ADVERTISEMENT

ബാസ്റ്റെയർ ∙ പുറംവേദന അലട്ടിയതു മൂലം വെസ്റ്റിൻഡീസിനെതിരെ മൂന്നാം ട്വന്റി20യിൽ ബാറ്റിങ്ങിനിടെ റിട്ടയേഡ് ഹർട്ട് ആയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് മറ്റൊരു കാര്യത്തിൽ സന്തോഷമായി; ഓപ്പണിങ്ങിൽ തന്റെ പുതിയ പങ്കാളി സൂര്യകുമാർ യാദവ് ഇതാ ഫോമിലായിരിക്കുന്നു! 

ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യയുടെ തുടർ പരീക്ഷണങ്ങളിലൊന്നായിരുന്നു സൂര്യയെ ഓപ്പണിങ് സ്ഥാനത്ത് കളിപ്പിക്കുക എന്നതും. ആദ്യ 2 മത്സരങ്ങളിൽ അതത്ര ഫലിച്ചില്ല. പക്ഷേ മൂന്നാം മത്സരത്തിൽ സൂര്യ തീക്കാറ്റായി. 44 പന്തിൽ 76 റൺസ്, 8 ഫോർ, 4 സിക്സ്! ബൗണ്ടറികളെല്ലാം തനി സ്കൈ സ്റ്റൈലിൽ ക്രീസിൽ വട്ടം ചുറ്റിയുള്ള 360 ഡിഗ്രി സ്ട്രോക്കുകളിൽ തന്നെ!  7 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തുകയും ചെയ്തു. 

സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ്. ഇന്ത്യ– 19 ഓവറിൽ 3ന് 165. നാലാം മത്സരം ശനിയാഴ്ച ഫ്ലോറിഡയിലെ ലോഡർഹില്ലിൽ നടക്കും. ഓപ്പണർ കൈൽ മെയേഴ്സിന്റെ അർധ സെഞ്ചറിയുടെ (50 പന്തിൽ 73) മികവിലാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വിൻഡീസ് മികച്ച സ്കോറിലെത്തിയത്.  

പേസ് ബോളർ ആവേശ് ഖാനാണ് ഇന്ത്യൻ ബോളർമാരിൽ കൂടുതൽ അടി കൊണ്ടത്. 3 ഓവറിൽ 47 റൺസ്– ഇക്കോണമി നിരക്ക് 15.7! മറുപടി ബാറ്റിങ്ങിൽ രണ്ടാം ഓവറിൽത്തന്നെ പുറംവേദന അലട്ടിയ രോഹിത് (5 പന്തിൽ 11) റിട്ടയേഡ് ഹർട്ട് ആയി തിരിച്ചുകയറി. എന്നാൽ സൂര്യയുടെ ഇന്നിങ്സ് ഇന്ത്യയെ നയിച്ചു. ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളും ജയം അനായാസമാക്കി. 

സൂര്യകുമാർ 2–ാം റാങ്കിൽ

ദുബായ് ∙ വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20യിൽ തകർപ്പനടി നടത്തിയ ഇന്ത്യൻ ബാറ്റർ സുര്യകുമാർ യാദവ് ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ 2–ാം സ്ഥാനത്ത്. സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനമാണിത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമുമായി 2 പോയിന്റ് വ്യത്യാസം മാത്രം. ഇംഗ്ലണ്ട് പരമ്പരയിൽ 8 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ടബരേസ് ഷംസി ബോളർമാരുടെ റാങ്കിങ്ങിൽ 2–ാം സ്ഥാനത്തെത്തി. 

 

English Summary: Suryakumar Yadav continue his fine form 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com