ADVERTISEMENT

2007ൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ ടീമിന്റെ ഒരറ്റത്തു നിൽ‌ക്കുകയായിരുന്നു 20 വയസ്സുകാരൻ രോഹിത് ശർമ. 15 വർഷങ്ങൾ‌ക്കുശേഷം ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ എട്ടാം അങ്കത്തിന് ഒരുങ്ങുമ്പോൾ‌ ടീമിന്റെ അമരത്താണ് രോഹിത്തിന്റെ സ്ഥാനം. കഴിഞ്ഞവർഷത്തെ ലോകകപ്പിനുശേഷം തുടർച്ചയായ 5 ട്വന്റി20 പരമ്പര വിജയങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റൻ രോഹിത്തിന്റെ ‘ഹണിമൂൺ’ കാലം അവസാനിച്ചത് ഈ മാസമാണ്; ഏഷ്യാ കപ്പിൽ  ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ! 

ഏഷ്യാ കപ്പിലെയും കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെയും മോശം പ്രകടനത്തിന്റെ നിരാശ തീർത്ത് കപ്പ് വീണ്ടെടുക്കുകയെന്ന വലിയ ദൗത്യമാണ് ക്യാപ്റ്റനെന്ന നിലയിലെ കന്നി ലോകകപ്പിൽ രോഹിത്തിനു മുന്നിലുള്ളത്. ഏഷ്യാ കപ്പിലെ നാണക്കേടിനിടയിലും ലോകകപ്പ് ടീമിൽ ബിസിസിഐ വലിയ അഴിച്ചുപണികൾ നടത്താത്തതിൽ രോഹിത്തിന്റെ ഇടപെടൽ കൂടിയുണ്ട്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലെ പതിമൂന്നു പേരും ഏഷ്യാ കപ്പ് ടീമിൽ അംഗങ്ങളായിരുന്നു. കഴിഞ്ഞ വർഷത്തെ ലോകകപ്പ് കളിച്ച 9 പേരും ടീമിലുണ്ട്. ബാറ്റിങ്ങിലെ വേഗക്കുറവ്, ഡെത്ത് ഓവർ ബോളിങ് പിഴവുകൾ, ഫീൽ‍ഡിങ്ങിലെ മോശം പ്രകടനം തുടങ്ങിയ പ്രതിസന്ധികളെല്ലാം പരിഹരിച്ച് ലോകകപ്പിനൊരുങ്ങാൻ രോഹിത്തിനും സംഘത്തിനും മുൻപിലുള്ളത് ഇനി ഒരുമാസക്കാലം. ‌

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യയെ അലട്ടുന്ന സിലക്ഷൻ തലവേദന ട്വന്റി20 ലോകകപ്പിലും പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ രോഹിത്തിനെയും വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ബാറ്റിങ്ങിൽ ടോപ് ഓർഡറിൽ ഇടംകൈ ബാറ്ററുടെ അഭാവം നികത്താൻ ഇന്ത്യയ്ക്ക് ഋഷഭ് പന്തിനെ നേരത്തേ ഇറക്കേണ്ടിവരും. ഓൾറൗണ്ടറായി ടീമിലിടം നേടാൻ ദീപക് ഹൂഡയും അക്ഷർ പട്ടേലും തമ്മിലാണ് മത്സരം. പേസിനെ തുണയ്ക്കുന്ന ഓസ്ട്രേലിയൻ പിച്ചിൽ ഒരു സ്പെഷലിസ്റ്റ് സ്പിന്നർക്കു മാത്രമാകും അവസരം. ജസ്പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും മടങ്ങിവരവ് ഡെത്ത് ഓവർ ബോളിങ്ങിന്റെ മൂർച്ച കൂട്ടും. 

ഇന്ത്യയുടെ കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽ നിന്നുള്ള മാറ്റങ്ങൾ‌

