ADVERTISEMENT

ദുബായ് ∙ അവസാന ഓവർ വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 2 വിക്കറ്റ് ജയത്തോടെ ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ. സ്കോർ: ബംഗ്ലദേശ് – 20 ഓവറിൽ 7ന് 183, ശ്രീലങ്ക – 19.2 ഓവറിൽ 8ന് 184. ഇതോടെ, സൂപ്പർ ഫോർ റൗണ്ടിലെത്തിയ ടീമുകൾ 3 ആയി. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക എന്നിവർക്കൊപ്പം ഇന്നത്തെ പാക്കിസ്ഥാൻ – ഹോങ്കോങ് മത്സര വിജയികളും സൂപ്പർ ഫോറിലെത്തും. 

ഏഷ്യാ കപ്പ് ട്വന്റി20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് വിജയമാണിത്. 37 പന്തിൽ 60 റൺസെടുത്ത വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ്, 33 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ദാസുൻ ശനക എന്നിവരാണു ശ്രീലങ്കയുടെ വിജയവഴി വെട്ടിയവർ. എങ്കിലും മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ 3 പന്തിൽ 10 റൺസെടുത്തു പുറത്താകാതെ നിന്ന ലങ്കൻ താരം അസിത് ഫെർണാണ്ടോയ്ക്കാണു സൂപ്പർ താര പരിവേഷം. തോൽക്കുമെന്നു കരുതിയ മത്സരം ലങ്കൻ വാലറ്റക്കാർ  തിരികെപ്പിടിക്കുകയായിരുന്നു. 10 പന്തിൽ 16 റൺസെടുത്ത ചാമിക കരുണരത്നെ, ഷാക്കിബ് അൽ ഹസന്റെ  ത്രോയിൽ റണ്ണൗട്ടായി കൂടാരം കയറുമ്പോൾ ശ്രീലങ്ക തോറ്റെന്നു സകലരും കരുതിയതാണ്.

മെഹ്ദി ഹസൻ എറിഞ്ഞ അവസാന ഓവറിൽ  ലങ്കയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 8 റൺസ്. ആദ്യ പന്തിൽ ലെഗ്ബൈ. ഒരു റൺ. 2–ാം പന്ത് നേരിട്ട അസിത്, ലോങ് ഓണിലേക്കു ബൗണ്ടറി പറത്തി. അടുത്ത പന്തിൽ 2 റൺസ്. സ്കോർ തുല്യം. ജയത്തിലേക്ക് ഒരു റൺ നേടാൻ അസിത് ക്രീസിൽ നിൽക്കെ അംപയറുടെ ഇടപെടൽ.  3–ാം പന്ത് നോബോൾ. ഒരു എക്സ്ട്രാ റൺ കൂടി കിട്ടിയതോടെ വിജയം പൂർണം.

English Summary: Sri Lanka win last over thriller by two wickets in Dubai against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com