ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമായി താരതമ്യം ചെയ്യാനുള്ളത്രയൊന്നും ഹാർദിക് പാണ്ഡ്യ വളർന്നിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഹാർദിക് തകർപ്പൻ അർധസെഞ്ചറി നേടിയതിനു പിന്നാലെയാണ് റാഷിദ് ലത്തീഫിന്റെ പ്രതികരണം. പാണ്ഡ്യ മികച്ച താരമാണെന്നും എന്നാൽ ഇപ്പോൾ തിളങ്ങിയിരിക്കുന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിലാണെന്നും പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

‘‘ഹാർദിക് പാണ്ഡ്യ നല്ലൊരു ക്രിക്കറ്റ് താരമാണെന്നതിൽ സംശയമൊന്നുമില്ല, പക്ഷേ ഇതു രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നൊരു പരമ്പരയാണ്. ഇത്തരം പരമ്പരകളിലാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കാണുന്നത്. ഏഷ്യാകപ്പ് അടുത്തിടെയാണ് അവസാനിച്ചത്. അതിലെ കളിയും കൂടി പരിഗണിക്കേണ്ടതുണ്ട്. ബെൻ സ്റ്റോക്സ് മികവു തെളിയിച്ച താരമാണ്. ഇംഗ്ലണ്ടിനായി ലോകകപ്പും ടെസ്റ്റ് മത്സരങ്ങളും ജയിപ്പിച്ചിട്ടുള്ള താരമാണ് സ്റ്റോക്സ്’’– പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.

‘‘ അതുകൊണ്ടു തന്നെ പ്രകടനത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു താരതമ്യത്തിനു സാധ്യതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ട്രോഫി നേടുകയെന്നതു പ്രധാനമാണ്. ഇക്കാര്യത്തിൽ ബെൻ സ്റ്റോക്സ് ഹാർദിക് പാണ്ഡ്യയേക്കാളും മുകളിലാണ്. ഹാർദിക്കിന്റെ ചില ഇന്നിങ്സുകൾ സ്റ്റോക്സിനേക്കാളും മികച്ചതായിരിക്കാം. എന്നാൽ മികച്ച ഇന്നിങ്സുകളുള്ളതും മികച്ച താരമായിരിക്കുന്നതും രണ്ടാണ്’’– റാഷിദ് ലത്തീഫ് വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യ തോറ്റെങ്കിലും ആശ്വാസമായുള്ളത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു. 30 പന്തുകൾ നേരിട്ട പാണ്ഡ്യ 71 റൺസെടുത്തു പുറത്താകാതെ നിന്നിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിൽ അവസാന മൂന്ന് പന്തുകളും സിക്സർ പറത്തി സ്കോർ 200 കടത്തിയത് പാണ്ഡ്യയായിരുന്നു.

English Summary: 'Don't think you can even compare them': Ex-Pakistan captain on Pandya vs Stokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com