ADVERTISEMENT

ട്രിനിഡാഡ്∙ ‘വിശ്രമകാലത്തിനു’ ശേഷം തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടിയാണ് രോഹിത് തിരിച്ചുവരവ് ആഘോഷമാക്കിയത്. 44 പന്തുകൾ നേരിട്ട രോഹിത് നേടിയത് 64 റൺസ്. 35 പന്തുകളിൽ താരം അർധസെഞ്ചറി പൂർത്തിയാക്കി. ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് രോഹിത് ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്.

മികച്ച ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിയ രോഹിത് ട്വന്റി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ ആഴ്ചയാണ് ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിൽ ട്വന്റി20 സ്കോറിൽ രോഹിത് ശർമയെ മറികടന്നത്. രോഹിതിനെതിരെ 20 റൺസ് മാത്രമായിരുന്നു ഗപ്ടിലിന് അധികമായുണ്ടായിരുന്നത്. അർധസെഞ്ചറിയോടെ രോഹിത് വീണ്ടും ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. ട്വന്റി20യിൽ 129 മത്സരങ്ങൾ കളിച്ച രോഹിത് ശർമ 3443 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഗപ്ടിലിന് 3399 റണ്‍സുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിനു പിന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയുമുണ്ട്. 3,308 റൺസാണു വിരാട് കോലി നേടിയത്. അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങും ഓസ്ട്രേലിയ ക്യാപ്റ്റൻ ആരൺ ഫിഞ്ചുമാണ് ട്വന്റി20 റൺ വേട്ടയിൽ കോലിക്കു പിറകിലുള്ള താരങ്ങൾ. ട്വന്റി20യിൽ 50 നു മുകളിൽ സ്കോറുകള്‍ കൂടുതലുള്ള താരമെന്ന നേട്ടത്തിൽ കോലിയെ രോഹിത് പിന്നിലാക്കി. രോഹിത് ശർമ 31 തവണ 50 റൺസ് പിന്നിട്ടപ്പോൾ കോലി 30 വട്ടമാണ് 50 കടന്നത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം (27) കോലിക്കു തൊട്ടുപിന്നിലുണ്ട്.

ഒന്നാം ട്വന്റി20യിൽ 68 റൺസിന്റെ ഉജ്വലജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 20 ഓവറിൽ 8ന് 122 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് (19 പന്തിൽ 41*) ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കാർത്തിക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary: Rohit surpasses Kohli, scripts two sensational world records during IND vs WI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com