റിസ്‌വാനെ വിമർശിച്ചതിന് ആരാധകർ ആക്രമിച്ചെന്ന് അക്രം; തങ്ങളും മനുഷ്യരാണെന്ന് റിസ്‌വാൻ

muhammad-rizwan
മുഹമ്മദ് റിസ്‍വാൻ (ഫയൽ ചിത്രം)
SHARE

ദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ താരം വസിം അക്രം രംഗത്ത്. ഇതേ ടൂർണമെന്റിൽ റിസ്‌വാന്റെ ബാറ്റിങ്ങിനോടുള്ള സമീപനത്തെ വിമർശിച്ചതിന് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നതായും വസിം അക്രം വെളിപ്പെടുത്തി. ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ സ്വീകരിച്ച മെല്ലെപ്പോക്ക് സമീപനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് റി‌സ്‌വാന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ചതിന് ആരാധകരിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നേരിടേണ്ടി വന്നുവെന്ന അക്രത്തിന്റെ വെളിപ്പെടുത്തൽ.

അതേസമയം, പാക്കിസ്ഥാൻ ടീം തെറ്റുകൾ വരുത്തിയെന്ന് സമ്മതിച്ച റിസ്‌വാൻ, തങ്ങളും മനുഷ്യരാണെന്നു ചൂണ്ടിക്കാട്ടി. മത്സരത്തിൽ അർധസെഞ്ചറിയുമായി പാക്കിസ്ഥാന്റെ ടോപ് സ്കോററായെങ്കിലും, 55 റൺസെടുക്കുന്നതിനായി റിസ്‌വാൻ നേരിട്ടത് 49 പന്തുകളാണ്. ആകെ നാലു ഫോറും ഒരു സിക്സും മാത്രം നേടിയ റിസ്‌വാന്റെ സ്ട്രൈക്ക് റേറ്റ് 112.24 മാത്രം. ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുമ്പോഴും, ഒരു ഘട്ടത്തിലും റൺനിരക്ക് ഉയർത്താൻ ശ്രമിക്കാതിരുന്ന റിസ്‌‌വാന്റെ സമീപനമാണ് വിമർശിക്കപ്പെട്ടത്.

‘‘ഈ ടൂർണമെന്റിലെ തുടക്കത്തിൽത്തന്നെ ഓപ്പണർമാർ ഇതുപോലുള്ള നിർണായക മത്സരങ്ങളിൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും കടുത്ത ബുദ്ധിമുട്ടു നേരിടുമെന്നും ഞാൻ പ്രവചിച്ചിരുന്നു. അതാണ് ഇന്നത്തെ മത്സരത്തിൽ സംഭവിച്ചത്.’ – അക്രം ചൂണ്ടിക്കാട്ടി.

‘‘ഹോങ്കോങ്ങിനെതിരായ മത്സരം ഓർമിക്കുന്നുണ്ടെങ്കിൽ ഇതേ സമീപനം അന്നും റിസ്‌വാൻ സ്വീകരിച്ചതായി കാണാം. അന്നും ഞാൻ റിസ്‌വാനെ വിമർശിച്ചിരുന്നു. തികച്ചും ആരോഗ്യകരമായ വിമർശനമായിരുന്നു അത്. അതിന്റെ പേരിൽ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ എന്നെ ആക്രമിച്ചു. ഞാൻ റിസ്‌വാനെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു പാക്ക് ആരാധകരുടെ വിമർശനം. എന്റെ അഭിപ്രായം കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ ഉള്ള കാര്യം വെട്ടിത്തുറന്നു പറയാനാണ് എനിക്കിഷ്ടം. മനസ്സിലൊന്നു വച്ചിട്ട് നുണ പറയാൻ എന്നെ കിട്ടില്ല. എന്നെ സംബന്ധിച്ച് കറുപ്പ് കറുപ്പും വെള്ള വെള്ളയുമാണ്’ – അക്രം പറഞ്ഞു.

മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കറും റിസ്‌വാന്റെ ബാറ്റിങ് സമീപനത്തെ വിമർശിച്ചു.

‘‘ട്വന്റി20 ക്രിക്കറ്റിൽ ഏതെങ്കിലും ബാറ്റർ ആങ്കറുടെ റോൾ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അത്തരമൊരു ഉത്തരവാദിത്തമുണ്ടെന്ന ധാരണ തന്നെ ശരിയല്ല. ട്വന്റി20 ഫോർമാറ്റിൽ ആകെ കളിക്കേണ്ടത് 20 ഓവറാണ്. കൈവശമുള്ളത് 10 വിക്കറ്റും. ഇക്കാര്യത്തിൽ ഇന്ത്യയുടെ പുതിയ സമീപനം നല്ലതാണ്. ശ്രീലങ്കൻ നിരയിലും അത്തരമൊരു സമീപനം ആരും സ്വീകരിച്ചു കണ്ടില്ല’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘‘ഇത്തരം ബാറ്റിങ് സമീപനത്തിന്റെ കാര്യത്തിൽ ഒരാളെ മാത്രമായി ഉയർത്തിക്കാട്ടുന്നത് ശരിയല്ലെങ്കിലും, പാക്കിസ്ഥാന്റെ ബാറ്റിങ് നിരയിൽ മുഹമ്മദ് റിസ്‍വാന്റെ സമീപനം ഉദാഹരണമാണ്. 16–ാം ഓവറിൽ ബാറ്റു ചെയ്യുമ്പോഴും വെറും 104 സ്ട്രൈക്ക് റേറ്റുമായി കളിക്കുന്നത് എന്തൊരു വിരോധാഭാസമാണ്. അതും 171 റൺസ് പോലും സാമാന്യം വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ’ – മഞ്ജരേക്കർ പറഞ്ഞു.

പാക്ക് നിരയിൽ റി‌സ്‌വാനു പുറമെ രണ്ടക്കം കണ്ടത് 31 പന്തിൽ 32 റൺസെടുത്ത ഇഫ്തിഖർ അഹമ്മദും ഒൻപതു പന്തിൽ 13 റൺസെടുത്ത ഹാരിസ് റൗഫും മാത്രമാണ്. നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത പ്രമോദ് മധുഷൻ, നാല് ഓവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത വാനിന്ദു ഹസരംഗ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീലങ്കൻ ബോളർമാർ പാക്ക് ബാറ്റർമാരെ തളച്ചത്.

നേരത്തെ, 8.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ തകർന്ന ശേഷമാണ് ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസിലേക്ക് എത്തിയത്. 45 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 71 റൺസുമായി പുറത്താകാതെ നിന്ന ഭാനുക രാജപക്സെ, 21 പന്തിൽ 36 റൺസെടുത്ത വാനിന്ദു ഹസരംഗ എന്നിവരാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത് 36 പന്തിൽ 68 റൺസ്. 

English Summary: People attacked me on social media for criticizing Mohammed Rizwan's approach: Wasim Akram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}