ADVERTISEMENT

ദുബായ്∙  ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ച് സൂപ്പർ ഫോറിലെത്തിയിരിക്കുകയാണു ശ്രീലങ്ക. മത്സരത്തിനു മുൻപു തന്നെ ഇരു ടീമുകളുടെയും പ്രതിനിധികൾ തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ നടന്നു. ഇപ്പോഴിതാ ശ്രീലങ്കയിൽ ലോകോത്തര താരങ്ങൾ ആരും ഇല്ലെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർ‍ഡ് ഡയറക്ടറുടെ നിലപാടിനു മറുപടിയുമായെത്തിയിരിക്കുകയാണ് ലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ.

കളി ജയിക്കാന്‍ ലോകോത്തര താരങ്ങളുടെ ആവശ്യമില്ലെന്നാണ് ലങ്കൻ താരത്തിന്റെ നിലപാട്. ‘‘നിങ്ങൾക്ക് 11 സഹോദരൻമാരുണ്ടാകുമ്പോൾ ലോകോത്തര താരങ്ങളുടെ ആവശ്യമില്ല’’– തീക്ഷണ ട്വിറ്ററിൽ കുറിച്ചു. ബംഗ്ലദേശിനെതിരായ മത്സര വിജയത്തിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചാണ് മഹീഷ് തീക്ഷണയുടെ ട്വീറ്റ്. മത്സരത്തിനു മുൻപ് ലങ്കന്‍ ക്യാപ്റ്റൻ ദസുന്‍ ഷനാകയുടെ വാക്കുകളാണ് ബംഗ്ലദേശ് ടീമിനെ ചൊടിപ്പിച്ചത്. ബംഗ്ലദേശ് ശ്രീലങ്കയ്ക്കു എളുപ്പമുള്ള എതിരാളികളാണെന്നാണു ലങ്കൻ ക്യാപ്റ്റന്റെ വാദം. ബംഗ്ലദേശിന് ലോകോത്തര ബോളർമാരെന്നു പറയാൻ ആകെ രണ്ടു പേര്‍ മാത്രമാണുള്ളതെന്നും ഷനാക പറഞ്ഞു. ബംഗ്ലദേശിനെ അഫ്ഗാൻ താരങ്ങളുമായി താരതമ്യം ചെയ്തായിരുന്നു ലങ്കൻ ക്യാപ്റ്റന്റെ വാക്കുകൾ.

ബംഗ്ലദേശ് ടീമിന്റെ ഡയറക്ടര്‍ ഖാലിദ് മഹമൂദ് ഇതിനു മറുപടിയുമായെത്തി. ശ്രീലങ്കയ്ക്ക് ലോകോത്തര ബോളറായി ഒരാളുമില്ലെന്നായിരുന്നു ഖാലിദ് മഹമൂദിന്റെ വാക്കുകൾ. ഒരു മത്സരം എങ്ങനെ കളിക്കുന്നുവെന്നതാണു പ്രധാനമെന്നും കളി എന്താകുമെന്നു കാണാമെന്നും ബംഗ്ലദേശ് ടീം ഡയറക്ടർ വെല്ലുവിളിച്ചിരുന്നു. എന്നാൽ മത്സരം ബംഗ്ലദേശിന് അനുകൂലമായതുമില്ല. ബംഗ്ലദേശിനെതിരെ 2 വിക്കറ്റ് ജയത്തോടെ ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെത്തി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയറൺസ് മറികടന്നു.

English Summary: Sri Lankan spinner Maheesh Theekshana's sly dig at BCB Director Khaled Mahmud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com