IN

∙ യുസ്‌വേന്ദ്ര ചെഹൽ

∙ ദിനേഷ് കാർത്തിക്

∙ ദീപക് ഹൂഡ

∙ ഹർഷൽ‌ പട്ടേൽ

∙ അക്‌ഷർ പട്ടേൽ‌

∙ അർഷ്‌ദീപ് സിങ്

OUT

∙ ഇഷൻ കിഷൻ

∙ രവീന്ദ്ര ജഡേജ

∙ വരുൺ ചക്രവർത്തി

∙ രാഹുൽ ചാഹർ

∙ ഷാർദൂൽ ഠാക്കൂർ

∙ മുഹമ്മദ് ഷമി *

* ഷമിയെ ഇത്തവണ സ്റ്റാൻഡ് ബൈയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ ഓസ്ട്രേലിയയിൽ ഒരു ട്വന്റി20 മത്സരം പോലും കളിക്കാത്ത 5 പേർ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ട്. സൂര്യകുമാർ യാദവ്, അക്‌ഷർ പട്ടേൽ, ദീപക് ഹൂഡ, അർഷ്‌ദീപ് സിങ്, ഹർഷൽ പട്ടേൽ‌ എന്നിവർക്ക് ഓസ്ട്രേലിയൻ‌ മണ്ണിലെ പരിചയക്കുറവ് വെല്ലുവിളിയാണ്.

സ്കൈ ബ്ലൂ ലോഡിങ്...

rohit-blue-jersey

ട്വന്റി20 ലോകകപ്പിലൂടെ ആകാശനീലിമയിലേക്കു മടങ്ങുമോ ടീം ഇന്ത്യ? ഏറെ നാളുകൾക്കു ശേഷം ഇന്ത്യൻ സംഘം പഴയ ഇളം നീല നിറത്തിലുള്ള ജഴ്സിയിലേക്ക് മടങ്ങുമെന്ന സൂചനകൾ നൽകി ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ടീമിന്റെ പുതിയ കിറ്റ് പ്രഖ്യാപനം സംബന്ധിച്ച ടീസറിലാണ് ഇപ്പോഴത്തെ കടുംനീല നിറത്തിലുള്ള ട്രാക്ക് സ്യൂട്ടിനുള്ളിൽ ഇളംനീലക്കുപ്പായം ഒളിപ്പിച്ചു താരങ്ങൾ അണിനിരന്നത്.

എന്തുകൊണ്ട് അശ്വിൻ ?

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ സർപ്രൈസ് എൻട്രികളിലൊന്ന് മുപ്പത്താറുകാരൻ രവിചന്ദ്ര അശ്വിന്റേതാണ്. കഴിഞ്ഞ ലോകകപ്പിനുശേഷം ഇന്ത്യയ്ക്കായി വെറും 5 മത്സരങ്ങൾ മാത്രമാണ് അശ്വിൻ കളിച്ചത്. പക്ഷേ മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിലെ അശ്വിന്റെ മികവ് ഓസ്ട്രേലിയൻ പിച്ചുകളിൽ മേൽക്കൈയാകും. കഴിഞ്ഞ നവംബർ മുതൽ ട്വന്റി20യിൽ അശ്വിൻ എറിഞ്ഞ പന്തുകളിൽ‌ 48.3 ശതമാനവും ഡോട് ബോളുകളായിരുന്നു. ഇടംകൈ ബാറ്റർമാർക്കെതിരെ ഈ ഓഫ് സ്പിന്നറുടെ സാന്നിധ്യം ഇന്ത്യയ്ക്കു മുതൽക്കൂട്ടാകും.

അശ്വിൻ @ ട്വന്റി20

(2021 ലോകകപ്പ് മുതൽ)

ashwin-jadeja
അശ്വിൻ (AFP PHOTO / Dibyangshu SARKAR), രവീന്ദ്ര ജഡേജ (PTI Photo/Vijay Verma)

ഓവറുകൾ: 40

റൺസ്: 244

വിക്കറ്റ്: 14

ഇക്കോണമി: 6.10

ഡോട് ബോൾ‌: 48.3 %

അതു സാഹസമായി ജഡേജ!

ലോകകപ്പിൽ ടീം ഇന്ത്യ ഏറ്റവുമധികം ‘മിസ്’ ചെയ്യുന്ന ഒരാൾ ഓ‍ൾ‌റൗണ്ടർ രവീന്ദ്ര ജഡേജയാകും. ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ സാഹസിക കായിക വിനോദമായ സ്കീയിങ് നടത്തുമ്പോൾ കാൽമുട്ടിനു പരുക്കേറ്റതാണ് ജഡേജയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്. ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന് ഇതുവരെ പരിശീലനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 

ജഡേജ @ 2022

(ട്വന്റി20 പ്രകടനം)

മത്സരം: 9

റൺസ്: 201

ശരാശരി: 50.25

വിക്കറ്റ്: 5

ഇക്കോണമി: 7.4

English Summary: T20 world cup: Rohit sharma , Indian cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com