ADVERTISEMENT

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ ഇന്നത്തെ പോരാട്ടത്തിനു മുൻപേ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി ബംഗ്ലദേശും ശ്രീലങ്കയും. വ്യാഴാഴ്ച നിർണായക പോരാട്ടത്തിന് ഇറങ്ങാനിരിക്കെ ലങ്കന്‍ ക്യാപ്റ്റൻ ദസുന്‍ ഷനാകയുടെ വാക്കുകളാണ് ബംഗ്ലദേശ് ടീമിനെ ചൊടിപ്പിച്ചത്. ബംഗ്ലദേശ് ശ്രീലങ്കയ്ക്കു എളുപ്പമുള്ള എതിരാളികളാണെന്നാണു ലങ്കൻ ക്യാപ്റ്റന്റെ വാദം. ബംഗ്ലദേശിന് ലോകോത്തര ബോളർമാരെന്നു പറയാൻ ആകെ രണ്ടു പേര്‍ മാത്രമാണുള്ളതെന്നും ഷനാക പറഞ്ഞു. ബംഗ്ലദേശിനെ അഫ്ഗാൻ താരങ്ങളുമായി താരതമ്യം ചെയ്തായിരുന്നു ലങ്കൻ ക്യാപ്റ്റന്റെ വാക്കുകൾ.

‘‘അഫ്ഗാനിസ്ഥാന് ലോകോത്തര ബോളിങ് നിരയാണുള്ളത്. മുസ്തഫിസുർ റഹീമും ഷാക്കിബ് അൽ ഹസനും മികച്ച ബോളർമാരാണ്. അവർ കഴിഞ്ഞാല്‍ ബംഗ്ലദേശ് ടീമിൽ മറ്റൊരു ലോകോത്തര ബോളറില്ല. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനെ താരതമ്യം ചെയ്യുമ്പോൾ ബംഗ്ലദേശിനെ നേരിടുന്നത് എളുപ്പമാണ്’’– ശ്രീലങ്കന്‍ ക്യാപ്റ്റൻ അവകാശപ്പെട്ടു.

ഷനാകയുടെ വാക്കുകൾക്കു പിന്നാലെ ബംഗ്ലദേശ് ടീമിന്റെ ഡയറക്ടര്‍ ഖാലിദ് മഹമൂദ് മറുപടിയുമായെത്തി. ശ്രീലങ്കയ്ക്ക് ലോകോത്തര ബോളറായി ഒരാളുമില്ലെന്നായിരുന്നു ഖാലിദ് മഹമൂദിന്റെ വാക്കുകൾ. ‘‘ഇത് ദസുനുമായി ബന്ധപ്പെട്ട കാര്യമാണ്. ഞങ്ങളെ നേരിടുന്നത് എളുപ്പമാണെന്ന് എന്തുകൊണ്ടാണ് അദ്ദേഹം കരുതുന്നത്?. ചിലപ്പോൾ അഫ്ഗാനിസ്ഥാന്റേത് മികച്ച ട്വന്റി20 ടീമായിരിക്കാം. ഞങ്ങൾക്കു രണ്ട് മികച്ച ബോളർമാർ‌ മാത്രമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലദേശിന് രണ്ടെങ്കിലും ഉണ്ട്, ശ്രീലങ്കയിൽ അങ്ങനെ ഒരാളെ പോലും ഞാൻ കാണുന്നില്ല. മുസ്തഫിസുറിനെയും ഷാക്കിബിനെയും പോലുള്ള താരങ്ങൾ ലങ്കയ്ക്കില്ല’’– മഹമൂദ് വാർത്താ സമ്മേളനത്തിൽ തിരിച്ചടിച്ചു.

ഒരു മത്സരം എങ്ങനെ കളിക്കുന്നുവെന്നതാണു പ്രധാനമെന്നും കളി എന്താകുമെന്നു കാണാമെന്നും ബംഗ്ലദേശ് ടീം ഡയറക്ടർ പറഞ്ഞു. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനോട് ബംഗ്ലദേശും ശ്രീലങ്കയും പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ജയിക്കുന്നവർക്ക് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്കു കടക്കാം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച അഫ്ഗാൻ നേരത്തേ സൂപ്പർ ഫോർ ഉറപ്പിച്ചിരുന്നു.

English Summary: Dasun said we have 2 world-class bowlers. I don't see any in Sri Lanka: Bangladesh director's huge dig at SL captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com