ADVERTISEMENT

ദുബായ് ∙ ജനുവരിയിൽ ടെസ്റ്റ് ടീം നായകസ്ഥാനമൊഴിയാൻ തീരുമാനിച്ച സമയത്ത് തന്നെ സന്ദേശമയച്ച് ആശ്വസിപ്പിച്ചത് മുൻ ക്യാപ്റ്റൻ എം.എസ്.ധോണി മാത്രമാണെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മോശം ഫോമിനെതിരെ പരസ്യ വിമർശനമുന്നയിച്ച, സുനിൽ ഗാവസ്കർ അടക്കമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് കോലിയുടെ പ്രതികരണമെന്നു വിലയിരുത്തലുണ്ടായിരുന്നു.

‘‘ഒട്ടേറെപ്പേരുടെ പക്കൽ എന്റെ മൊബൈൽ നമ്പർ ഉണ്ട്. പക്ഷേ ആ സമയത്ത് ടീമംഗങ്ങൾ ഉൾപ്പെടെ മറ്റ് ആരിൽ നിന്നും ഒരു സന്ദേശമോ ഫോൺ കോളോ എനിക്കു ലഭിച്ചില്ല. എന്നാൽ ടെലിവിഷനിലൂടെ നിർദേശങ്ങൾ നൽകാൻ ഒരുപാട് പേരുണ്ടായിരുന്നു മോശം സമയങ്ങളിൽ നേരിട്ടു വിളിക്കുകയും നിർദേശം നൽകുകയും ചെയ്യുന്നതാണ് യഥാർഥ ബന്ധം. പരസ്യമായി പറയുന്ന നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും ഒരു മൂല്യവുമില്ല. ’’– ഇതായിരുന്നു കോലിയുടെ വാക്കുകൾ.

ഇതോടെയാണ് പ്രതികരണവുമായി ഗവാസ്കർ രംഗത്തെത്തിയത്. ടീമംഗങ്ങളിൽ ആരുടെ സന്ദേശമാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് കോലി വ്യക്തമാക്കണമെന്ന് ഗാവസ്കർ തിരിച്ചടിച്ചു. കോലിക്കു സന്ദേശം അയക്കാതിരുന്ന മറ്റുള്ളവരുടെ പേര് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘‘മറ്റു കളിക്കാരുമായി ഡ്രസിങ് റൂമിലെ കോലിയുടെ ബന്ധം എന്തായിരുന്നെന്ന് എനിക്കറിയില്ല. സന്ദേശമയച്ച ആളുടെ പേരു പറഞ്ഞ സ്ഥിതിക്ക് അയക്കാത്ത ആളുകളുടെ പേരും അദ്ദേഹം പറയണമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിനു സന്ദേശമയക്കാത്ത എല്ലാവരും സംശയമുനയിലാകും.’’ ഒരു ദേശീയ മാധ്യമത്തിലെ ചർച്ചയിൽ ഗവാസ്കർ പറഞ്ഞു.

‘‘അദ്ദേഹത്തിന് എന്ത് സന്ദേശമാണ് വേണ്ടത്? പ്രോത്സാഹനമാണോ? ക്യാപ്റ്റൻ‌ സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് പിന്നെ എന്തിനാണ് പ്രോത്സാഹനം? ആ അധ്യായം (ക്യാപ്റ്റൻസി) അതോടെ അവസാനിച്ചു. ഇപ്പോൾ നിങ്ങൾ ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അതിനാൽ ആ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം, നിങ്ങൾ ക്യാപ്റ്റനായിരിക്കുമ്പോൾ സഹകളിക്കാരെ കുറിച്ച് ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യും. ക്യാപ്റ്റൻസി അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്.’’– മറ്റൊരു ചർച്ചയിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.

1985ൽ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്‌ജസ് ലോക ചാംപ്യൻഷിപ് നേടിയതിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്ക് ആരിൽ നിന്നും സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഗവാസ്കർ വെളിപ്പെടുത്തി. ‘‘ഞാൻ 1985ൽ ബെൻസൻ ആൻഡ് ഹെഡ്‌ജസ് ലോക ചാംപ്യൻഷിപ് ശേഷം നായകസ്ഥാനം വിട്ടു. ആ രാത്രി ഞങ്ങൾ ആഘോഷിച്ചു, പരസ്പരം കെട്ടിപ്പിടിച്ചു, എന്നാൽ അതിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?’’– ഗവാസ്കർ ചോദിച്ചു.

English Summary: "What Message Did He Want?" Sunil Gavaskar On Virat Kohli's 'Only Dhoni Texted' Comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com