2021 ഒക്ടോബർ 24ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചു പറയുമ്പോൾ പാക്കിസ്ഥാൻ മുൻ താരങ്ങളും ആരാധകരും ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും ഒക്കെ ഉപയോഗിക്കുന്നൊരു കാര്യമുണ്ട്. ട്വന്റി20 ലോകകപ്പിലെ ആ പത്തു വിക്കറ്റ് വിജയത്തെക്കുറിച്ചാണത്. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഒന്നുമല്ലാതാക്കി കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പാക്കിസ്ഥാൻ നേടിയ പത്ത് വിക്കറ്റ് വിജയം തന്നെ. പാക്ക് താരങ്ങളായ മുഹമ്മദ് റിസ്‍വാനും (55 പന്തിൽ 79), ക്യാപ്റ്റൻ ബാബർ അസമും (52 പന്തിൽ 68) അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നപ്പോൾ കാഴ്ചക്കാരാകാനേ ഇന്ത്യൻ താരങ്ങൾക്കും ആരാധകർക്കും സാധിച്ചുള്ളൂ.
ആ തോല്‍വിക്ക് ഒരു വർഷം തികയും മുന്‍പേ ടീം ഇന്ത്യ എല്ലാത്തിനും മധുരപ്രതികാരം നേടി കാര്യങ്ങൾ കളറാക്കിയിട്ടുണ്ട്. അന്ന് തോറ്റു മടങ്ങിയ അതേ വേദിയിൽ അഞ്ച് വിക്കറ്റിന്റെ തിളക്കമാര്‍ന്നൊരു വിജയം. വീണ്ടുമൊരു വിജയം ആഘോഷിക്കാൻ ഒരുങ്ങിയ പാക്ക് താരങ്ങളുടെ സ്വപ്നം അവസാന ഓവറിലെ നാലാം പന്തുവരെ കൊണ്ടെത്തിച്ച ശേഷമാണ് ഒരു സിക്സർ അകലത്തിൽ ഹാർദിക് പാണ്ഡ്യ തല്ലിക്കെടുത്തിയത്. ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയം ഇന്ത്യൻ ആരാധകരുടെ പൂരപ്പറമ്പായിരുന്നു. ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ കത്തിക്കയറിയപ്പോൾ ഗാലറി ആവോളം ആഘോഷമാക്കി.
കളിയിലെ താരം പാണ്ഡ്യ
ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ പാണ്ഡ്യ തന്നെയാണു ഇന്നലത്തെ കളിയിലെ താരം. ആദ്യം നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റു വീഴ്ത്തിയ പാണ്ഡ്യ ബാറ്റിങ്ങിൽ 17 പന്തിൽ 33 റൺസുമായി പുറത്താകാതെനിന്നു. നാലു ഫോറും ഒരു സിക്സുമാണ് പാണ്ഡ്യ ദുബായ് സ്റ്റേഡിയത്തിൽ അടിച്ചെടുത്തത്. ആ ഒരു സിക്സാണ് പാക്കിസ്ഥാന്റെ നെഞ്ചുലച്ച് കളി മാറ്റിയതും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 147 റൺസിനു പുറത്തായി. 42 പന്തിൽ 43 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് അവരുടെ ടോപ് സ്കോറർ.

22 പന്തിൽ 28 റൺസെടുത്ത് ഇഫ്തിഖർ അഹമ്മദും വാലറ്റത്ത് ആറു പന്തിൽ 16 റൺസെടുത്ത ഷാനവാസ് ദഹാനിയുമാണ് മറ്റു പ്രധാന സ്കോറർമാർ. 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാര്‍ ഇന്ത്യൻ ബോളർമാരിൽ മികച്ചു നിന്നു. ഇന്നലെ പാക്കിസ്ഥാന്റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരാണെന്നതാണു മറ്റൊരു പ്രത്യേകത. ട്വന്റി20യിൽ ആദ്യമായാണ് ഇന്ത്യൻ പേസർമാര്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്കു കെ.എൽ. രാഹുലിനെ നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ നസീം ഷായ്ക്ക് വിക്കറ്റ് നൽകി ഗോൾഡൻ ഡക്കായാണ് രാഹുലിന്റെ മടക്കം. പരുക്കിനു ശേഷം ടീമിൽ തിരിച്ചെത്തിയ രാഹുലിന് ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തിലും ഫോം കണ്ടെത്താൻ സാധിക്കാത്തത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. ക്യാപ്റ്റൻ രോഹിത് ശർമ 18 പന്തുകൾ നേരിട്ട് 12 റൺസെടുത്തു. തിരിച്ചുവരവിൽ മോശമല്ലാത്ത പ്രകടനം നടത്തിയ വിരാട് കോലി ഇന്ത്യയ്ക്ക് ആശ്വാസമാണ്. 34 പന്തുകൾ നേരിട്ട കോലി 35 റൺസെടുത്തു. മൂന്നു ഫോറും ഒരു സിക്സും താരം നേടി.
