ADVERTISEMENT

ദുബായ് ∙ ഐസിസി റാങ്കിങ്ങിലെ അന്തരം കളത്തിൽ അത്രകണ്ട് പ്രതിഫലിച്ചില്ലെങ്കിലും, ദുർബലരായ ഹോങ്കോങ്ങിനെതിരെ പ്രതീക്ഷിച്ചതുപോലെ വിജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിലേക്ക്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 40 റൺസാണ് ഇന്ത്യ ഹോങ്കോങ്ങിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്. ഹോങ്കോങ്ങിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയിച്ച ഇന്ത്യ, ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി. തുടർച്ചയായ രണ്ടു ജയങ്ങളുമായി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.

35 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ബാബർ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്കോറർ. 28 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത കിൻചിത് ഷായും തിളങ്ങി. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനവുമായി 17 പന്തിൽ പുറത്താകാതെ 26 റൺസെടുത്ത സീഷാൻ അലിയാണ് തിളങ്ങിയ മറ്റൊരു താരം. രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് അലി 26 റൺസെടുത്തത്. സ്കോട്ട് മക്കെച്‍നി എട്ടു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസോടെയും പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നിസകാത് ഖാൻ (12 പന്തിൽ 10), യാസിം മുർത്താസ (ഒൻപതു പന്തിൽ ഒൻപത്), ഐസാസ് ഖാൻ (13 പന്തിൽ 14) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 15 റൺസ് വഴങ്ങിയം ഓരോ വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 53 റൺസാണ്. ഒരു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ് നാല് ഓവറിൽ 44 റൺസും വഴങ്ങി.

∙ ദുബായിലും ‘സൂര്യ ഷോ’

നേരത്തെ, താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുമെന്നു തോന്നിച്ച ഇന്ത്യയെ, സൂര്യകുമാർ യാദവിന്റെ കടന്നാക്രമണമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ സൂര്യകുമാർ, 26 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. ഒരിക്കൽക്കൂടി നിലയുറപ്പിച്ചു കളിച്ച വിരാട് കോലിയും അർധസെഞ്ചുറി നേടി. മൂന്നാം വിക്കറ്റിൽ വെറും 42 പന്തിൽനിന്ന് 98 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ – കോലി സഖ്യമാണ് ഇന്ത്യൻ സ്കോർ 190 കടത്തിയത്.

അവസാന അഞ്ച് ഓവറിൽ 78 റൺസാണ് സൂര്യകുമാർ – കോലി സഖ്യം അടിച്ചുകൂട്ടിയത്. അതിൽ കൂടുതൽ റൺസും സൂര്യകുമാറിന്റെ സംഭാവനയായിരുന്നു. സൂര്യകുമാർ യാദവ് 26 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതമാണ് 68 റൺസെടുത്തത്. അവസാന ഓവറിൽ മാത്രം സൂര്യകുമാർ യാദവ് നാലു സിക്സറുകൾ സഹിതം 26 റണ്‍സാണ് അടിച്ചെടുത്തത്. കോലി 44 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു.

മികച്ച തുടക്കമിട്ട ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ 21 റൺസെടുത്ത് പുറത്തായി. രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് രോഹിത് 21 റണ്‍സെടുത്തത്. സഹ ഓപ്പണർ കെ.എൽ. രാഹുൽ 36 റൺസെടുത്തെങ്കിലും അതിനായി നേരിട്ടത് 39 പന്തുകളാണ്. രണ്ടു സിക്സറുകളാണ് രാഹുലിന്റെ സംഭാവന. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – രാഹുൽ സഖ്യം 29 പന്തിൽ 38 റണ്‍സും, രണ്ടാം വിക്കറ്റിൽ രാഹുൽ – കോലി സഖ്യം 49 പന്തിൽ 56 റൺസും കൂട്ടിച്ചേർത്തു.

ഹോങ്കോങ്ങിനായി ആയുഷ് ശുക്ല നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മുഹമ്മദ് ഗസൻഫർ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയ എഹ്സാൻ ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, മൂന്ന് ഓവറിൽ 53 റൺസ് വഴങ്ങിയ ഹാരൂൺ അർഷാദ് നിരാശപ്പെടുത്തി.

English Summary: Asia Cup Cricket 2022; India vs Hong Kong Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com