ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് നാഗ്പുരിൽ; ബുമ്ര വരുമോ? എല്ലാം ശരിയാകുമോ?

HIGHLIGHTS
  • രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സിൽ
bumrah
ബുമ്ര പരിശീലനത്തിനിടെ. (Photo by Sajjad HUSSAIN / AFP)
SHARE

നാഗ്പുർ ∙ ‘ബുമ്ര വരും, എല്ലാം ശരിയാകും’– ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്നു നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ രക്ഷകന്റെ റോളാണ് പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. ഒന്നാം ട്വന്റി20യിലെ തോൽവിയിലൂടെ പ്രതിക്കൂട്ടിലായ ഇന്ത്യൻ പേസ് ബോളിങ്ങിനു കരുത്തു പകരാനും ഡെത്ത് ഓവർ ബോളിങ്ങിനു മൂർച്ച കൂട്ടാനും ബുമ്രയുടെ തിരിച്ചുവരവിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. എന്നാൽ പരുക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകളുണ്ട്. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.

മൊഹാലിയിലെ ഒന്നാം മത്സരത്തിലെ തോൽവി, പോരായ്മകൾ കണ്ടെത്തി തിരുത്താൻ ഇന്ത്യൻ ടീമിനെ സഹായിക്കുമെന്നാണ് മത്സരശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്. പേസർമാരുടെ മങ്ങിയ പ്രകടനവും ഫീൽഡിങ്ങിൽ കൈവിട്ട ക്യാച്ചുകളും അടക്കം ഗുരുതര പിഴവുകളിൽ നിന്ന് ടീം ഇന്ത്യ പാഠം പഠിച്ചോയെന്ന് ഇന്നറിയാം. ബാറ്റിങ്ങിൽ 208 റൺസ് നേടിയിട്ടും ബോളിങ്ങിലെ പിഴവിലൂടെ നേരിട്ട തോൽവിയുടെ നടുക്കം ഇതുവരെ ഇന്ത്യയെ വിട്ടുമാറിയിട്ടില്ല.

മത്സരത്തിൽ 12.5 റൺസ് ഇക്കോണമിയിലാണ് പേസർമാർ റൺസ് വഴങ്ങിയത്. അവസാന 3 ഓവറുകളിൽ വഴങ്ങിയത് 53 റൺസും. ഇന്ന് ബുമ്ര തിരിച്ചെത്തിയാൽ ഉമേഷ് യാദവ് പുറത്തിരിക്കേണ്ടിവരും. ആദ്യ മത്സരത്തിൽ 52 റൺസ് വഴങ്ങിയ ഭുവനേശ്വറിന് പകരം ദീപക് ചാഹറിന് അവസരം നൽകാനും സാധ്യതയുണ്ട്. ഋഷഭ് പന്തിന് പകരം ഒന്നാം ട്വന്റി20യിൽ ദിനേഷ് കാർത്തിക്കിനെ കളിപ്പിച്ചെങ്കിലും ബാറ്റിങ്ങിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് ടീമിലെ ഫിനിഷറായി ഇടംപിടിച്ച കാർത്തിക്കിന് ഈ പരമ്പരയിൽ ഇന്ത്യ കൂടുതൽ അവസരം നൽകിയേക്കും. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുശേഷം ഒരു പരമ്പരയും നഷ്ടപ്പെടുത്താതെ മുന്നേറുന്ന ടീം ഇന്ത്യയ്ക്കു ആ റെക്കോർഡ‍് കുതിപ്പ് തുടരാൻ ഇന്ന് ജയം അനിവാര്യമാണ്.

നാഗ്പുരിൽ രണ്ടാം ഇന്നിങ്സിൽ മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. തുടർച്ചയായ രണ്ടാം ജയത്തിലൂടെ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുക.

English Summary: India vs Australia, 2nd T20I - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}