ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡിനെ വിമർശിച്ച് വാർത്തകളിൽ നിറഞ്ഞ താരമാണ് അഹമ്മദ് ഷെഹ്സാദ്. തന്റെ കരിയർ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും പരിശീലകരും ചേർന്നു നശിപ്പിക്കുകയാണെന്നാണു ഷെഹ്സാദിന്റെ വാദം. എന്നാൽ ഷെഹ്സാദിന്റേതു നിരാശയിൽനിന്നുണ്ടാകുന്ന പ്രതികരണം മാത്രമാണെന്നു പാക്ക് ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജ ‌തിരിച്ചടിച്ചു. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപേ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി ഷെഹ്സാദ് പരസ്യമായി തർക്കിക്കുകയും ചെയ്തു.

ഒരു പാക്കിസ്ഥാന്‍ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു അഫ്രീദിയോട് അഹമ്മദ് ഷെഹ്സാദ് തർക്കിച്ചത്. ഷെഹ്സാദിനെ ടീമിലേക്കു പരിഗണിക്കാത്ത സംഭവത്തിൽ അദ്ദേഹത്തിന് പിന്തുണ അറിയിക്കുന്നതായി അഫ്രീദി ചർച്ചയിൽ പറഞ്ഞു. ‘‘ഞാന്‍ കാരണമാണ് ഷെഹ്സാദിനെ ഇപ്പോൾ ലക്ഷ്യമിടുന്നത്. കാരണം ഞാന്‍ അദ്ദേഹത്തെ വളരെയേറെ പിന്തുണച്ചിരുന്നു. ഞാൻ ഷെഹ്സാദിന് കൂടുതൽ അവസരങ്ങൾ നൽകി. അതുകൊണ്ടു തന്നെ ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കരിയറിൽ അതു നെഗറ്റീവായി മാറി. ഷെഹ്സാദ് എനിക്കു പ്രിയപ്പെട്ട താരമാണെന്നു ചിലർ കരുതി.’’

‘‘ഷെഹ്സാദിന്റെ അത്രയും മികവുള്ള ഓപ്പണറെ പാക്കിസ്ഥാൻ ടീമിൽ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ നല്‍കിയത്. നല്ല പ്രകടനമാണ് ഷെഹ്സാദ് ബാറ്റിങ്ങിൽ നടത്തിയത്. എല്ലാ മത്സരങ്ങളിലും അദ്ദേഹം മികച്ചുനിന്നില്ലായിരിക്കാം. എന്നാൽ ഞാൻ കാരണമാണു ഷെഹ്സാദിനെ ചിലർ ലക്ഷ്യമിടുന്നത്.’’– അഫ്രീദി പറഞ്ഞു.

ഇതിനു പിന്നാലെയാണ് അഫ്രീദിക്കെതിരെ ഷെഹ്സാദ് രംഗത്തെത്തിയത്. ‘‘ അഫ്രീദി ഭായ്, നിങ്ങളെന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് എനിക്കു മനസ്സിലായിട്ടില്ല. നിങ്ങൾ എനിക്ക് മൂത്ത സഹോദരനെ പോലെയാണ്. എന്തും പറയാം. ചിലപ്പോഴൊക്കെ അത് എന്നെ വേദനിപ്പിക്കും. എങ്കിലും നിങ്ങൾ എന്റെ സഹോദരനാണ്’’– ഷെഹ്സാദ് പ്രതികരിച്ചു. ‘‘നിങ്ങൾ റൺസ് കണ്ടെത്തണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമുള്ള ജീവിതം ആസ്വദിക്കുക. നിങ്ങളുടെ ജീവിതം ദൈവം മനോഹരമാക്കിയിരിക്കുന്നു.’’– എന്നായിരുന്നു അഫ്രീദിയുടെ മറുപടി.

ഇതോടെ അഹമ്മദ് ഷെഹ്സാദിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വീട്ടിലിരുന്ന് റൺസ് കണ്ടെത്തണമോയെന്നാണു ഷെഹ്സാദ് പ്രതികരിച്ചത്. ‘‘എനിക്കു റൺസ് സ്കോർ ചെയ്യണമെന്നു തന്നെയാണു ഞാൻ പറയുന്നത്. എന്നാൽ എനിക്കു കളിക്കാൻ സാധിക്കുന്ന മത്സരങ്ങളിലെങ്കിലും ഒഴിവാക്കാതിരുന്നുകൂടെ. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ ടീമുകൾ എനിക്കു വേണ്ടി താൽപര്യം അറിയിച്ചപ്പോൾ ആരാണു വിലക്കിയത്?.നിങ്ങൾ പറയൂ, എവിടെയാണു ഞാൻ റൺസ് കണ്ടെത്തേണ്ടത്? എന്റെ വീട്ടിലോ?’’– ഷെഹ്സാദ് ചോദിച്ചു. ഷെഹ്സാദിനെ ടീമിന്റെ പരിശീലന ക്യാംപിൽ പോലും പ്രവേശിപ്പിക്കുന്നില്ലെന്ന് മുൻ പാക്കിസ്ഥാന്‍ താരം കമ്രാൻ അക്മൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

English Summary: 'You tell me, where do I score runs? At my home?': Afridi, Shehzad engage in heated discussion over PAK star's absence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com