ADVERTISEMENT

സെന്റ് കിറ്റ്സ്∙ ഇന്ത്യ– വെസ്റ്റിന്‍‍ഡീസ് രണ്ടാം ട്വന്റി20 മത്സരം കളിച്ച ബാസ്റ്റെയറിലെ ഗ്രൗണ്ട് ടീം ഇന്ത്യയ്ക്ക് അത്ര പരിചിതമല്ല. ഇന്ത്യ ആദ്യമായാണ് ഈ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. എന്നാൽ വിൻഡീസ് ഇന്നലത്തേതും കൂട്ടി ഇവിടെ ഒൻപതു കളികൾക്കിറങ്ങി. അതിൽ തോറ്റതു രണ്ടെണ്ണത്തിൽ മാത്രം. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങിയ വിൻഡീസ് മത്സരത്തിലുടനീളം അതു പ്രകടമാക്കുകയും ചെയ്തു. ടോസ് നേടിയ വിൻ‍ഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാന്‍ സംശയമേതുമില്ലാതെയാണ് ഇന്ത്യയെ ബാറ്റിങ്ങിനുവിട്ടത്.

തുടർന്ന് ഒബെദ് മക്കോയെന്ന ഇടംകയ്യൻ പേസറെ ആദ്യ ഓവറിൽ പന്തും നൽകി വിടുകയായിരുന്നു പുരാൻ‌. ആദ്യ പന്തിൽ രോഹിത് ശർമയെ പൂജ്യത്തിനു പുറത്താക്കി മക്കോയ് കളിയുടെ പോക്ക് എങ്ങോട്ടാണെന്നു കുറിച്ചിട്ടു. മക്കോയുടെ പന്തിൽ അകീൽ ഹൊസെയ്ൻ ക്യാച്ചെടുത്താണ് ആദ്യ പന്തിൽ ‍ഡക്കായി ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്. മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് 11 റൺസെടുത്ത സൂര്യകുമാർ യാദവിനെ വിക്കറ്റ് കീപ്പര്‍ ഡെവൻ തോമസിന്റെ കൈകളിലെത്തിച്ച് മക്കോയ് രണ്ടാം വിക്കറ്റ് നേടിയത്.

ഓപ്പണിങ് സഖ്യത്തെ പുറത്താക്കിയ ശേഷം ഇന്ത്യൻ മധ്യനിരയെയും തകർത്തെറിഞ്ഞു മക്കോയ്. വമ്പനടിക്കാരായ രവീന്ദ്ര ജഡേജ (30 പന്തിൽ 27), ദിനേഷ് കാർത്തിക്ക് (13 പന്തിൽ ഏഴ്) എന്നിവരെ പുറത്താക്കിയതിലൂടെ ഇന്ത്യയുടെ സ്കോറിങ്ങിലെ ‘ഫിനിഷിങ്ങിന്’ മക്കോയ് തടയിട്ടു. രവിചന്ദ്രൻ അശ്വിനെയും (ആറ് പന്തിൽ 10), ഭുവനേശ്വര്‍ കുമാറിനെയും (മൂന്ന് പന്തിൽ ഒന്ന്) പുറത്താക്കി മക്കോയ് വിക്കറ്റ് നേട്ടം ആറാക്കി. ട്വന്റി20 കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

നാല് ഓവറുകളെറിഞ്ഞ മക്കോയ് ആകെ വിട്ടു നൽകിയത് 17 റൺസ് മാത്രം. ഒരു ഓവർ മെയ്ഡൻ. മക്കോയുടെ പന്തുകളിൽ ഒരു സിക്സാണ് ഇന്ത്യൻ താരങ്ങൾ നേടിയ ഒരേയൊരു ബൗണ്ടറി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ പന്തെറിഞ്ഞ പരിചയവുമായാണ് മക്കോയ് സെന്റ് കീറ്റ്സിൽ ഇന്ത്യൻ താരങ്ങളെ നേരിടാനിറങ്ങിയത്. നേടിയ വിക്കറ്റുകളിലൊന്ന് രാജസ്ഥാൻ റോയൽസിലെ സഹതാരം ആർ. അശ്വിന്റേതുമാണ്.

ടീം ഇന്ത്യയെ 19.4 ഓവറിൽ 138 റണ്‍സിനു പുറത്താക്കിയതോടെ വിൻഡീസ് പകുതി ജയിച്ചു. ബാറ്റിങ്ങിൽ ഓപ്പണർ ബ്രാണ്ടൻ കിങ്ങും (52 പന്തിൽ 68), ഡെവോണ്‍ തോമസും (19 പന്തിൽ 31) തിളങ്ങിയതോടെ വിൻഡീസ് ജയം ഉറപ്പിച്ചു. ഇന്ത്യൻ ബോളര്‍മാരെ പ്രതിരോധിച്ച്നിന്ന് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയലക്ഷ്യത്തിലെത്തി. ജയത്തോടെ പരമ്പര 1–1 എന്ന നിലയിൽ സമനിലയിലാണ്. സെന്റ് കിറ്റ്സിൽ ഇന്ന് രാത്രി 9.30നാണ് മൂന്നാം പോരാട്ടം.

English Summary: Obed McCoy’s sensational six-wicket haul guides West Indies to series levelling win over India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com