സിഡ്നി∙ രാജ്യത്തിനുവേണ്ടി കളിക്കാതെ ട്വന്റി 20 മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയർ ക്രിക്കറ്റർ ബ്രാഡ് ഹോഗ്. രാജ്യാന്തര മത്സരങ്ങൾക്ക് പരിഗണന നൽകാതെ ട്വന്റി 20 മത്സരങ്ങൾക്ക് പ്രധാന്യം നൽകുന്ന തീരുമാനം രാജ്യത്തെ കായികമേഖലയുടെ വളർച്ചയെ മാത്രമല്ല, രാജ്യാന്തര മത്സരക്രമങ്ങളെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽനിന്നു പിൻമാറിയ ദക്ഷിണാഫ്രിക്ക സ്വന്തം ട്വന്റി 20 മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് ഹോഗിന്റെ വിമർശനം. ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തിനെതിരെ ഇതിനകം പലകോണിൽനിന്നും വിമർശനം ഉയർന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൂടുതൽ ജനപ്രിയമാകുന്നതോടെയാണ് ദക്ഷിണാഫ്രിക്കയിലും ഈ ചുവടുമാറ്റം.
യൂട്യൂബ് ചാനലിലൂടെയാണ് ഹോഗ് അഭിപ്രായം പങ്കുവച്ചത്. ‘‘ട്വന്റി 20 മത്സരങ്ങൾക്കായി ദേശീയ മത്സരങ്ങൾ ഉപേക്ഷിക്കുന്നത് ക്രിക്കറ്റിന്റെ വളർച്ചയെ ബാധിക്കും. തങ്ങളുടെ താരങ്ങൾ രാജ്യത്തിനുവേണ്ടി കളിക്കുന്നത് കുട്ടികൾ കാണണം. താരങ്ങൾ രാജ്യത്തിനുവേണ്ടി കളിക്കാതെ വന്നാൽ അടിത്തട്ടിൽപോലും മാറ്റങ്ങൾ സംഭവിക്കും. ബാബർ അസം ലോകം മുഴുവൻ ട്വന്റി 20 ടൂർണമെന്റ് കളിക്കുകയും പാക്കിസ്ഥാന് വേണ്ടി കളിക്കാതിരിക്കുക്കയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി’’– ഹോഗ് പറഞ്ഞു. ചില താരങ്ങൾ തുടർച്ചയായി രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽനിന്നു വിട്ടുനിൽക്കുകയാണെന്നും ഹോഗ് പറയുന്നു. ദക്ഷിണാഫ്രിക്കയും യുഎഇയുമാണ് സ്വന്തമായി ട്വന്റി 20 ലീഗ് മത്സരങ്ങൾ നടത്താൻ തയാറെടുക്കുന്നത്.
English Summary: Brad Hogg on country vs money debate