ADVERTISEMENT

ഷാർജ ∙ വിജയത്തിന്റെ വക്കിൽനിന്ന് ഒരിക്കൽക്കൂടി അഫ്ഗാനിസ്ഥാനെ തോൽവിയിലേക്കു തള്ളിവിട്ട് പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനലിൽ ഇടംപിടിച്ചതിനു പിന്നാലെ, തോൽവിയിൽ മനംനൊന്ത് പാക്കിസ്ഥാൻ ആരാധകരെ കായികമായി നേരിട്ട് അഫ്ഗാനിസ്ഥാൻ ആരാധകർ. മത്സരം നടന്ന ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിയിലാണ് അഫ്ഗാൻ ആരാധകർ പാക്കിസ്ഥാൻ ആരാധകരുമായി കയ്യാങ്കളിക്ക് തുനിഞ്ഞത്. അവസാന നിമിഷം വരെ ഇരു ടീമുകൾക്കും വിജയസാധ്യതയുണ്ടായിരുന്ന മത്സരം ഒരു വിക്കറ്റിന്റെ നേരിയ വ്യത്യാസത്തിലാണ് പാക്കിസ്ഥാൻ കൈപ്പിടിയിലൊതുക്കിയത്.

ഹൃദയം തകർത്ത ഈ തോൽവിക്കു പിന്നാലെ അഫ്ഗാൻ ആരാധകർ പാക്ക് ആരാധകർക്കു നേരെ കസേരകൾ ഉൾപ്പെടെ വലിച്ചെറിയുകയായിരുന്നു. മത്സരശേഷം ഗാലറി വിട്ട് സ്റ്റേഡിയത്തിനു പുറത്തെത്തിയപ്പോഴും പാക്ക്–അഫ്ഗാൻ ആരാധകർ തമ്മിലടി തുടർന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ച മത്സരത്തിൽ പാക്കിസ്ഥാൻ ഇന്നിങ്സിലെ 19–ാം ഓവർ ‍വരെ എല്ലാം ഏറെക്കുറെ ശാന്തമായിരുന്നു. എന്നാൽ, 19–ാം ഓവറിൽ അഫ്ഗാൻ ബോളർ ഫരീദ് അഹമ്മദിനെതിരെ സിക്സർ നേടിയ പാക്ക് താരം ആസിഫ് അലി, തൊട്ടടുത്ത പന്തിൽ പുറത്തായതോടെയാണ് താളപ്പിഴകൾ ആരംഭിച്ചത്. പുറത്തായതിന്റെ കലിപ്പിൽ ആസിഫും, പുറത്താക്കിയതിന്റെ ആവേശത്തിൽ ഫരീദ് അഹമ്മദും നേർക്കുനേരെത്തിയതോടെ ഇരുവരും കയ്യാങ്കളിയിലേക്കു നീങ്ങി. അംപയറും സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഇതിന്റെ തുടർച്ചയായാണ് കളത്തിനു പുറത്ത് ഇരു ടീമുകളുടെയും ആരാധകരും ഏറ്റുമുട്ടിയത്. പാക്കിസ്ഥാൻ വിജയം പിടിച്ചെടുത്തതിനു പിന്നാലെ വിജയം ആഘോഷിക്കുകയായിരുന്ന പാക്ക് ആരാധകർക്കുനേരെ അഫ്ഗാൻ ആരാധകർ സ്റ്റാൻഡിൽനിന്ന് കസേരകൾ ഊരിയെടുത്ത് വലിച്ചെറിയുന്നത് വിഡിയോകളിൽ കാണാം. സ്റ്റേഡിയത്തിനു പുറത്തും ഇരു ടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

∙ അഫ്ഗാന്റെ ഹൃദയം തകർത്ത നസീം ‘ഷോ’

നേരത്തെ, നസീം ഷായെന്ന പത്തൊമ്പതുകാരന്റെ ചോരത്തിളപ്പിനു മുന്നിലാണ് അഫ്ഗാനിസ്ഥാൻ മുട്ടുമടക്കിയത്. ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാൻ നേടിയത് ഒരു വിക്കറ്റ് വിജയം. ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ 2 പന്തും സിക്സറടിച്ച് കളി ജയിപ്പിച്ച നസീം ഷായുടെ പേരിലാകും പാക്കിസ്ഥാൻകാർ ഈ വിജയം ഓർമിക്കുക. ജയത്തോടെ, പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യാ കപ്പ് ഫൈനലിനു യോഗ്യത നേടി. സ്കോർ: അഫ്ഗാനിസ്ഥാൻ – 20 ഓവറിൽ 6ന് 129, പാക്കിസ്ഥാൻ – 19.2 ഓവറിൽ 9ന് 131. 

ക്യാപ്റ്റൻ ബാബർ അസമിനെ നേരിട്ട ആദ്യപന്തിൽ തന്നെ ഡക്കാക്കി ബോളിങ് തുടങ്ങിയ അഫ്ഗാനിസ്ഥാൻ ഇടനേരത്തു കളിയുടെ നിയന്ത്രണം ഏറ്റെടുത്തതാണ്. മുഹമ്മദ് റിസ്‌വാൻ (20), ഫഖർ സമാൻ (5) എന്നിവരും അസമിനു പിന്നാലെ പുറത്തായതോടെ പാക്ക് നിര പ്രതിസന്ധി നേരിട്ടെങ്കിലും ഇഫ്തിഖർ അഹമ്മദും (30) ഷദാബ് ഖാനും (36) ചേർന്ന് ഇന്നിങ്സിനെ നേരെ നിർത്തി. ഷദാബാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

നാലു പന്തിൽ 2 സിക്സർ സഹിതം 14 റൺസെടുത്ത നസീം ഷായുടെ പ്രകടനത്തോടെ കളി പാക്കിസ്ഥാന്റെ അക്കൗണ്ടിൽ. അഫ്ഗാൻ നിരയിൽ 35 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്കോറർ. 4 ഓവറിൽ വെറും 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ നസീം ഷാ റൺ വഴങ്ങുന്നതിൽ പിശുക്കു കാട്ടി.

English Summary: Ugly scenes as Afghan fans vandalise Sharjah stadium, hurl chairs at Pakistanis; video sends shockwaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com