കോലി 61 പന്തിൽ 122*, ഭുവി 4–1–4–5; അഫ്ഗാനെ വീഴ്ത്തി ഇന്ത്യ, തലയുയർത്തി മടക്കം

india-wicket-celebration-vs-afg
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനെ അഭിന്ദിക്കുന്ന വിരാട് കോലി, ദീപക് ഹൂഡ, അക്ഷർ പട്ടേൽ എന്നിവർ. പുറത്തായി മടങ്ങുന്ന അഫ്ഗാൻ താരത്തെയും കാണാം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ദുബായ് ∙ രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ അഫ്ഗാനിസ്ഥാനെതിരെ പിറക്കുന്ന ആദ്യ സെഞ്ചറി സ്വന്തം പേരിലാക്കി വിരാട് കോലി, രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ അഫ്ഗാനിസ്ഥാനെതിരെ പിറക്കുന്ന ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഭുവനേശ്വർ കുമാർ... ഏഷ്യാ കപ്പിൽ കഥ കഴിഞ്ഞതോടെ മനസ്സിടിഞ്ഞ ആരാധകർക്ക്, ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി പ്രതീക്ഷ സമ്മാനിച്ച് ഇതാ ടീം ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്തുകാട്ടിയ ഇന്ത്യയ്ക്ക്, അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ തകർപ്പൻ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ്. അഫ്ഗാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 111 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ വിജയം 101 റൺസിന്. ഒരു ഘട്ടത്തിൽ ആറിന് 21 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനെ ഓൾഔട്ടാക്കാൻ സാധിക്കാത്തത് ഇന്ത്യയ്ക്ക് നിരാശയായി.

രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനവുമായി കളം നിറഞ്ഞ ഭുവനേശ്വർ കുമാറാണ് ബോളിങ്ങിൽ ഇന്ത്യയുടെ ഹീറോ. നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം നാലു റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റെടുത്തത്. അർഷ്ദീപ് സിങ് രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ദീപക് ഹൂഡ ഒരു ഓവറിൽ മൂന്നു റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. അവസാന ഓവർ ബോൾ ചെയ്ത ദിനേഷ് കാർത്തിക് 18 റൺസ് വഴങ്ങി.

കൂട്ടത്തകർച്ചയ്ക്കിടയിലും അർധസെഞ്ചറി തികച്ച് 59 പന്തിൽനാലു ഫോറും രണ്ടു സിക്സും സഹിതം 64 റൺസുമായി പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. റാഷിദ് ഖാൻ 19 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്തും മുജീബുർ റഹ്മാൻ 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്തും പുറത്തായി.

ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാന്, ഏഴാം വിക്കറ്റിൽ 33 റൺസ് കൂട്ടുകെട്ടു തീർത്ത ഇബ്രാഹിം സദ്രാൻ – റാഷിദ് ഖാൻ സഖ്യവും എട്ടാം വിക്കറ്റിൽ 33 റൺസ് കൂട്ടുകെട്ട് തീർത്ത ഇബ്രാഹിം സദ്രാൻ – മുജീബുർ റഹ്മാൻ സഖ്യവുമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ഓപ്പണർമാരായ ഹസ്രത്തുല്ല സസായ് (0), റഹ്മാനുല്ല ഗുർബാസ് (0), കരിം ജാനത്ത് (2), നജീബുല്ല സദ്രാൻ (0), ക്യാപ്റ്റൻ മുഹമ്മദ് നബി (7), അസ്മത്തുല്ല ഒമർസായ് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഫരീദ് അഹമ്മദ് മാലിക്ക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

∙ സെഞ്ചറി വഴിയിൽ കോലി

നേരത്തെ, 1020 ദിവസവും 84 ഇന്നിങ്സുകളും പിന്നിട്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര വേദിയിൽ സെഞ്ചറി വഴിയിൽ തിരിച്ചെത്തിയ സൂപ്പർതാരം വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കുറിച്ചത്. പാക്കിസ്ഥാൻ ഇന്നലെ നേടിയ വിജയത്തോടെ ഫലം അപ്രസക്തമായ മത്സരത്തിൽ, അഫ്ഗാനിസ്ഥാനു മുന്നിൽ ഇന്ത്യ ഉയർത്തിയത് 213 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസെടുത്തത്.

നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടിയ വിരാട് കോലിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 53 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് കോലി സെഞ്ചറിയിലെത്തിയത്. മത്സരത്തിലാകെ 60 പന്തുകൾ നേരിട്ട കോലി, 122 റൺസുമായി പുറത്താകാതെ നിന്നു.

