ADVERTISEMENT

തിരുവനന്തപുരം ∙ കരിയർ കരുപ്പിടിപ്പിക്കാൻ പെടാപ്പാടു പെടുന്ന ക്രിക്കറ്റ് താരത്തിന് സഹായവുമായി പ്രശസ്ത സിനിമാ താരം മഡോണ സെബാസ്റ്റ്യൻ. കേരള ടെന്നീസ് ബോൾ ക്രിക്കറ്റിലെ മിന്നും താരമായ വൈശാഖിനാണ് മഡോണയുടെ സഹായം ലഭിച്ചത്. വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞാണ് സഹായ ഹസ്തവുമായി മഡോണയെത്തിയത്. അവിചാരിതമായിട്ടാണ് മഡോണ തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ സ്പോൺസറായത്. ഇതിനു നിമിത്തമായ മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ പരിശീലകനുമായ റൈഫി വിൻസന്റ് ഗോമസിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമാക്കഥ പോലെയാണ് മഡോണ വൈശാഖിന്റെ ജീവിതത്തിലേക്കു സ്പോൺസറായി എത്തുന്നത്. ദേശീയ ടെന്നിസ് ബോൾ ക്രിക്കറ്റ് താരമാണ് വൈശാഖ്. കൃത്യമായ പരിശീലനം ലഭിച്ചാൽ മുൻനിര ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാകാൻ വൈശാഖിനു സാധിക്കും. ഒരിക്കൽ എജിഎസ് ക്രിക്കറ്റ് അക്കാദമിയിലെ അംഗം ഷാനു വൈശാഖിന്റെ കളി കാണാനിടയായി. ഷാനുവാണ് വൈശാഖിനെക്കുറിച്ച് എന്നോട് പറയുന്നത്.

വൈശാഖിന്റെ ബോളിങ് സ്പീഡും കായികക്ഷമതയും എന്നെ അദ്ഭുതപ്പെടുത്തി. നല്ല പരിശീലനം നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റിനു തന്നെ മുതൽക്കൂട്ടാകാൻ വൈശാഖിനു സാധിക്കും. അടുത്തറിഞ്ഞപ്പോഴാണ് വൈശാഖിന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. അച്ഛനു പ്രായമായതിനാൽ ജോലിക്കൊന്നും പോകാൻ സാധിക്കില്ല. വൈശാഖ് ചെയ്യുന്ന ചെറിയ ജോലികൾ കൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിനു വേണ്ട ഡയറ്റോ ജിമ്മിലെ വ്യായാമമോ ഒന്നും ലഭിക്കാൻ തക്ക സാഹചര്യമായിരുന്നില്ല.

ഇഞ്ചക്കലിൽ നിന്നും അക്കാദമിയിലേക്ക് സൈക്കിളിലാണ് വന്നിരുന്നത്. എനിക്കതിൽ വിഷമമുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് മഡോണ. ഒരു കുടുംബസംഗമത്തിന്റെ ഇടയ്ക്ക് എന്തോ കാര്യം സംസാരിച്ച കൂട്ടത്തിൽ വൈശാഖിനെക്കുറിച്ചും ഞാൻ പറഞ്ഞു. വൈശാഖിന്റെ അവസ്ഥ കേട്ടയുടൻ സ്പോൺസർ ചെയ്യാൻ തയാറാണെന്ന് മഡോണ ഇങ്ങോട്ടു പറയുകയായിരുന്നു. രണ്ടു വർഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചെലവും വഹിക്കുന്നത് മഡോണയാണ്. അപ്രതീക്ഷിതമായി കൈവന്ന ഒരു ഭാഗ്യമാണിത്.

English Summary: Actress Madonna To Sponsor Cricketer Vaishakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com