ADVERTISEMENT

മുംബൈ ∙ ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ എട്ടാം തീയതി പ്രഖ്യാപിക്കാനിരിക്കെ, രണ്ടാം വിക്കറ്റ് കീപ്പറായി ആരാകും ടീമിലെത്തുക എന്ന ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവം. ഒന്നാം കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിലെത്തുമെന്ന് ഉറപ്പായതിനാൽ, രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലാണ് മത്സരം.

വൻ വിസ്ഫോടന ശേഷിയുള്ള ഓപ്പണർ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ വേണോ, അതോ അഴകും കരുത്തും ഒരുമിക്കുന്ന വമ്പൻ ഹിറ്റുകൾക്ക് ശേഷിയുള്ള മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പർ വേണോ എന്ന ചോദ്യന് സിലക്ടർമാർ കണ്ടെത്തുന്ന ഉത്തരമാകും ഇരുവരുടെയും കാര്യത്തിൽ നിർണായകമാകുക. ഓപ്പണിങ് സ്ലോട്ടിലേക്കാണ് താരത്തെ തേടുന്നതെങ്കിൽ ഇഷാൻ കിഷനു നറുക്കുവീഴും. മധ്യനിരയെ ശക്തിപ്പെടുത്താനാണ് തീരുമാനമെങ്കിൽ സ്വാഭാവികമായും സഞ്ജു ടീമിലെത്തും. രണ്ടിലൊരാൾ പുറത്തിരിക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതയേറെയും.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോർമാറ്റിലാണ് ഈ വർഷം ഏഷ്യാകപ്പ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണ് മത്സരങ്ങൾ. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റിനു വലിയ പ്രാധാന്യമുണ്ട്. ചേതൻ ശർമ അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റി പതിവുപോലെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമോ, അതോ കൂടുതൽ താരങ്ങൾക്ക് അവസരം നൽകാൻ 17 അംഗ ടീമിനെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യവുമുണ്ട്.

∙ ചാഹർ, രാഹുൽ തിരിച്ചെത്തും

പരുക്കുമൂലം കുറച്ചധികം കാലമായി ടീമിനു പുറത്തുള്ള കെ.എൽ.രാഹുലും ദീപക് ചാഹറും ടീമിൽ തിരിച്ചെത്തുമെന്ന് തീർച്ചയാണ്. സിംബാബ്‍വെയ്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് രാഹുൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതാണ് താരത്തിന്റെ തിരിച്ചുവരവ് വൈകിച്ചത്.

അടുത്തിടെയായി ഋഷഭ് പന്തിനെയും സൂര്യകുമാർ യാദവിനെയും രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളികളായി ടീം പരീക്ഷിച്ചെങ്കിലും, രാഹുൽ തിരിച്ചെത്തുന്നതോടെ അദ്ദേഹം തന്നെയാകും ഓപ്പണറുടെ റോളിലെത്തുക എന്നാണ് സൂചന. അതേസമയം, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഐപിഎലിൽ സ്ഥിരമായി പഴി കേൾക്കുന്ന രാഹുൽ, രോഹിത്തിനു കീഴിൽ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ശൈലിയിൽ വ്യത്യാസം വരുത്തേണ്ടി വരും.

‘‘കെ.എൽ.രാഹുലിന് ഒന്നും തെളിയിക്കാനില്ല. അദ്ദേഹം ക്ലാസ് ബാറ്ററാണ്. ട്വന്റി20യിൽ സ്പെഷലിസ്റ്റ് ഓപ്പണറായിട്ടാണ് രാഹുൽ എന്നും കളിച്ചിട്ടുള്ളത്. അദ്ദേഹം തിരിച്ചെത്തിയാലും അതു തുടരും. സൂര്യകുമാർ യാദവും ഋഷഭ് പന്തും മധ്യനിരയിലേക്കു മടങ്ങും’ – ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

