ADVERTISEMENT

കേപ്ടൗൺ ∙ ‘സ്ലോ മോഷൻ ശൈലി’യിലുള്ള ഔട്ട് സിഗ്‌നലിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യാന്തര അംപയർ റൂഡി കേട്സൻ (73) കാറപകടത്തിൽ കൊല്ലപ്പെട്ടു. കേപ്ടൗണിനു സമീപ പട്ടണമായ റിവർസ്ഡെയ്‌ലിൽ പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെയായായിരുന്നു കേട്സൻ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ട അപകടം. കേപ്ടൗണിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കേട്സനും സംഘവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കേട്സന്റെ മകൻ റൂഡി കേട്സൻ ജൂനിയർ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. മൂന്നു മക്കൾ കൂടി കേട്സനും ഭാര്യ ഹൈലയ്ക്കുമുണ്ട്.

സ്ലോ ഡെത്ത്

2002 മുതൽ 2010 വരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ എലീറ്റ് പാനൽ അംപയറായിരുന്ന കേട്സൻ 331 രാജ്യാന്തര മത്സരങ്ങൾ (108 ടെസ്റ്റ്, 209 ഏകദിനം, 14 ട്വന്റി20) നിയന്ത്രിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ അംപയർ അലീം ദർ (420 മത്സരങ്ങൾ) മാത്രമാണ് കേട്സനു മുന്നിലുള്ളത്.  ബോളറെയും ബാറ്ററെയും വിക്കറ്റ് കീപ്പറെയുമെല്ലാം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയതിനു ശേഷം പതിയെ വിരലുയർത്തി ഔട്ട് വിധിക്കുന്ന കേട്സന്റെ ശൈലി ഏറെ പ്രശസ്തമായിരുന്നു. ‘സ്ലോ ഡെത്ത്’ എന്ന വിളിപ്പേരിലാണ് ഇക്കാരണം കൊണ്ട് കേട്സൻ അറിയപ്പെടുന്നത്. പിന്നീട് ആത്മകഥ എഴുതിയപ്പോൾ ഇതേ വിശേഷണം തന്നെ കേട്സൻ പുസ്തകത്തിനു പേരായി സ്വീകരിച്ചു – ‘സ്ലോ ഡെത്ത്: മെമ്മോയേഴ്സ് ഓഫ് എ ക്രിക്കറ്റ് അംപയർ’.

കാർപെന്റർ, സൂപ്പർവൈസർ

റെയിൽവേയിൽ മരപ്പണിക്കാരനായും കെട്ടിട നിർമാണ സൂപ്പർവൈസറായും ജോലി നോക്കിയ ശേഷമാണ് കേട്‌സൻ അംപയറായത്. സൗമ്യനായ അംപയറായി അറിയപ്പെട്ടിരുന്ന കേട്സൻ പക്ഷേ ഒരു അംപയറിങ് തീരുമാനത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. 2007 ഏകദിന ലോകകപ്പ് ഫൈനലിൽ വെളിച്ചക്കുറവുണ്ടായിരുന്നിട്ടും കളി നിർത്തി വയ്ക്കാത്തതിന്റെ പേരിലായിരുന്നു അത്. ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിൽ നടന്ന ആ ഫൈനൽ മത്സരത്തിലെ മൂന്നാം അംപയറായിരുന്നു കേട്സൻ. 2010ൽ രാജ്യാന്തര അംപയറിങ്ങിൽ നിന്നു വിരമിച്ച കേട്സൻ പിന്നീടും ട്വന്റി20 ലീഗുകളിൽ അംപയറായി തുടർന്നു. 2011 ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരമാണ് അവസാനമായി നിയന്ത്രിച്ച പ്രധാന മത്സരം.

English Summary: Umpire Rudi Koertzen dies in a car crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com