ADVERTISEMENT

ചെന്നൈ ∙ ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ടീമിൽനിന്നും ട്വന്റി20 ലോകകപ്പിനുള്ള ടീമിൽനിന്നും മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്താൻ സിലക്ടർമാർക്ക് സാധിച്ചേക്കാം; പക്ഷേ ആരാധക ഹൃദയങ്ങളിൽനിന്നും യുവതാരത്തെ ‘പുറത്തിരുത്താനാകില്ലെ’ന്ന് തെളിയിക്കുകയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽനിന്നുള്ള ഈ വിഡിയോ. ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിനെ നയിച്ച സഞ്ജു, ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്കു വരുമ്പോൾ വിസിലടിച്ചും ആർപ്പുവിളിച്ചുമാണ് ആരാധകർ താരത്തെ വരവേറ്റത്. സഞ്ജുവിന് ലഭിച്ച ഊഷ്മള വരവേൽപ്പിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും സൂപ്പർഹിറ്റായി.

സഞ്ജു സാംസൺ നയിച്ച ഇന്ത്യ എ ടീം ന്യൂസീലൻഡ് എ ടീമിനെതിരായ ഒന്നാം ഏകദിനത്തിൽ‌ 7 വിക്കറ്റിന്റെ ഉജ്വല ജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻ‍ഡിനെ167 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ എ 31.5 ഓവറിൽ ലക്ഷ്യം കണ്ടു. 29 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സിക്സറിലൂടെയാണ് ടീമിന്റെ വിജയമുറപ്പാക്കിയത്. 4 വിക്കറ്റു വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറും 3 വിക്കറ്റു നേടിയ കുൽദീപ് സെന്നും ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി. രണ്ടാം ഏകദിനം ഞായറാഴ്ചയാണ്.

ഒന്നാം ഏകദിനത്തിൽ 168 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എയ്ക്കായി രജത് പട്ടീദാർ (45*), ഋതുരാജ് ഗെയ്ക്‌വാദ് (41), രാഹുൽ ത്രിപാഠി (31), സഞ്ജു സാംസൺ (32 പന്തിൽ 29) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. പൃഥ്വി ഷാ 24 പന്തിൽ 17 റൺസെടുത്തു. 20–ാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെയാണ് സഞ്ജു ബാറ്റിങ്ങിന് എത്തിയത്. ഈ സമയം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. സഞ്ജു ബാറ്റിങ്ങിനായി ക്രീസിലേക്കു വരുമ്പോഴാണ് ആരാധകർ ഒന്നടങ്കം ആവേശത്തോടെ അലറിവിളിച്ച് സ്വീകരിച്ചത്. ‘സഞ്ജൂ, സഞ്ജൂ’ വിളികളാൽ മുഖരിതമായിരുന്നു ആ നിമിഷങ്ങൾ.

സഞ്ജു ക്രീസിലെത്തിയതിനു തൊട്ടുപിന്നാലെ രാഹുൽ ത്രിപാഠിയും പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റിൽ രജത് പട്ടീദാറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് സഞ്ജു ടീമിനെ വിജയത്തിലെത്തിച്ചത്. സഞ്ജു 32 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു. പട്ടീദാർ 41 പന്തിൽ ഏഴു ഫോറുകളോടെ 45 റൺസെടുത്തു.

നേരത്തെ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ‌ സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബോളർമാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഷാർദൂലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. തുടരെ വിക്കറ്റുകൾ‌ വീണതോടെ 5ന് 27 എന്ന നിലയിലേക്ക് ന്യൂസീലൻഡ് എ തകർന്നു. 19–ാം ഓവറിൽ എട്ടിന് 74 എന്ന നിലയിലായിരുന്ന ന്യൂസീലൻഡ് സ്കോർ 167ൽ എത്തിയത് ഒൻപതാം വിക്കറ്റിൽ നേടിയ 89 റൺസിന്റെ ബലത്തിലാണ്.

English Summary: Chepauk crowd cheers and whistles for captain Sanju Samson while he walks out to bat against NZ A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com