ബർമിങ്ങാം ∙ താരങ്ങളും കാണികളും ഒരു പോലെ പിരിമുറക്കമനുഭവിച്ച നിമിഷങ്ങൾക്കൊടുവിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ സെമിയിൽ 4 റൺസിനു തോൽപിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ചു. സ്മൃതി മന്ഥന (32 പന്തിൽ 61), ജെമിമ റോഡ്രിഗ്സ് (31 പന്തിൽ 44) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും അവസാന ഓവറിൽ ഉജ്വല ബോളിങ് കാഴ്ച വച്ച ഓഫ് സ്പിന്നർ സ്നേഹ റാണയുടെയും മികവിലാണ് ഇന്ത്യയുടെ വിജയം.
സ്കോർ: ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 164, ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റിന് 60. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. രണ്ടാം സെമിയിൽ ഓസ്ട്രേലിയ ന്യൂസീലൻഡിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചു.
ക്യാപ്റ്റൻ നതാലി സ്കീവർ (43 പന്തിൽ 41), അമി ജോൺസ് (24 പന്തിൽ 31) എന്നിവരാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. അവസാന 2 ഓവറിൽ ജയിക്കാൻ 27 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ നാറ്റ സിവർ (43 പന്തിൽ 41) ലക്ഷ്യം കടത്തുമെന്നു തോന്നിച്ച ഘട്ടത്തിൽനിന്നാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. പൂജ വസ്ത്രാകർ എറിഞ്ഞ 19–ാം ഓവറിലെ ആദ്യ 4 പന്തുകളിൽ പടുകൂറ്റൻ സിക്സറടക്കം സിവർ 13 റൺസ് നേടിയിരുന്നു.
അവസാന ഓവറിൽ 14 റൺസാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ സ്നേ റാണ വിട്ടുകൊടുത്തത് 9 റൺസ് മാത്രമാണ്. ഇന്ത്യയ്ക്കായി സ്നേ റാണ രണ്ടും ദീപ്തി ശർമ ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് ഇംഗ്ലണ്ട് ബാറ്റർമാർ റണ്ണൗട്ടായി.
∙ തിളങ്ങി സ്മൃതി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ സ്മൃതി മന്ഥന (32 പന്തിൽ 61), ജെമിമ റോഡ്രിഗസ് (31 പന്തിൽ 44*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
ഷെഫാലി വർമ(17 പന്തിൽ 15), ഹർമൻപ്രീത് കൗർ (20 പന്തിൽ 20), ദീപ്തി ശർമ (20 പന്തിൽ 22), പൂജ വസ്ത്രാകർ (പൂജ്യം), സ്നേ റാണ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ഇംഗ്ലണ്ടിനായി ഫ്രെയ കെംപ് രണ്ടു വിക്കറ്റും കാതറിൻ ബ്രൻഡ്, നതാലി സ്കീവർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
English Summary: England Women vs India Women, 1st Semi-Final