∙ ആശങ്കയായി വിരാട് കോലിയുടെ ഫോം

മുൻ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം വിരാട് കോലിയുടെ കാര്യത്തിലും ചർച്ചകൾ വ്യാപകമാണ്. കുറച്ചുകാലമായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന കോലിയെ സിലക്ടർമാർ കൈവിടില്ലെന്നു തീർച്ചയാണെങ്കിലും, ലോകകപ്പിന് ഒരുങ്ങുന്ന ടീമിന് കോലി ബാധ്യതയാകുമോ എന്ന ആശങ്കയാണ് ഒരു വിഭാഗം ആരാധകർ പങ്കുവയ്ക്കുന്നത്.

എന്തായാലും ഏഷ്യാകപ്പിൽ വൺഡൗണായി കോലി എത്തുമെന്ന് തീർച്ചയാണ്. ഏഷ്യാകപ്പിൽ നിരാശപ്പെടുത്തിയാൽ പോലും കോലിയേപ്പോലൊരു താരത്തെ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ അവഗണിച്ചു കളയാൻ സിലക്ടർമാർക്ക് സാധിക്കില്ലെന്നതും വാസ്തവം.

അപ്രതീക്ഷിതമായി ഫിനിഷർ റോളിലേക്ക് ഉയർന്നുവന്ന ദിനേഷ് കാർത്തിക്കിനും ടീമിൽ ഇടമുറപ്പ്. കാർത്തിക്കിന്റെ പകരക്കാരനെന്ന നിലയിൽ ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സംസാരം.

∙ ബോളിങ്ങിലും കടുത്ത മത്സരം

പരുക്കിന്റെ പിടിയിലായിരുന്ന ദീപക് ചാഹർ കൂടി തിരിച്ചെത്തുന്നതോടെ ബോളിങ് നിരയിലും ടീമിൽ ഇടംപിടിക്കാൻ കടുത്ത മത്സരം നടക്കും. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ചാഹറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഹർഷൽ പട്ടേലും രംഗത്തുണ്ടെങ്കിലും നിലവിൽ പരുക്കിന്റെ പിടിയിലായ താരത്തിന് കായികക്ഷമത തെളിയിച്ചേ ടീമിലെത്താനാകൂ. മുഹമ്മദ് ഷമിയെ ഇനിമുതൽ ഏകദിനത്തിലും ടെസ്റ്റിലും മാത്രമേ പരിഗണിക്കൂവെന്ന് സിലക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ട്. ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയും പേസ് ബോളിങ് യൂണിറ്റിനെ സഹായിക്കാനുണ്ട്.

സ്പിൻ വിഭാഗം കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരായ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചെഹലുമെത്തും. ഇവർക്കൊപ്പം ഓൾറൗണ്ടറെന്ന നിലയിൽ രവീന്ദ്ര ജഡേജയുമുണ്ട്. ബാക് അപ് എന്ന നിലയിൽ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ തമ്മിലാണ് മത്സരം. വാഷിങ്ടൻ സുന്ദറിനെ തൽക്കാലം പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്.

∙ ഇന്ത്യയുടെ സാധ്യതാ ടീം

ടീമിൽ സ്ഥാനം ഏറെക്കുറെ ഉറപ്പുള്ളവർ

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ

ബാക്–അപ് ബാറ്റർമാർ: ദീപക് ഹൂഡ/ഇഷാൻ കിഷൻ/സഞ്ജു സാംസൺ

ബാക്–അപ് പേസർമാർ: അർഷ്ദീപ് സിങ്/ആവേശ് ഖാൻ/ദീപക് ചാഹർ/ഹർഷൽ പട്ടേൽ

ബാക്–അപ് സ്പിന്നർമാർ: അക്സർ പട്ടേൽ/കുൽദീപ് യാദവ്/രവി ബിഷ്ണോയ്

English Summary: Asia Cup 2022: KL Rahul, Deepak Chahar set for comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com