ADVERTISEMENT

അഫ്ഗാനിസ്ഥാനെതിരെ ഉജ്വല സെഞ്ചറിയോടെ ഫോം വീണ്ടെടുത്ത വിരാട് കോലിയുടെ ഗംഭീരമായ തിരിച്ചുവരവ് ഏറ്റവും നന്നായി അടയാളപ്പെടുത്തിയ ഒരു ഷോട്ട് ഏതായിരുന്നു; സെഞ്ചറിയിലേക്കെത്തിച്ച ആ പുൾ? അല്ല. ഇന്ത്യൻ ഇന്നിങ്സിലെ 20–ാം ഓവറിലെ മൂന്നാം പന്ത്. വിക്കറ്റ് ലക്ഷ്യമാക്കി അഫ്ഗാൻ പേസർ  ഫസൽഹഖ് ഫാറൂഖി എറിഞ്ഞ യോർക്കർ ലെഗ് സ്റ്റംപിന് പുറത്തേക്കു മാറി കവറിനും പോയിന്റിനും ഇടയിലൂടെ കോലി ബൗണ്ടറിയിലേക്ക് പായിച്ചു. ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ നേടിയ സിക്സറുകളെക്കാൾ സുന്ദരമായ കവർ ഡ്രൈവ്. അതിന്റെ മനോഹാരിതയിൽ കോലി തന്നെ കുറച്ചു നേരം മതിമറന്നു നിന്നു പോയി!

ജയിച്ചിട്ടും ഫൈനലിലെത്താതെ പോയെങ്കിലും ഇന്ത്യയ്ക്ക് ഈ ഏഷ്യാ കപ്പ് നഷ്ടക്കച്ചവടമല്ല. കാരണം ലോകകപ്പിനു മുൻപ് ആ ‘പഴയ കോലിയെ’ തിരിച്ചു കിട്ടിയല്ലോ..1021 ദിവസം നീണ്ടു നിന്ന സെഞ്ചറി ക്ഷാമത്തിന് വിരാമമിട്ട്, രാജ്യാന്തര ക്രിക്കറ്റിൽ തന്റെ 71–ാം സെഞ്ചറിയും രാജ്യാന്തര ട്വന്റി20യിൽ ആദ്യ സെ‍ഞ്ചറിയും നേടി തന്റെ റൺ മെഷീൻ കോലി റീസ്റ്റാർട്ട് ചെയ്തപ്പോൾ എല്ലാം മറന്ന് ക്രിക്കറ്റ് ലോകം അതാഘോഷിച്ചു.

‘വിരാട് കോലിയുടെ ബാറ്റ് നിശബ്ദമായിരിക്കുമ്പോൾ ക്രിക്കറ്റ് അപൂർണമായി തോന്നുന്നു. റൺ മെഷീൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതിൽ സന്തോഷം’– മത്സര ശേഷം പാക്കിസ്ഥാൻ താരം വഹാബ് റിയാസ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

വിന്റേജ് കോലി

പതിയെ തുടങ്ങി കൊട്ടിക്കയറുന്ന വാദ്യക്കാരന്റെ താളമാണ് കോലിയുടെ ബാറ്റിങ്ങിനും. ഇന്നിങ്സിന്റെ ആദ്യ പകുതിയിൽ 100–120 റൺസ് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു തുടങ്ങുന്ന കോലി, രണ്ടാം പകുതി അവസാനിക്കുമ്പോഴേക്കും സ്ട്രൈക്ക് റേറ്റ് 150–170 എന്ന തോതിലേക്ക് ഉയർത്തുന്നു. ഈ രീതിയിൽ ബാറ്റ് ചെയ്യുന്നതിനാലാണ് റൺ ചേസുകളിൽ കോലിക്കു തിളങ്ങാൻ സാധിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ഈ രണ്ടാം പകുതി കോലിയുടെ ഇന്നിങ്സുകളിൽ കാണാൻ സാധിക്കാറില്ലായിരുന്നു. സ്ട്രൈക്ക് റേറ്റ് ഉയർത്താൻ തുടങ്ങുമ്പോഴേക്കും കോലി ഔട്ട് ആകും. അതല്ലെങ്കിൽ തുടക്കത്തിൽ തന്നെ വിക്കറ്റ് കളയും. പക്ഷേ അഫ്ഗാനെതിരെ കോലി പഴയ കോലി തന്നെയായി. നിലയുറപ്പിച്ചതിനു ശേഷം പെട്ടെന്നു തന്നെ ആക്സിലറേറ്റ് ചെയ്ത കോലി  200 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ ഇരമ്പിക്കയറിയാണ് ഇന്നിങ്സ് നിർത്തിയത്. 

സ്ട്രൈക്ക് റേറ്റ്

കഴിഞ്ഞ 3 വർഷത്തിനിടെ ടീം ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ താരം കോലിയാണ്– അതും ഒട്ടേറെ പരമ്പരകളിൽ നിന്നു മാറിനിന്നിട്ടും. ശരാശരിക്കു മുകളിൽ നിൽക്കുന്ന പ്രകടനം തന്നെയാണ് ഫോം ഔട്ടിന്റെ അങ്ങേയറ്റത്തു നിന്നപ്പോഴും വിരാട് കോലിയുടെ ബാറ്റിൽ നിന്നുണ്ടായിരുന്നത് എന്നതാണ് വാസ്തവം. പക്ഷേ അവയിൽ പലതും കോലിയിൽ നിന്നു പ്രതീക്ഷിക്കുന്ന ആധികാരിക ഇന്നിങ്സുകളായിരുന്നില്ല എന്നതായിരുന്നു പ്രശ്നം.

ബാറ്റിങ് ശരാശരിയെക്കാളേറെ ഇക്കാലയളവിൽ ചർച്ചയായത് കോലിയുടെ സ്ട്രൈക്ക് റേറ്റ് ആണ്. ആ ഭാരം കൂടിയാണ് അഫ്ഗാനെതിരെ സെഞ്ചറിയോടെ ഇറക്കി വച്ചത്. 

English Summary; Virat Kohli Back To Form With Century Against Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com