ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ, ടീമിൽ നിർണായകമായ ചില മാറ്റങ്ങൾ നിർദ്ദേശിച്ച് വെറ്ററൻ താരം ചേതേശ്വർ പൂജാര. ഇന്ത്യൻ ട്വന്റി20 ടീമിന്റെ മധ്യനിരയിൽ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ദിനേഷ് കാർത്തിക്കും അവിഭാജ്യ ഘടകങ്ങളാണെന്ന് പൂജാര അഭിപ്രായപ്പെട്ടു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കേറ്റ പരുക്ക് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ ലൈനപ്പ് എപ്രകാരമായിരിക്കണമെന്ന അഭിപ്രായവുമായി പൂജാര രംഗത്തെത്തിയത്.

‘ഇന്ത്യൻ ട്വന്റി20 ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിൽ ബാറ്റു ചെയ്യേണ്ടവരെ തിരഞ്ഞെടുക്കാൻ എനിക്ക് അവസരം ലഭിക്കുന്നുവെന്ന‌ിരിക്കട്ടെ. ഏഷ്യാ കപ്പിലെ പ്രകടനം പരിഗണിച്ചാൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്തു കൂട്ടിയേ തീരൂ. അതുകൊണ്ട് അഞ്ചാമനായി ഋഷഭ് പന്തിനെയും ആറാമനായി ഹാർദിക് പാണ്ഡ്യയെയും ഏഴാമനായി ദിനേഷ് കാർത്തിക്കിനെയുമാകും ഞാൻ തിരഞ്ഞെടുക്കുക. പന്തും കാർത്തിക്കും ഒരുമിച്ചു കളിക്കുന്നതാണ് ടീമിന് ഏറ്റവും നല്ലത്. ദീപക് ഹൂഡയെ ബോളറെന്ന നിലയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇതു തന്നെയാണ് ഏറ്റവും മികച്ച മധ്യനിര. ഹൂഡയെ ബോളറായി വേണമെങ്കിൽ പന്തിനെ മാറ്റി അഞ്ചാമനായി ഹൂഡയെ ഇറക്കാം’ – പൂജാര പറഞ്ഞു.

ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ നിരയുടെ ടോപ് ഓർഡറിന്റെ കാര്യത്തിൽ സംശയങ്ങൾക്ക് ഇടയില്ല. ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ. രാഹുലുമാണ് ഇന്നിങ്സ് ഓപ്പൺ െചയ്യുക. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സെഞ്ചറി നേടി ഫോം തെളിയിച്ച വിരാട് കോലി വൺഡൗണായി എത്തും. സൂര്യകുമാർ യാദവാണ് നാലാമൻ.

അതേസമയം, മധ്യനിരയിലുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓരോ മത്സരങ്ങളിലും വ്യത്യസ്തങ്ങളായ കോംബിനേഷനാണ് പരീക്ഷിച്ചത്. ഓരോ മത്സരത്തിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് അഴിച്ചുപണി നടത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഈ സാഹചര്യത്തിലാണ് മധ്യനിരയിൽ ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും ഒരുമിച്ചു കളിക്കണമെന്ന പൂജാരയുടെ നിർദ്ദേശം.

English Summary: Both Rishabh Pant and Dinesh Karthik need to play for India: Cheteshwar Pujara on T20 World Cup team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com