ADVERTISEMENT

തിരുവനന്തപുരം∙ കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നു. ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം സെപ്റ്റംബർ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയിൽ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ മത്സരമാണ് കാര്യവട്ടത്തേത്. ഇതിനു തൊട്ടു മുൻപ് സെപ്റ്റംബർ രണ്ടാം പകുതിയിൽ ഓസ്ട്രേലിയയും ഇന്ത്യയിൽ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്നുണ്ട്. ഇതിൽ പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് നടത്താൻ മുൻപ് ധാരണയായിരുന്നു. മത്സരം നടത്താൻ തയാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ അറിയിക്കുകയും ചെയ്തു.

എന്നാൽ ആ മത്സരം കഴിഞ്ഞ് സിംഗപ്പുർ വഴി മടങ്ങാൻ തിരുവനന്തപുരത്തുനിന്ന് മതിയായ വിമാന സർവീസ് ഇല്ലെന്ന അസൗകര്യം പരിഗണിച്ച് ആ മത്സരം ഹൈദരാബാദിലേക്കു മാറ്റാൻ തീരുമാനിച്ചു. പകരമായാണു ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം തിരുവനന്തപുരത്തിന് അനുവദിക്കാൻ ബിസിസിഐ ഫിക്സർ കമ്മിറ്റി തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് മൂന്നാം തരംഗം വന്നതോടെ ആ പരമ്പരയിലെ മത്സരങ്ങളെല്ലാം ഒരിടത്തു നടത്താൻ തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തിന് അവസരം നഷ്ടമാവുകയായിരുന്നു.

ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നത്. 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബർ 8നു നടന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 ആയിരുന്നു ഇവിടെ നടന്ന അവസാന മത്സരം. 

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ആർമി റിക്രൂട്മെന്റ് റാലിക്ക് അനുവദിച്ചതിനെ തുടർന്ന് തകർന്ന സ്റ്റേഡിയത്തിലെ ടർഫ് കെസിഎ 70 ലക്ഷത്തോളം രൂപ മുടക്കിയാണു നവീകരിച്ചത്. ദക്ഷിണാഫ്രിക്കൻ ടീം ആദ്യമായാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്നത്. മുൻപ് 2000ൽ കൊച്ചിയിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മത്സരം നടന്നിട്ടുണ്ട്. 

English Summary: India Vs South Africa T20 Match To Be Held In Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com