മധ്യനിരയിൽ രവീന്ദ്ര ജഡേജയും (29 പന്തിൽ 35), സൂര്യകുമാർ യാദവും (18 പന്തിൽ 18) ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട് മടങ്ങിയെങ്കിൽ കളി ജയിപ്പിക്കേണ്ട ചുമതല ഹാർദിക് പാണ്ഡ്യയ്ക്കായിരുന്നു. കുറച്ചുകാലം ക്രിക്കറ്റിനു പുറത്തായിരുന്നെങ്കിലും ഐപിഎൽ കിരീടവും ദേശീയ ടീമിനായി മിന്നും പ്രകടനങ്ങളും കൊണ്ട് പാണ്ഡ്യ ഇന്ത്യൻ ടീമിലെ ഓൾ റൗണ്ടർ കം ഫിനിഷർ റോൾ ഗംഭീരമാക്കുകയാണ്.
ലാസ്റ്റ് ഓവറിൽ ജയിക്കാൻ ഏഴ്, കളി മാറ്റിയ സിക്സ്
അവസാന ഓവറിൽ കളി ജയിക്കാൻ ഇന്ത്യയ്ക്ക് ഏഴു റൺസ് മാത്രമാണു വേണ്ടിയിരുന്നത്. പാക്കിസ്ഥാൻ സ്പിന്നർ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ നന്നായി കളിച്ചുകൊണ്ടിരുന്ന രവീന്ദ്ര ജഡേജ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. ഒരു ബൗണ്ടറിക്കു ശ്രമിച്ച ജഡേജ പന്ത് പിടികിട്ടാതെ ബോള്‍ഡാകുകയായിരുന്നു. ഈ സമയത്ത് നിരാശനായി എതിർവശത്ത് മുട്ടുകുത്തിയിരിക്കുകയായിരുന്നു പാണ്ഡ്യ. ജഡേജയ്ക്കു പകരമെത്തിയത് ഫിനിഷിങ്ങിൽ പേരു കേട്ട ദിനേഷ് കാർത്തിക്ക്.
ഇരുപതാം ഓവറിലെ രണ്ടാം പന്ത് കാർത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്ത് പാണ്ഡ്യയ്ക്കു തൊടാനായില്ല. തൊട്ടടുത്ത പന്ത് ബൗണ്ടറിയിലേക്കു നിലം തൊടാതെ പായിച്ച് പാണ്ഡ്യ ഇന്ത്യയ്ക്കായി ഏഷ്യാ കപ്പിലെ ആദ്യ ജയം പിടിച്ചെടുത്തു. പാക്കിസ്ഥാന് നിരാശയോടെ മടക്കം. മത്സര ശേഷം പാക്കിസ്ഥാൻ താരങ്ങളിൽനിന്നോ ഇന്ത്യൻ താരങ്ങളിൽനിന്നോ അതിരുവിട്ട വികാര പ്രകടനങ്ങളൊന്നും കാണാനില്ലായിരുന്നു. ഏതൊരു മത്സരത്തേയും പോലെ ഷെയ്ക് ഹാൻഡ് നൽകിയും തോളിൽ കയ്യിട്ടും ജയിച്ചവരും തോറ്റവരും മത്സരശേഷം ഡ്രസിങ് റൂമുകളിലേക്കു മടങ്ങി. പക്ഷേ തിങ്ങിനിറഞ്ഞ ഗാലറിയിൽ അപ്പോഴും ആഘോഷം തുടർന്നു.

ഞാൻ ഏറ്റെന്ന് പാണ്ഡ്യ; തല കുനിച്ച് കാർത്തിക്ക്
മുഹമ്മദ് നവാസ് എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്ത് ഡോട്ട് ബോളായി പോയത് ഗാലറിയിൽ ആരാധകരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ദിനേഷ് കാർത്തിക്കിനെയും ഒരേപോലെയാണ് ആശങ്കയിലാക്കിയത്. ഒരു പന്ത് പാഴാക്കിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് ആ നിരാശയുണ്ടായില്ല. കാർത്തിക്കിനു നേരെ ‘ഞാൻ നോക്കിക്കോളാം’ എന്ന അർഥത്തിൽ തല കുലുക്കുകയാണ് പാണ്ഡ്യ ചെയ്തത്. അടുത്ത പന്തില്‍ പാണ്ഡ്യ കളിയും തീർത്തു. മത്സരം ജയിച്ച ശേഷം പാണ്ഡ്യയ്ക്കു മുന്നിൽ തല കുനിച്ച് വണങ്ങിയാണ് ദിനേഷ് കാർത്തിക്ക് വിജയം ആഘോഷിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.
English Summary: Asia cup cricket, how India beat Pakistan in the final over