്ട് വ്യാജ ഐപിഎൽ നടത്തിയതിനു ഗുജറാത്തിൽ നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. യുപിയിൽ മത്സരത്തിനിടെ പൊലീസ് ഇടപെട്ടാണു പ്രതികളെ പിടികൂടിയതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘ബിഗ് ബാഷ് പഞ്ചാബ് ട്വന്റി20 ലീഗ്’ എന്നായിരുന്നു വ്യാജ ക്രിക്കറ്റ് ലീഗിനു തട്ടിപ്പുകാർ പേരിട്ടത്. യുപിയിലെ തട്ടിപ്പും റഷ്യൻ വാതുവയ്പുകാരെ ലക്ഷ്യമിട്ടാണെന്നു പൊലീസ് വ്യക്തമാക്കി. യുട്യൂബ് ചാനൽ വഴി വാതുവയ്പുകാരെ മത്സരം ലൈവായി കാണിച്ചാണ് തട്ടിപ്പുകാർ റഷ്യക്കാരെ ആകർഷിക്കുന്നത്. ഹാപുരിൽ ക്രിക്കറ്റ് അറിയുന്ന ആളുകളെ ടീമുകളാക്കിയാണ് മത്സരം നടത്തിയത്. ഓരോ മത്സരത്തിനും താരങ്ങൾക്ക് 30,000 മുതൽ 40,000 രൂപ വരെയാണു പ്രതിഫലം നൽകിയതെന്നും പൊലീസ് അറിയിച്ചു.

മീററ്റ് സ്വദേശി ഷബു അഹമ്മദ്, ഗ്വാളിയോറിൽനിന്നുള്ള ഋഷഭ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സരം ലൈവായി കാണിക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ അഞ്ചു മാസങ്ങളായി തട്ടിപ്പു നടന്നതായാണു പൊലീസ് പറയുന്നത്. ഒരു ആപ് ഉപയോഗിച്ചാണ് റഷ്യൻ വാതുവയ്പുകാർ തട്ടിപ്പിൽ ഓൺലൈനായി പങ്കെടുത്തത്. ‌മീററ്റിലെ സുധ ക്രിക്കറ്റ് ഗ്രൗണ്ടിലും മത്സരങ്ങൾ നടത്തിയിരുന്നു. അതിനു മുൻപ് ഒരു സ്കൂൾ ഗ്രൗണ്ടിലും ‘വ്യാജ മത്സരങ്ങൾ’ നടത്തി. കേസിൽ കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തിലെ പാക്കിസ്ഥാൻ ബന്ധവും യുപി പൊലീസ് അന്വേഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യാജ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലേക്കു പല തവണ ഫോൺ വിളികളുണ്ടായതായി പൊലീസ് കണ്ടെത്തി. റഷ്യയിലേക്കും ശ്രീലങ്കയിലേക്കും തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

English Summary: Police busts fake IPL tournament, international betting racket in Hapur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com