രാജ്യാന്തര ട്വന്റി20യിൽ തന്റെ ആദ്യ സെഞ്ചുറി, ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നീ നേട്ടങ്ങളും ഈ പ്രകടനത്തിലൂടെ കോലി സ്വന്തമാക്കി. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 118 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡാണ് കോലി മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിനു ശേഷം (100) ഏറ്റവും കൂടുതൽ സെഞ്ചറികളെന്ന ഓസീസ് മുൻ താരം റിക്കി പോണ്ടിങ്ങിന്റെ (71) റെക്കോർഡിനൊപ്പമെത്താനും കോലിക്കായി.

ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ നയിച്ച കെ.എൽ.രാഹുലിനൊപ്പം ഓപ്പണറുടെ വേഷത്തിലെത്തിയാണ് കോലിയുടെ സെഞ്ചറി പ്രകടനം. രാഹുൽ അർധസെഞ്ചറി നേടി. 41 പന്തുകൾ നേരിട്ട രാഹുൽ ആറു ഫോറും രണ്ടു സിക്സും സഹിതം 62 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ട് തീർത്തു. 76 പന്തിൽ ഇരുവരും നേടിയത് 119 റൺസ്.

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചു തുടക്കമിട്ട സൂര്യകുമാർ യാദവ്, തൊട്ടടുത്ത പന്തിൽ പുറത്തായി. ഋഷഭ് പന്ത് 16 പന്തിൽ മൂന്നു ഫോറുകളോടെ 20 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ 42 പന്തിൽ കോലി – പന്ത് സഖ്യം കൂട്ടിച്ചേർത്തത് 87 റൺസാണ്.

അഫ്ഗാൻ നിരയിൽ രണ്ടു പേർ നാല് ഓവറിൽ 50ലധികം റൺസ് വഴങ്ങി. ഫസൽഹഖ് ഫാറൂഖി നാല് ഓവറിൽ 51 റൺസ് വഴങ്ങിയപ്പോൾ, ഫരീദ് അഹമ്മദ് മാലിക്ക് നാല് ഓവറിൽ 57 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് നാല് ഓവറിൽ 29 റൺസ് വഴങ്ങിയ മുജീബുർ റഹ്മാനും നാല് ഓവറിൽ 33 റൺസ് വഴങ്ങിയ റാഷിദ് ഖാനും മാത്രം. ഇരുവർക്കും വിക്കറ്റൊന്നും കിട്ടിയുമില്ല.

∙ അഫ്ഗാനിസ്ഥാനെതിരെ ഉയർന്ന വ്യക്തിഗത ട്വന്റി20 സ്കോറുകൾ

122* വിരാട് കോലി
99* ലൂക്ക് റൈറ്റ്, കൊളംബോ, 2012
91 പോൾ സ്റ്റെർലിങ്, ഡെറാഡൂൺ, 2019

∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളുടെ ഉയർന്ന വ്യക്തിഗത സ്കോറുകൾ

122* വിരാട് കോലി, ഇന്ന് അഫ്ഗാനെതിരെ
118 രോഹിത് ശർമ, ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ, 2017
117 സൂര്യകുമാർ യാദവ്, ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങമിൽ, 2022
111* രോഹിത് ശർമ, വെസ്റ്റിൻഡീസിനെതിരെ ലക്നൗവിൽ, 2018
110* കെ.എൽ. രാഹുൽ വിന്‍ഡീസിനെതിരെ ലൗഡർഹില്ലിൽ, 2016

∙ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികൾ

100 സച്ചിൻ തെൻഡുൽക്കർ (782 inngs)
71 വിരാട് കോലി (522)
71 റിക്കി പോണ്ടിങ് (668)
63 കുമാർ സംഗക്കാര (666)
62 ജാക്വസ് കാലിസ് (617)

∙ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ മികച്ച ബോളിങ്

6/7 ദീപക് ചാഹർ, ബംഗ്ലദേശിനെതിരെ നാഗ്പുരിൽ, 2019
6/25 യുസ്‌വേന്ദ്ര ചെഹൽ, ഇംഗ്ലണ്ടിനെതിരെ ബെംഗളൂരുവിൽ, 2017
5/5 ഭുവനേശ്വർ കുമാർ, അഫ്ഗാനിസ്ഥാനെതിരെ ദുബായിൽ, 2022 *
5/24 ഭുവനേശ്വർ കുമാർ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2018
5/24 കുൽദീപ് യാദവ്, ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ, 2018

∙ മാറ്റങ്ങളുമായി ഇന്ത്യ

നേരത്തെ, ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ കെ.എൽ.രാഹുലാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ നിരയിൽ ഏതാനും മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമെ യുസ്‍വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കും വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവർ ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ അഫ്ഗാൻ നിലനിർത്തി.

English Summary: India vs Afghanistan, Super Four, Match 5 (A1 v B2) - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}